കതിരൂര്‍ സ്ഫോടനം; ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റത് ടി പി വധക്കേസില്‍ പ്രതിയായിരുന്ന രമീഷിന്

കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റത് ടി പി വധക്കേസില്‍ പ്രതിയായിരുന്ന രമീഷിന്. ടിപി വധക്കേസിലെ ഇരുപത്തിനാലാം പ്രതിയായിരുന്നു അഴിയൂര്‍ സ്വദേശിയായ രമീഷ്. തെളിവില്ലെന്ന് കണ്ട് രമീഷിനെ കോടതി വെറുതെവിടുകയായിരുന്നു.
ഇയാളുടെ രണ്ട് കൈപ്പത്തികളും ഇന്നുണ്ടായ സ്ഫോടനത്തില്‍ അറ്റതായാണ് വിവരം. കതിരൂർ പൊന്ന്യത്ത് ബോംബ് നിർമ്മിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. കൊടിസുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് രമീഷ്. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. പുഴയോട് ചേര്‍ന്നുള്ള സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്തുനിന്ന് നിര്‍മിച്ചുവെച്ച 12 സ്റ്റീല്‍ ബോംബുകളും കണ്ടെടുത്തു. ഇവ പോലീസിന്റെ നേതൃത്വത്തില്‍ നിര്‍വീര്യമാക്കുന്ന നടപടികള്‍ ആരംഭിച്ചു.
സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റത് കലാപത്തിനുള്ള കോപ്പുകൂട്ടലിനിടെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികളിൽ നിന്നും ശ്രദ്ധതിരിക്കാൻ സി.പി.എം സംസ്ഥാന വ്യാപകമായി ആസൂത്രിതമായി അക്രമമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സിപിഎം ശക്തികേന്ദ്രമായ കതിരൂരിൽ വലിയ തോതിൽ ബോംബ് നിർമ്മാണം നടത്തി കണ്ണൂർ ജില്ലയെ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ് ഈ അപകടത്തിലൂടെ പുറത്തായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരിലെ ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകളുടെ ചുമരുകളിൽ പ്രത്യേക അടയാളമിട്ടിരുന്നത് ഇതിൻ്റെ ഭാഗമായിട്ടാണെന്ന് വേണം സംശയിക്കാൻ. പാർട്ടി പ്രതിസന്ധിയിലാകുമ്പോൾ എല്ലാ കാലത്തും രാഷ്ട്രീയ കലാപമുണ്ടാക്കാൻ സി.പി.എം ശ്രമിക്കാറുണ്ട്. കതിരൂരിലെ ബോംബ് നിർമ്മാണത്തെ പറ്റി സമഗ്രമായി അന്വേഷിക്കാൻ പൊലീസ് തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ വ്യാപകമായ ബോംബു ശേഖരണം നടക്കുന്നുവെന്ന് സംസ്ഥാന പൊലിസ് രഹസ്യാന്വേഷണ വിഭാഗം നേരെത്തെ തന്നെ റിപ്പോർട്ടു ചെയ്തിരുന്നു. ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്നാല്‍ പുറംലോകമറിയാതെ പൂഴ്ത്തി വയ്ക്കുന്നതും രഹസ്യകേന്ദ്രങ്ങളില്‍ ചികിത്സിക്കുന്നതും പതിവാണ്. ജില്ലയില്‍ കലാപമുണ്ടാക്കാനുളള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമായാണ് ബോംബ് നിര്‍മാണമെന്നാണു പൊലീസ് കണ്ടെത്തല്‍. രാഷ്ട്രീയ എതിരാളികളെ വകവരുത്താനായി ബോംബിനൊപ്പം പ്രത്യേകതരം ആയുധങ്ങള്‍ നിര്‍മിക്കാനും ജില്ലയില്‍ സംഘടിത പ്രവര്‍ത്തനമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ജില്ലയില്‍ മേധാവിത്വം തെളിയിക്കുന്നതിനായി പാര്‍ട്ടികള്‍ ബോംബുകളും വടിവാളും കത്തിയുമൊക്കെ ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ കേരളത്തിലെ 14 ജില്ലകളില്‍, രാഷ്ട്രീയ അസമാധാനം നിലനില്‍ക്കുന്ന ജില്ലയായി കണ്ണൂര്‍ മാറി. ഇതിനിടക്കാണ് കതിരൂരില്‍ ബോംബ് സ്ഫോടനം പുറത്തുവരുന്നത്. അതോടൊപ്പം തന്നെ ടിപി വധക്കേസ് പ്രതിയായിരുന്ന ആളും ഇതിൽ ഉൾപ്പെടുന്നു എന്നതുകൊണ്ടുതന്നെ സംഭവത്തിന്റെ ഗൗരവം വളരെ ഏറെയാണ്. ടിപി വധക്കേസ് ഇന്നും രാഷ്ട്രീയ ചർച്ചകളിൽ സജീവമാണ്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ നടന്ന ഏറ്റവും വിവാദ കൊലപാതകം മനോജ് വധമായിരുന്നു.
https://www.facebook.com/Malayalivartha
























