റെയില്‍വേ ടൈംടേബിള്‍ പരിഷ്‌കരിക്കുമ്പോള്‍ കേരളത്തിലെ 200 സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ ദക്ഷിണ റെയില്‍വേ

റെയില്‍വേ ടൈംടേബിള്‍ പരിഷ്‌കരിക്കുമ്പോള്‍ രാജ്യത്താകമാനം 500 ട്രെയിനുകളും 10,000 സ്റ്റോപ്പുകളും റെയില്‍വേ പിന്‍വലിക്കാന്‍ ഒരുങ്ങുന്നു.
കേരളത്തിലെ 200 സ്റ്റോപ്പുകള്‍ ഉള്‍പ്പെടെ ദക്ഷിണ റെയില്‍വേയിലെ 800 സ്റ്റോപ്പുകളാണ് പിന്‍വലിക്കാന്‍ സാധ്യത. രാത്രി 12-നും പുലര്‍ച്ചെ നാലിനുമിടയില്‍ വരുന്ന സ്റ്റോപ്പുകള്‍, തീരെ യാത്രക്കാരില്ലാത്ത സ്റ്റോപ്പുകള്‍, പാസഞ്ചറുകള്‍ എക്‌സ്പ്രസുകളായി മാറ്റുമ്പോള്‍ ഒഴിവാക്കേണ്ടവ എന്നിങ്ങനെ 3 വിഭാഗങ്ങളായി തിരിച്ചാണ് സ്റ്റോപ്പുകള്‍ പിന്‍വലിക്കുന്നത്.
പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസാകുമ്പോള്‍ നഷ്ടമാകുന്ന സ്റ്റോപ്പുകളാണു കേരളത്തില്‍ കൂടുതല്‍. 3 മുതല്‍ 7 വരെ സ്റ്റോപ്പുകള്‍ ഇത്തരം ട്രെയിനുകള്‍ക്കു കുറയും. പുനലൂര്‍മധുര, ഗുരുവായൂര്‍പുനലൂര്‍, കോയമ്പത്തൂര്‍മംഗളൂരു എന്നീ പാസഞ്ചറുകളാണ് എക്‌സ്പ്രസാക്കുന്നത്. ഇവയുടെ ഹാള്‍ട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ ഇല്ലാതാകും.
അസമയത്തെ സ്റ്റോപ്പുകള്‍ പിന്‍വലിക്കണമെന്ന നിര്‍ദേശം, യാത്രക്കാര്‍ കൂടുതലുളളതും ജില്ലാ ആസ്ഥാനങ്ങളിലെയും സ്റ്റോപ്പുകളുടെ കാര്യത്തില്‍ പ്രായോഗികമല്ലെന്ന ധാരണയാണിപ്പോള്‍. അമൃത, രാജ്യറാണി, മലബാര്‍, മാവേലി എന്നിവയുടെ അസമയത്തെ സ്റ്റോപ്പുകള്‍ കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടാണു ദക്ഷിണ റെയില്‍വേ സ്വീകരിച്ചതെങ്കിലും അന്തിമ തീരുമാനം ബോര്‍ഡിന്റെയാകും. വേണാട് എക്‌സ്പ്രസിന്റെ മയ്യനാട്, ഡിവൈന്‍ നഗര്‍ സ്റ്റോപ്പുകള്‍ ഒഴിവാക്കുമെന്നാണു സൂചന.
ട്രെയിനുകളുടെയും സ്റ്റോപ്പുകളുടെയും ലാഭനഷ്ടക്കണക്കുകള്‍ എല്ലാ വര്‍ഷവും പരിശോധിച്ചു നഷ്ടത്തിലുളളവ നിര്‍ത്തലാക്കണമെന്ന നിര്‍ദേശവും റെയില്‍വേക്കു മുന്നിലുണ്ട്. മുംബൈ ഐഐടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണു നടപടികള്‍. കൊല്ലം-പുനലൂര്‍, തൃശൂര്‍-ഗുരുവായൂര്‍, ഷൊര്‍ണൂര്‍-നിലമ്പൂര്‍, എറണാകുളം-കൊല്ലം സെക്ഷനുകളിലെ നഷ്ടത്തിലോടുന്ന പാസഞ്ചറുകള്‍ റദ്ദാക്കും. ചിലതു പുനഃക്രമീകരിക്കും. 10.15 കൊല്ലം-ചെങ്കോട്ട, 2.10 ചെങ്കോട്ട- കൊല്ലം, 12.20 എറണാകുളം- കോട്ടയം, 1.00 കായംകുളം- എറണാകുളം, 5.10 കായംകുളം- എറണാകുളം, രാത്രി 9.00 കൊല്ലം- എറണാകുളം എന്നിവയാണു തെക്കന്‍ കേരളത്തില്‍ റദ്ദാക്കാന്‍ സാധ്യതയുളള പാസഞ്ചറുകള്‍.
https://www.facebook.com/Malayalivartha
























