ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ടി.പി.വധക്കേസില്‍ പ്രതിചേര്‍ക്ക പ്പെട്ടിരുന്ന സിപിഎം പ്രവര്‍ത്തകനടക്കം മൂന്നു പേര്‍ക്കു പരുക്ക്

പൊന്ന്യം തെക്കേതയ്യില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്കു പരുക്ക്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ 28-ാം പ്രതിയായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ അഴിയൂര്‍ സ്വദേശി റമീഷ് (32) പരുക്കേറ്റ് ഗുരുതര നിലയില്‍ തലശ്ശേരി സഹകരണ ആശുപത്രിയിലാണ്. റമീഷിന്റെ ഇരു കൈപ്പത്തികളും സ്‌ഫോടനത്തില്‍ തകര്‍ന്ന നിലയിലാണ്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ തെളിവില്ലെന്നു കണ്ട് കോടതി വിട്ടയയ്ക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ടാര്‍പോളിന്‍ ഷീറ്റ് കെട്ടി താല്‍ക്കാലികമായി ഉണ്ടാക്കിയ ഷെഡിലാണു സ്‌ഫോടനം നടന്നത്. ആറംഗ സംഘമാണ് ബോംബ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്നും 3 പേര്‍ ഓടിപ്പോയതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. ചുണ്ടങ്ങാപ്പൊയില്‍ സ്വദേശി സജൂട്ടി(42)ക്കും മറ്റൊരാള്‍ക്കും പരുക്കേറ്റതായി പൊലീസ് പറഞ്ഞു. പരുക്കേറ്റ ഇവര്‍ എവിടെയെന്ന് പൊലീസിനു വ്യക്തതയില്ല.സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.
നാടന്‍ ബോംബുണ്ടാക്കുമ്പോഴാണു സ്‌ഫോടനം. പുതുതായി നിര്‍മിച്ച 12 സ്റ്റീല്‍ ബോംബുകള്‍ സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു. സ്‌ഫോടനം നടന്ന ഷെഡില്‍ രക്തം പടര്‍ന്നിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തി.
സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിര്‍മാണമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് എന്നിവര്‍ ആരോപിച്ചു. സംഭവത്തില്‍ സിപിഎമ്മിനു ബന്ധമില്ലെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറി എം.സി.പവിത്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























