76 അതി നിര്‍ണായകം... മയക്ക് മരുന്ന് കേസിലെ സാമ്പത്തിക വശം അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എത്തുന്നു; പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും മൂന്ന് മാസങ്ങളില്‍ സംസാരിച്ചത് 76 തവണ; അനൂപിന്റെ കാരിയര്‍മാരായി റഷ്യന്‍ ഇറാനിയന്‍ യുവതികള്‍

സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ ലഹരിപിടിപ്പിച്ച് മയക്ക് മരുന്ന് കേസ്. മയക്ക് മരുന്ന് മാഫിയയുടെ നനിഗൂഢ ബന്ധമാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിനിടെ ബിനീഷ് കോടിയേരിയെ പറ്റിയും ആരോപണം ഉയരുന്നുണ്ട്. ബിജെപിയും കോണ്‍ഗ്രസും ഇത് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. എന്നാല്‍ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ, തൂക്കിക്കൊല്ലുന്നെങ്കില്‍ കൊല്ലട്ടേ ഇടപെടില്ല എന്നാണ് കോടിയേരി ബാലകൃഷ്ണന്റെ നിലപാട്.
അതേസമയം ബിനീഷ് കോടിയേരിയെ പ്രതിരോധത്തിലാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ലഹരിക്കടത്തു കേസിലെ പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 76 തവണ സംസാരിച്ചുവെന്നാണ് കണ്ടെത്തല്‍. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ബെംഗളൂരുവില്‍ എത്തുന്നതിനു 2 ദിവസം മുന്‍പ് 8 മിനിറ്റ് നേരം ഇരുവരും സംസാരിച്ചു.
ഇതേസമയം, അനൂപിന്റെ ഫോണില്‍ സേവ് ചെയ്ത റമീസ് റമി എന്ന പേര് സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി റമീസിന്റേതാണോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നു. അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നു എന്നു ബിനീഷ് കോടിയേരി പറയുമ്പോഴും ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു എന്നതാണ് ഫോണ്‍ കോള്‍ രേഖകള്‍ വ്യക്തമാക്കുന്നത്. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വിളിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ കോളുകള്‍ ജൂണിലാണ് വിളിച്ചത് 58. ജൂലൈയില്‍ 10. ഓഗസ്റ്റില്‍ 8. ഇതിനു പുറമേ വാട്‌സാപ് വഴിയും ഇരുവരും ദീര്‍ഘനേരം സംസാരിച്ചിട്ടുണ്ട്. മാത്രമല്ല, ബിനീഷിന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരെയും അനൂപ് പലതവണ വിളിച്ചിട്ടുണ്ട്. 75 തവണ വിളിച്ച നമ്പറുകളും ഉണ്ട്. കൊച്ചിയിലെ പ്രമുഖ സംവിധായകനെ ജൂണിലും ജൂലൈയിലുമായി 22 തവണ അനൂപ് വിളിച്ചു.
ബംഗളുരുവില്‍ പിടിയിലായ മലയാളി ലഹരിമരുന്നു സംഘവും തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് പ്രതികളും തമ്മിലുള്ള ബന്ധത്തിലേക്കും അന്വേഷണം നീളുകയാണ്.
തിരുവനന്തപുരത്തുനിന്ന് എന്‍.ഐ.എയെ വെട്ടിച്ച് ബംഗളുരുവിലേക്കു കടക്കാനും അവിടെ ഹോട്ടല്‍മുറി തരപ്പെടുത്താനും സ്വപ്‌ന സുരേഷിനും സരിത്തിനും മയക്കുമരുന്നുകേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ സഹായം കിട്ടിയിരുന്നോ എന്നാണ് പരിശോധന. അനൂപിന്റെ ഉറ്റ സുഹൃത്തായ ബിനീഷിന്റെ പങ്കും അന്വേഷിക്കുമെന്നാണ് സൂചന.
സ്വര്‍ണക്കടത്തു കേസിലെ അഞ്ചാം പ്രതി കെ.ടി. റമീസിനു മയക്കുമരുന്നു കേസിലെ പ്രതികളുമായുള്ള ബന്ധത്തെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതു സ്ഥിരീകരിക്കാനായി റമീസിനെയും സ്വപ്‌നയെയും ജയിലിലെത്തി ചോദ്യംചെയ്യും. ലഹരികടത്തും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്നതിനാലാണ് ഇ.ഡി. അന്വേഷിക്കുന്നത്.
അനൂപിനും ഒപ്പം പിടിയിലായ പാലക്കാട് സ്വദേശിനിയും കന്നട നടിയുമായ അനിഖയ്ക്കും റമീസുമായി ബന്ധമുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇ.ഡി. ബംഗളുരു പോലീസിനോടും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോടും ചോദിച്ചിട്ടുണ്ട്. സ്വപ്‌നയുടെ മൊഴിയില്‍ പറയുന്ന ചില വ്യക്തികളുമായി മയക്കുമരുന്ന് സംഘം ബന്ധപ്പെട്ടിരുന്നോ എന്നാണു പ്രധാനമായും പരിശോധിക്കുന്നത്. അനൂപിനു കൊച്ചിയിലും ബംഗളുരുവിലുമുള്ള ബന്ധങ്ങളും അന്വേഷിക്കുന്നു. വ്യക്തമായ സൂചനകള്‍ ലഭിച്ചാല്‍ അനൂപിനെയും ബിനീഷിനെയും ചോദ്യംചെയ്യും.
കാരിയര്‍മാരായി ഉപയോഗിക്കാനായും മോഡലിങിനും ഇവന്റ് മാനേജ്‌മെന്റിനുമായും റഷ്യന്‍, ഇറാനിയന്‍ യുവതികളെ എത്തിക്കുന്ന ഇടപാടും അനൂപിനും സംഘത്തിനും ഉള്ളതായി സൂചനയുണ്ട്. നേരത്തെ ബംഗളുരുവിലെ ഹോട്ടലില്‍ നിന്നു മയക്കുമരുന്നുമായി പിടിയിലായ റഷ്യന്‍ യുവതിയുടെ ലാപ്‌ടോപ്പില്‍നിന്ന് പ്രതികളോടൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതിലും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം നടി രാഗിണി അറസ്റ്റിലായത് മലയാള താരങ്ങളേയും അമ്പരപ്പിലാക്കുന്നുണ്ട്. അന്വേഷണം എങ്ങോട്ട് നീങ്ങുമെന്ന് ഒരു പിടിയുമില്ല.
"
https://www.facebook.com/Malayalivartha
























