വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു... നേരത്തേ രേഖപ്പെടുത്താതിരുന്ന ഏഴ് മുറിവുകള്‍ കൂടി കണ്ടെത്തി

വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച മത്തായി (41പൊന്നു) യുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സിബിഐ അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റ്‌മോര്‍ട്ടത്തിനു മുന്നോടിയായി നടന്ന ഇന്‍ക്വസ്റ്റില്‍, നേരത്തേ രേഖപ്പെടുത്താതിരുന്ന ഏഴ് മുറിവുകള്‍ കൂടി കണ്ടെത്തി.കാല്‍മുട്ടിലെ ഒടിവും ചതവും ഉള്‍പ്പെടെയുള്ളതാണ് മുറിവുകള്‍. ഇടത് കൈമുട്ടിനുതാഴെ പൊട്ടലുണ്ട്.
തലയിലും മുറിവുകളുണ്ട്. തലയ്ക്കും കൈകാലുകള്‍ക്കും ഉണ്ടായ ക്ഷതങ്ങള്‍ ആദ്യത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതു കൂടാതെയുള്ള ഏഴ് മുറിവുകളാണ് ഇന്നലത്തെ ഇന്‍ക്വസ്റ്റില്‍ പ്രധാനമായും കണ്ടെത്തിയത്. റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെയാണ് പുറത്തെടുത്തത്.
ബന്ധുക്കളില്‍നിന്ന് സിബിഐ സംഘം മൃതദേഹം ഏറ്റുവാങ്ങി, പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചാണ് ഇന്‍ക്വസ്റ്റ് തയാറാക്കിയത്. 10.45ന് ജനറല്‍ ആശുപത്രിയില്‍ പത്തനംതിട്ട എഡിഎം അലക്‌സ് പി.തോമസിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് ആരംഭിച്ചു. രണ്ടുമണിക്കൂറിലധികം ഇന്‍ക്വസ്റ്റ് നീണ്ടുനിന്നു. ഉച്ചയ്ക്ക് 1.30ന് ഡോ. പി.ബി. ഗുജറാള്‍, ഡോ. ഉന്‍മേഷ് , ഡോ. പ്രസന്നന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുത്തു. ജൂലൈ 28നാണ് വനപാലകരുടെ കസ്റ്റഡിയില്‍ പി.പി. മത്തായി മരിച്ചത്. വനാതിര്‍ത്തിയിലെ കാമറ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ടാണ് മത്തായിയെ വനപാലകസംഘം വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോയത്. പിന്നീടാണ് കുടുംബവീടിനോടു ചേര്‍ന്ന കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























