ഉതൃട്ടാതി ജലമേളയ്ക്കു സമാപനം: ളാക-ഇടയാറന്മുള പള്ളിയോടം പ്രതിഷ്ഠാദിന ആചാരാഘോഷം പങ്കിട്ടു മടങ്ങി

ആളും ആരവവുമില്ലാതെ ളാക-ഇടയാറന്മുള പള്ളിയോടം പാര്‍ഥസാരഥി ക്ഷേത്രക്കടവില്‍ എത്തി പ്രതിഷ്ഠാദിന ആചാരാഘോഷം പങ്കിട്ടു മടങ്ങിയതോടെ ഇക്കൊല്ലത്തെ ഉതൃട്ടാതി ജലമേളയ്ക്ക് സമാപനമായി.
പള്ളിയോടത്തിന്റെ വരവും പോക്കും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം അംഗീകരിച്ചായിരുന്നു. കരക്കാരുടെ ഹൃദയവേദനയിലും ആശ്വാസത്തിന്റെ തുഴയെറിഞ്ഞ് പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയ പള്ളിയോടത്തിന് ആചാരപരമായ സ്വീകരണം നല്‍കി.
കടവിലെത്തിയ പള്ളിയോടത്തിന്റെ കരനാഥന്മാര്‍ തിരുവോണത്തോണിയെ സാക്ഷിയാക്കി വെറ്റ-പുകയിലയും അവില്‍പ്പൊതിയും മാലയും കളഭവും ഏറ്റുവാങ്ങി. പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി, സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ സഞ്ജീവ് കുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ് ജി. വെണ്‍പാല എന്നിവരാണ് വെറ്റ-പുകയിലയും അവില്‍പ്പൊതിയും മാലയും കളഭവും സമര്‍പ്പിച്ചത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, ദേവസ്വം ബോര്‍ഡംഗങ്ങളായ എന്‍. വിജയകുമാര്‍, കെ.ജി. രവി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ബി. രാധാകൃഷ്ണമേനോന്‍, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. അജിത് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.ബി. ഹരിദാസ്, കോയിപ്രം ബ്ലോക്ക് പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കടവിന് സമീപം സ്വീകരണത്തിനു ശേഷം ളാക-ഇടയാറന്മുള പള്ളിയോടം ചവിട്ടിത്തിരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രകടനം കാഴ്ചവച്ചു. നിയന്ത്രണങ്ങള്‍ പാലിച്ച് പള്ളിയോടത്തിനു പഴക്കുലയും അവില്‍പ്പൊതിയും സമര്‍പ്പിക്കാന്‍ ഏതാനും ഭക്തരും എത്തിയിരുന്നു.
https://www.facebook.com/Malayalivartha
























