സ്വപ്നയ്ക്കും കാലിടറി... സ്വര്‍ണക്കടത്തിലെ മയക്കുമരുന്ന് ബന്ധം കണ്ടുപിടിക്കാനുറച്ച് ദേശീയ അന്വേഷണ ഏജന്‍സികള്‍; സ്വപ്ന പിടിയിലായ ദിവസം അനൂപും റമീസും തമ്മില്‍ ഫോണ്‍ വിളിച്ചത് 23 തവണ; നിര്‍ണായക തെളിവുകള്‍ ലഭ്യമായതോടെ സ്വപ്നയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു

സ്വര്‍ണവും മയക്ക് മരുന്നും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ടെന്ന് ദേശീയ അന്വേഷണ സംഘത്തിന് ബോധ്യമായി. എന്തിനാണ് സ്വപ്ന സുരേഷ് ബംഗലൂരുവില്‍ തന്നെ ഒളിവില്‍ പോയെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം അന്വേഷിച്ചിരുന്നു. അന്നേ സ്വര്‍ണക്കടത്ത് സംഘം സ്വപ്നയെ സഹായിച്ചിരുന്നതായി പുറത്ത് വന്നിരുന്നു. എന്നാല്‍ മയക്ക് മരുന്ന് മാഫിയയ്ക്ക് കേസില്‍ ബന്ധമുണ്ടെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ബംഗളുരുവില്‍ അനൂപ് മുഹമ്മദും സംഘവും പിടിയിലായതോടെയാണ് എല്ലാം പുറത്തായത്.
ബംഗളുരു മയക്കുമരുന്നു കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായി സ്വര്‍ണക്കടത്ത് കേസിലെ റമീസിന് അടുപ്പമുണ്ടെന്ന് വ്യക്തമായി. സ്വപ്‌ന ബംഗളുരുവില്‍ പിടിയിലായ ദിവസം ഇവര്‍ തമ്മില്‍ 23 തവണ ഫോണില്‍ സംസാരിച്ചിരുന്നു. സ്വര്‍ണക്കടത്ത്, മയക്കുമരുന്നു സംഘങ്ങളുടെ പരസ്പര ബന്ധത്തിലേക്കാണു തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടിലും കള്ളപ്പണമാണ് ഉപയോഗിക്കുന്നത്.
സ്വര്‍ണത്തിന്റെ വിലയ്ക്കു പകരമായി മയക്കുമരുന്ന് നല്‍കുന്ന ഇടപാടും നടക്കുന്നുണ്ട്. ബംഗളുരുവിലെത്തുന്ന മയക്കുമരുന്നിന്റെ നല്ലൊരു ഭാഗം കേരളത്തിലെ റേവ് പാര്‍ട്ടികളിലേക്കാണു വരുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം കൂടുതല്‍ അന്വേഷിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെയും എന്‍.ഐ.എയുടെയും തീരുമാനം. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നു കൊണ്ടുവരുന്ന ലഹരി വസ്തുക്കള്‍ പശ്ചിമേഷ്യയിലെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കു കൈമാറുന്നുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്.
അതേസമയം കരിപ്പുര്‍ വിമാനത്താവളത്തില്‍ എയര്‍ഹോസ്റ്റസിനെ ഉപയോഗിച്ചു സ്വര്‍ണം കടത്തിയ കേസിലെ പ്രതികളില്‍ ചിലര്‍ തിരുവനന്തപുരം സ്വര്‍ണക്കടത്തിലും പണം മുടക്കിയെന്ന് നിഗമനമുണ്ട്. ദുബായിലെത്തിയ എന്‍.ഐ.എ. സംഘം ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചു.
പിടികൂടാനായി ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ അഞ്ചാം പ്രതി കെ.ടി. റമീസ് വഴിയാണു കരിപ്പൂര്‍ കേസിലെ പ്രതികളുമായുള്ള ബന്ധം. സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ എയര്‍ ഹോസ്റ്റസ് ഹിറോമാസ സെബാസ്റ്റിയന്റെ മൊഴിയില്‍ രണ്ടു ഫൈസല്‍മാരെപ്പറ്റി പറയുന്നുണ്ട്. അതിലൊരാള്‍ രാഷ്ട്രീയക്കാരനും രണ്ടാമന്‍ ഫൈസല്‍ ഫരീദുമാണെന്ന് എന്‍.ഐ.എ. കരുതുന്നു.
അതേസമയം മയക്കുമരുന്ന് കേസില്‍ ഫോണ്‍ വിളികളുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കേസിലെ പ്രതി അനൂപ് റഹ്മാനും ബിനീഷ് കോടിയേരിയും നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്നും മൂന്ന് മാസത്തിനിടെ ഇവര്‍ തമ്മില്‍ 76 തവണ ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നുവെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ജൂണില്‍ മാത്രം ഇരുവരും തമ്മില്‍ 58 തവണ വിളിച്ചുവെന്നും കോള്‍ ലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്. അതേസമയം ഓഗസ്റ്റ് മാസം 12 തവണ ബിനീഷും അനൂപും തമ്മില്‍ സംസാരിച്ചു. ഇവര്‍ ഇരുവരും എട്ട് മിനിറ്റ് നേരത്തോളം പരസ്പരം സംസാരിച്ചിരുന്നതായും കോള്‍ ലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്.
അനൂപിന്റെ കോള്‍ ലിസ്റ്റില്‍ 'ഉണ്ട' സിനിമയുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്റെ ഫോണ്‍ നമ്പറും കണ്ടെത്തിയെന്നുള്ളതും മറ്റൊരു സുപ്രധാന വിവരമാണ്. അനൂപ് സംവിധായകനെ അങ്ങോട്ട് വിളിച്ചതായാണ് ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കാണുന്നത്. അതിനിടെ മയക്ക് മരുന്നിന് സിനിമാ ലോകവുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം.
"
https://www.facebook.com/Malayalivartha
























