അമ്പമ്പോ എന്തൊരു ട്വിസ്റ്റ്... സ്വര്‍ണക്കടത്തിലേയും മയക്ക് മരുന്ന് കേസിലേയും പ്രതികള്‍ തമ്മില്‍ അസാധാരാണ സാദൃശ്യം; അറസ്റ്റിലാകുമ്പോള്‍ സ്വപ്ന സുരേഷും മയക്ക് മരുന്ന് കേസിലെ പ്രതിയും സീരിയല്‍ നടിയുമായ അനിഖയും ധരിച്ചത് ഒരേ കുപ്പായങ്ങള്‍; മോളിയെന്ന വിളിപ്പേരില്‍ എംഡിഎംഎ രാസലഹരി ആഷോഷിച്ചു; ശിവശങ്കറിനേയും വീഴ്ത്തിയത് ഈ മയക്ക് മരുന്ന് കൊണ്ടാണോയെന്ന് സംശയം

ദേശീയ അന്വേഷണ ഏജന്‍സികള്‍ പിടി മുറുക്കിയപ്പോള്‍ സ്വര്‍ണക്കടത്തിലെ മയക്ക് മരുന്ന് ബന്ധം മറനീക്കി പുറത്താകുകയാണ്. രണ്ട് കേസുകളിലേയും പ്രതികളുടെ അസാധാരണ സാദൃശ്യമാണ് ഏവരേയും അമ്പരപ്പിക്കുന്നത്. ബംഗളൂരുവില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസിന്റെ നമ്പര്‍ 'മോളി'യെന്ന പേരിലാണ് കണ്ടെത്തിയത്. അതായത് പ്രതികള്‍ വില്‍പന നടത്തുന്ന എംഡിഎംഎ രാസലഹരി മോളിയെന്ന പേരിലാണ് അറിയപ്പെടുന്നത്. അതുകൊണ്ട് സ്വര്‍ണ കടത്ത് സംഘത്തിന് മയക്കുമരുന്നുമായി ബന്ധമുണ്ടെന്ന സൂചനകളാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കിട്ടുന്നത്.
നയതന്ത്രപാഴ്‌സല്‍ വഴി സ്വര്‍ണംകടത്താന്‍ അവസരം ഒരുങ്ങിയതോടെ ദുബായില്‍ നിന്നും സ്വര്‍ണം വാങ്ങാനുള്ള പണത്തിനു വേണ്ടി റമീസ് ബെംഗളൂരുവിലെ ലഹരി റാക്കറ്റിന്റെ സഹായം തേടിയിരുന്നു. സ്വര്‍ണക്കടത്തു വിവരം ചോര്‍ന്നതിനു പിന്നില്‍ ബംഗളൂരുവിലെ ലഹരി റാക്കറ്റാണെന്നു പ്രതികളില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുമുണ്ട്. സ്വര്‍ണക്കടത്തില്‍ പി.എസ്.സരിത്, സ്വപ്ന, സന്ദീപ് നായര്‍ എന്നിവര്‍ പിടിക്കപ്പെട്ടതോടെ റമീസ് തന്റെ ഒരു മൊബൈല്‍ ഫോണ്‍ തീയിട്ടു നശിപ്പിച്ചിരുന്നു. മറ്റ് 2 ഫോണുകള്‍ കസ്റ്റംസിനു കൈമാറി. ഒരു ഫോണ്‍ മാത്രം നശിപ്പിച്ചത് എന്തിനാണെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യത്തിനു റമീസ് വ്യക്തമായി മറുപടി നല്‍കിയിരുന്നില്ല. റമീസിനെ വീണ്ടും ചോദ്യം ചെയ്യും. ഇതിലൂടെ മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധം കണ്ടെത്താനാകും ശ്രമിക്കുക.
സരിത്തിനും സ്വപ്നയ്ക്കും റമീസ് ലഹരി കൈമാറിയിരുന്നെന്നും സംശയിക്കുന്നുണ്ട്. ഇവര്‍ ഒരുക്കിയ പാര്‍ട്ടികളില്‍ ലഹരിമരുന്നു കലര്‍ത്തിയ മദ്യം വിളമ്പിയെന്നു മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അന്വേഷണസംഘത്തോട് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതും അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവില്‍ ജൂലൈ 10 ന് അറസ്റ്റിലായ സ്വപ്ന സുരേഷും ഓഗസ്റ്റ് 21 അറസ്റ്റിലായ ലഹരിക്കേസ് പ്രതിയും സീരിയല്‍ നടിയുമായ ഡി. അനിഖയും അറസ്റ്റിലായപ്പോള്‍ ഒരേ കമ്പനിയുടെ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചിരുന്നത് യാദൃച്ഛികമാണോയെന്നു കണ്ടെത്താനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ വസ്ത്രവ്യാപാരം നടത്തിയിരുന്നതായുള്ള മൊഴികളും കറുത്ത വസ്ത്രങ്ങള്‍ എവിടെ നിന്നെന്നു തേടാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്തു കേസിലെ പ്രതി റമീസ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സനിയ സന്ദര്‍ശിച്ചതു ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ കന്നഡ സീരിയല്‍ നടി ഡി. അനിഖയുടെ ഭര്‍ത്താവിനൊപ്പമാണെന്ന സൂചനയുമുണ്ട്. നൈജീരിയന്‍ സ്വദേശിയാണ് അനിഖയുടെ ഭര്‍ത്താവ്. ബംഗളൂരു ലഹരി റാക്കറ്റും സ്വര്‍ണക്കടത്തു കേസിലെ പ്രതികളും തമ്മിലുള്ള ബന്ധം കണ്ടെത്താനുള്ള അന്വേഷണത്തിലെ നിര്‍ണായക സൂചനയാണിത്. മര ഉരുപ്പടികളുടെ ഇറക്കുമതിക്കു വേണ്ടിയാണു ടാന്‍സനിയ സന്ദര്‍ശിച്ചതെന്നാണു റമീസിന്റെ മൊഴി. എന്നാല്‍ സ്വര്‍ണ കടത്താണ് ലക്ഷ്യമെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
ആഫ്രിക്കയില്‍നിന്നും കടത്തിയ സ്വര്‍ണമാണു ദുബായ് വഴി കൊണ്ടുവന്നതെന്നാണു നിഗമനം. വിശദാംശങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് അന്വേഷിച്ചുവരികയാണ്. ബംഗളുരു കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടലില്‍ നിന്നാണു കഴിഞ്ഞമാസം ആദ്യവാരം 145 എഡിഎം ലഹരിഗുളികകള്‍ പിടിച്ചെടുത്തത്. തുടര്‍ന്നു നടത്തിയ റെയ്ഡില്‍ നടിയുടെ വീട്ടില്‍ നിന്നു വന്‍ ലഹരിമരുന്നു ശേഖരം പിടികൂടിയിരുന്നു. നടിക്കൊപ്പം ലഹരിക്കടത്തില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് കെ.ടി. റമീസുമായി അടുത്തബന്ധമാണ്. റമീസിനെ ആഫ്രിക്കന്‍ സ്വര്‍ണക്കടത്തു സംഘവുമായി പരിചയപ്പെടുത്തിയത് അനൂപാണെന്നു സംശയിക്കുന്നു. സ്വര്‍ണവും മയക്കുമരുന്നും തമ്മിലുള്ള അസാധാരണ ബന്ധത്തെ പൊളിച്ചടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
https://www.facebook.com/Malayalivartha
























