വല്ലാത്തൊരു കളി... രണ്ട് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് 3 മാസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 6 മാസത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്; എന്ത് കൊണ്ടും ഇനിയുള്ള മാസങ്ങള്‍ അതി നിര്‍ണായകം; കണക്കുകള്‍ കൂട്ടി രാഷ്ട്രീയ പാര്‍ട്ടിക്കാര്‍

രണ്ട് മാസത്തിനുളളില്‍ ഉപതെരഞ്ഞെടുപ്പെത്തുമെന്ന സൂചനകള്‍ വന്നതോടെ സിപി എമ്മില്‍ ചങ്കിടി. മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്തിലും പാര്‍ട്ടി സെക്രട്ടറി മയക്കുമരുന്ന് മാഫിയയിലും കുരുങ്ങി നില്‍ക്കുമ്പോള്‍ ഇടതുമുന്നണി തോല്‍ക്കുകയാണെങ്കില്‍ അത് സര്‍ക്കാരിനും പാര്‍ട്ടിക്കും വാട്ടര്‍ലൂ ആകുമെന്ന കാര്യത്തില്‍ സംശയമേയില്ല. രണ്ട് സീറ്റുകളും തോറ്റാല്‍ മുഖ്യമന്ത്രി മാറണമെന്ന് വരെ മുറവിളി ഉയരും. ആരോഗ്യമന്ത്രി കെ.കെ. ഷൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ചില വിപ്ലവ സി പി എം നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ജനപ്രീതിയുള്ള ആളാവണം അടുത്ത തെരഞ്ഞടുപ്പിനെ നയിക്കേണ്ടതെന്ന ആവശ്യവും ശക്തമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ കാര്യത്തിലും ഇതേ അഭിപ്രായം തന്നെയാണുള്ളത്. ഇതിനെല്ലാമുള്ള ഒറ്റമൂലിയായി സി പി എമ്മിന്റെ കൈയിലുള്ളത് ജോസ് കെ. മാണി എന്ന ഒറ്റമൂലി മാത്രമാണ്.
ജോസ് കെ മാണിക്കായി വാതില്‍ തുറന്നിട്ട് കാത്തിരിക്കുന്ന സിപിഎം ഉപ തെരഞ്ഞടുപ്പുകള്‍ക്ക് മുമ്പ് തന്നെ ജോസ് കെ. മാണിയെ മുന്നണിയിലെത്തിക്കാനായിരിക്കും ശ്രമിക്കുക. കുട്ടനാട് സീറ്റ് വേണ്ടി വന്നാല്‍ ജേസ് കെ മാണിക്ക് വിട്ടുകൊടുക്കും. കോണ്‍ഗ്രസും ഇതേ നിലപാടില്‍ തന്നെയാണ്. എങ്ങനെയെങ്കിലും ജോസ് കെ മാണിയെ തിരികെയെത്തിക്കാന്‍ അവര്‍ പഠിച്ച പണി പതിനെട്ടും പയറ്റും
സിപിഎം മാത്രമല്ല വലത് എന്‍ ഡി എ മുന്നണികളും തലവേദനയിലാണ്. ജോസ് കെ. മാണി ജോസഫ് പടലപ്പിണക്കം യുഡിഎഫിന് ആശങ്കയുയര്‍ത്തുമ്പോള്‍ ബിഡിജെഎസിലെ വിളളലാണ് എന്‍ഡിഎയുടെ പ്രതിസന്ധി. എല്ലാം സജ്ജമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഉപതെരഞ്ഞടുപ്പ് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുകയാണ്. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിവാദത്തിന് നടുവില്‍ നില്‍ക്കുന്ന സര്‍ക്കാരിന് ആരോപണങ്ങള്‍ ജനവിധിയെ എത്രത്തോളം ബാധിക്കുമെന്നറിയാനുളള പരീക്ഷയാണിത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ഏറ്റവും വലിയ കടമ്പ. ഇടതു മുന്നണിയെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കേന്ദ്രീകൃത സ്വഭാവത്തിലുള്ളതാകുമ്പോള്‍ തീര്‍ച്ചയായും തര്‍ക്കങ്ങള്‍ കുറഞ്ഞിരിക്കും.
യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരള കോണ്‍ഗ്രസ് അങ്കത്തിന്റെ അടുത്തവേദിയാകും കുട്ടനാടെന്ന് തീര്‍ച്ച. ജോസഫിനെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്താലും അത്ഭുതപ്പെടേണ്ടതില്ല. അതേസമയം ജോസ് മുന്നണിയില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ യു ഡി എഫ് ചെയര്‍മാന് പോലും യാതൊരു ഉറപ്പുമില്ല. കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ഏത് വിഭാഗം മത്സരിച്ചാലും മറുവിഭാഗം കാലുവാരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ചവറയില്‍ യുഡിഎഫിനായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ തന്നെ വീണ്ടുമിറങ്ങും. സിപിഎം ഏറ്റെടുത്ത ചവറ സീറ്റില്‍ പുതുമുഖങ്ങളെ നിര്‍ത്തിയുളള പരീക്ഷണത്തിനാണ് സാധ്യത.
കുട്ടനാട് സീറ്റില്‍ തോമസ്ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിന്റെ പേരിനാണ് ആദ്യ പരിഗണന. കുട്ടനാട്ടില്‍ തുഷാര്‍ വെളളാപ്പളളിസുഭാഷ് വാസു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് മത്സരിക്കാനുളള സാധ്യതയാണ് എന്‍ഡിഎയുടെ പ്രതിസന്ധി. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രകടനമാകും പ്രധാനമായും മാറ്റുരച്ച് നോക്കുക. വിവാദങ്ങളെ അതിജീവിച്ച് സീറ്റുകള്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫിനായാല്‍ തുടര്‍ഭരണമെന്ന സ്വപ്നത്തിന് അത് നല്‍കുന്ന ഊര്‍ജ്ജം വലുതായിരിക്കും.
കുട്ടനാടിന് വേണ്ടിയുളള മത്സരം കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഭാവിരാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറക്കുമോ എന്നും രാഷ്ട്രീയകേരളം ഉറ്റുനോക്കുകയാണ്. എന്നാല്‍ കുട്ടനാട്, ചവറ സീറ്റുകളില്‍ തോറ്റാല്‍ ഇടത് മുന്നണിയുടെ സാധ്യത മങ്ങും.
അതിനിടെ പ്രതിസന്ധികള്‍ തുടരുന്‌പോഴും കോവിഡ് കാലത്ത് എത്തുന്ന ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്പിക്കാനുളള ശ്രമങ്ങളും മുന്നണികള്‍ ഒരുവശത്ത് നടത്തുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇത് സാധ്യമാകുമോ എ ന്ന് കണ്ടറിയണം. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളില്‍ ഇടപെടാന്‍ കോടതികള്‍ക്ക് പരിമിതിയുണ്ടാവും.
എന്നാലും ഇത്രയും വലിയൊരു പ്രതിസന്ധിക്കിടയില്‍ ഇങ്ങനെയൊരു ചതി വേണ്ടായിരുന്നു എന്നു തന്നെയാണ് സി പി എം ആലോചിക്കുന്നത് .എല്ലാ ഉപതെരഞ്ഞടുപുകളിലും ജയിച്ച മുന്നണിക്ക് തോല്‍വി എന്നത് ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യമല്ല. യു ഡി എഫില്‍ തോറ്റാലും വലിയ പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപതെരഞ്ഞടുപ്പ് എന്ന ന്യായം അവര്‍ക്ക് ചൂണ്ടിക്കാണിക്കാനുണ്ടാവും. എന്‍ ഡി എയെ സംബന്ധിച്ചടത്തോളം തെരഞ്ഞടുപ്പ് യാതൊരു പ്രതിസന്ധിയും സൃഷ്ടിക്കുന്നില്ല. കാരണം അവരിപ്പോള്‍ യാതൊരു അത്ഭുതവും പ്രതീക്ഷിക്കുന്നില്ല.
അതേ സമയം അഞ്ച് മാസത്തേക്ക് ഒരു എം എല്‍ എ എന്തിന് എന്ന ചോദ്യവും ഉയരുന്നുണ്ട്. ലക്ഷങ്ങള്‍ ചെലവിട്ട് നടത്തുന്ന തെരഞ്ഞടുപ്പില്‍ ജയിക്കുന്നയാളിന് ഒരു ദീര്‍ഘ നിശ്വാസം എടുക്കാനെങ്കിലും സമയം വേണ്ടേ?
https://www.facebook.com/Malayalivartha
























