വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പിപി മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പിപി മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മരിച്ച് നാല്‍പതാം ദിവസമാണ് മൃതദേഹം സംസ്‌കരിക്കുന്നത്. കുടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍.റീപോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ചിറ്റാറിലെ വീട്ടിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുടപ്പനയിലെ കുടുംബവീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും.
കഴിഞ്ഞ ദിവസം സിബിഐ സംഘവും റീപോസ്റ്റ് മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍മാരും മൃതദേഹം കണ്ടെത്തിയ കിണറ്റിലും സമീപപ്രദേശത്തും പരിശോധന നടത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു. സംഘം മത്തായിയുടെ മൃതദേഹത്തില്‍ കൂടുതല്‍ പരുക്കുകള്‍ കണ്ടെത്തിയിരുന്നു. സിബിഐ നടത്തിയ ഇന്‍ക്വസ്റ്റിലാണ് പൊലീസ് ഇന്‍ക്വസ്റ്റില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഏഴില്‍ അധികം പരുക്കുകള്‍ കണ്ടെത്തിയത്.
ഇതോടെ മത്തായിയുടെ രണ്ടാം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് വിവരം. മത്തായിയുടെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടും വരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നിലപാടെടുത്ത ഷീബക്ക് പിന്നില്‍ ആ കുടുംബവും നാട്ടുകാരും അണിചേര്‍ന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷീബ നല്‍കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചതോടെ കുടുംബത്തിന്റെ പ്രതീക്ഷകള്‍ കൂടി.
https://www.facebook.com/Malayalivartha
























