ഇപ്പോഴത്തെ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്തു നിന്ന് അന്വേഷണം േവണോ എന്ന് പരിശോധിക്കും; ബിനീഷിനെതിരായ ആരോപണം കേരള പൊലീസ് അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു ലഹരിമരുന്നു കേസിൽ നിലവിലെ സ്ഥിതിയില്‍ കേരള പൊലീസ് അന്വേഷിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സർക്കാർ അന്വേഷിക്കില്ലന്നാണ് സർക്കാർ നിലപാട്. ഇപ്പോഴത്തെ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്തു നിന്ന് അന്വേഷണം േവണോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മാനസികമായി തകര്‍ക്കനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇതുകൊണ്ടൊന്നും തകര്‍ക്കാനാവില്ല. ഇതും ഇതിനേക്കാള്‍ വലിയ കഥകള്‍ വന്നാല്‍ അതും നേരിടാന്‍ തയ്യാറായിട്ടാണ് കമ്മ്യൂണിസ്റ്റുകാരനായി ഇരിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവാകുമ്പോള്‍ പലതരത്തിലുളള ആക്രമണങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് വിചാരണയും പരിശോധനയും ഒരുവഴിക്ക് നടക്കട്ടേ, അന്വേഷണ ഏജന്‍സി കാര്യങ്ങള്‍ സ്വതന്ത്രമായി അന്വേഷിച്ച് കണ്ടെത്തട്ടെ. ബിനീഷ് വല്ല കുറ്റവും ചെയ്‌തെങ്കില്‍ അവനെ ശിക്ഷിക്കട്ടെ, തൂക്കിക്കൊല്ലണ്ടതാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ. ആരും സംരക്ഷിക്കാന്‍ പോകുന്നില്ല എന്നുമായിരുന്നു വിഷയത്തിൽ കോടിയേരിയുടെ പ്രതികരണം.
ബിനീഷ് കോടിയേരിയുടെ മണി എക്സ്ചേഞ്ച് കമ്പനിയെപ്പറ്റി അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് ആവശ്യപ്പെട്ടിരുന്നു. ഇതേപ്പറ്റി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും , ലഹരിമരുന്ന് ഇടപാടിലെ പണം മാറ്റിയെടുക്കാനാണ് കമ്പനിയെന്ന് സംശയമുണ്ടെന്നും ഫിറോസ് ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ ബിജെപി സഹായമുള്ളതിനാലാണ് കേരളത്തില്‍ കേസ് അന്വേഷിക്കാത്തതെന്നും ഫിറോസ് ആരോപിച്ചു.
ബംഗളൂരുവില്‍ 2015ല്‍ ആരംഭിച്ച കമ്പനിയുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മയക്കുമരുന്ന് കേസിലെ പ്രതികള്‍ ഇടപാടുകള്‍ നടത്തിയിരുന്നത് ഗോവയിലാണെന്ന് മൊഴിനല്‍കിയിരുന്നു. ഗോവയില്‍ വിദേശികളുമായാണ് അവര്‍ ഇടപാടുകള്‍ നടത്തുന്നതെന്നും അവര്‍ മയക്കുമരുന്ന് വാങ്ങുന്നത് അവരുടെ കറന്‍സിയിലാണെന്നും ഫിറോസ് പറഞ്ഞു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിദേശ കറന്‍സി ഇടപാടുകള്‍ നടത്താനാണോ ബിനീഷ് കൊടിയേരി മണി എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിച്ചതെന്ന് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ ഒക്കച്ചങ്ങായി ആരാണെന്ന് ഇപ്പോള്‍ വ്യക്തമായെന്നും ഫിറോസ് പറഞ്ഞു. 2015 ല്‍ ബിജെപി അധികാരത്തിലിരിക്കുമ്പോളാണ് ബിനീഷിന് ലൈസൻസ് ലഭിച്ചത്. ഒരു മണി എക്‌ചേഞ്ച് കമ്പനി ആരംഭിക്കാന്‍ ലൈസന്‍സ് എളുപ്പത്തില്‍ ലഭിക്കില്ല. ഒരു സിപിഎം നേതാവിന്റെ മകന് എങ്ങനെയാണ് ഇത്തരത്തില്‍ ലൈസന്‍സ് ലഭിച്ചതെന്ന് അന്വേഷിക്കണം. കമ്പനിയില്‍ എന്തായിരുന്നു ഇടപാടെന്നും ഏതെല്ലാം വിദേശ കറന്‍സികളിലാണ് ഇടപാട് നടന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
2018 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച യുഎഫ്എക്‌സ് സൊലൂഷന്‍സ് എന്ന കമ്പനിയുടെ മൂന്ന് ഡയറക്ടര്‍മാരിലൊരാള്‍ ബിനീഷ് കൊടിയേരിയുടെ ബിനാമിയാണെന്നും ഫിറോസ് ആരോപിച്ചു. സ്വപ്‌ന സുരേഷ് ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്ന കമ്പനിയാണ് യുഎഫ്എക്‌സ് സൊലൂഷന്‍സെന്നും ബിനീഷ് കൊടിയേരിക്ക് ഇവരുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
യുഎഫ്എക്‌സ് സൊലൂഷന്‍സും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി നിന്നത് ബിനീഷ് കൊടിയേരിയാണോ എന്നും പി.കെ.ഫിറോസ് ചോദിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും പി.കെ.ഫിറോസ് വ്യക്തമാക്കി. .
ഇതിനിടെ ബിനീഷ് കോടിയേരി ഡയറക്ടറായി ബെംഗളൂരുവില്‍ തുടങ്ങിയ രണ്ടു കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ കോശി ജേക്കബ് പരാതി നൽകി. കേന്ദ്ര ധനകാര്യ സെക്രട്ടറിക്കും കോര്‍പ്പറേറ്റ്കാര്യ സെക്രട്ടറിക്കും ആണ് പരാതി നല്‍കിയത്. ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫൊറെക്സ് ട്രേഡിങ് എന്നീ രണ്ടു കമ്പനികളാണ് ബെംഗളൂരു ആസ്ഥാനമായി റജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കമ്പനികളുടെ അംഗീകാരം റദ്ദാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























