മൗലികാവകാശ സംരക്ഷണത്തിനുള്ള നിയമയുദ്ധത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി സ്വാമി സമാധിയായി

മൗലികാവകാശ സംരക്ഷണത്തിനുള്ള നിയമയുദ്ധത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി സ്വാമി (79)സമാധിയായി. ശ്വാസതടസ്സംമൂലം ഏതാനുംദിവസമായി പ്രയാസത്തിലായിരുന്നു. ഇന്നു പുലര്‍ച്ചയോടെ മഠത്തില്‍ത്തന്നെയായിരുന്നു അന്ത്യം. മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകനായ കേശവാനന്ദ പത്തൊന്‍പതാം വയസ്സില്‍ 1960 നവംബര്‍ 14-ന് ആണ് എടനീര്‍ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം. രാജ്യം കണ്ട ഏറ്റവും ചരിത്രപരമായ കേസുകളില്‍ ഒന്നായിരുന്നു മൗലികാവകാശ സംരക്ഷണത്തിനായി കേശവാനന്ദയുടെ നേതൃത്വത്തില്‍ സുപ്രീംകോടതിയില്‍ നടന്നത്. 'ദി കേശവാനന്ദ കേസ' എന്ന പേരില്‍ ഇപ്പോഴും നിയമവൃത്തങ്ങള്‍ക്കിടയില്‍ അത് സുപരിചിതമാണ്.
1971-ലെ 29-ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969-ലെ കേരള ഭൂപരിഷ്‌കരണനിയമവും 1971-ലെ കേരളാ ഭൂപരിഷ്‌കരണ ഭേദഗതി നിയമവുമാണ് സ്വാമി റിട്ട് ഹര്‍ജിയിലൂടെ ചോദ്യം ചെയ്തത്. ഭൂപരിഷ്‌കരണം ഒരു നിമിത്തമായെങ്കിലും മൗലികാവകാശ നിയമഭേദഗതിക്കെതിരേ പരമോന്നത കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ആദ്യ ഹര്‍ജിക്കാരനായി മാറി കേശവാനന്ദ സ്വാമി.
രാഷ്ട്രീയരംഗത്തെ തിരയിളക്കങ്ങള്‍ കൊണ്ട് കേസിന്റെ തുടക്കത്തില്‍ത്തന്നെ കോടതിയിലും ഭരണകേന്ദ്രങ്ങളിലും സമ്മര്‍ദം ഉയര്‍ന്നു. 13 ജഡ്ജിമാര്‍ ഉള്‍പ്പെട്ട സുപ്രീം കോടതിയിലെ ഫുള്‍ബെഞ്ച് 66 ദിവസമാണ് കേസ് വിചാരണ ചെയ്തത്. അതും ചരിത്രമായിരുന്നു. സാധാരണ ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹിക നന്മയ്ക്കുംവേണ്ടി മൗലികാവകാശത്തിന്റെ അടിസ്ഥാനമൂല്യത്തില്‍ ഭരണകൂടത്തിന് ഭേദഗതികള്‍ വരുത്താമെന്ന വാദമാണ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്.
അത് സ്ഥാപിച്ചെടുക്കാന്‍ പല വളഞ്ഞ വഴികളും ഭരണകൂടം പയറ്റിക്കൊണ്ടിരുന്നു. നീതിന്യായവ്യവസ്ഥയും ഭരണകൂടവും ഇതിന്റെ പേരില്‍ കോടതില്‍ വാദങ്ങള്‍കൊണ്ട് ഏറ്റുമുട്ടി. കേസില്‍ സര്‍ക്കാരിനെതിരായ നിലപാടെടുത്ത ന്യായാധിപന്‍മാര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു. എന്നാല്‍, അന്തിമവിജയം നീതിപീഠത്തിന്റേതായിരുന്നു.1973 ഏപ്രില്‍ 24 -നാണ് ആ ചരിത്രവിധി ഉണ്ടായത്. ഭരണഘടനയുടെ അടിസ്ഥാനമൂല്യം പാര്‍ലിമെന്റിന് ഭേദഗതി ചെയ്യാനാകില്ലെന്ന് 6/7 ഭൂരിപക്ഷത്തിന് സുപ്രീംകോടതി വിധിച്ചു.
https://www.facebook.com/Malayalivartha
























