'കോവിഡ് മറവില്‍ സ്വര്‍ണക്കടത്ത്, കരിഞ്ചന്ത'; ജലീലിനോട് ഇഡി ചോദിച്ചത് കാലാവസ്ഥാ മാറ്റത്തേക്കുറിച്ചല്ലെന്ന് കെ മുരളീധരന്‍; സര്‍ക്കാരിനും മന്ത്രി കെ.ടി ജലീലിനും രൂക്ഷമായ വിമര്‍ശനം

സര്‍ക്കാരിനെയും മന്ത്രി കെ.ടി ജലീലിനെയും രൂക്ഷമായി വിമര്‍ശിച്ച് കെ. മുരളിധരന്‍ എം.പി. കോവിഡിന്റെ മറവില്‍ സ്വര്‍ണക്കടത്തും കരിഞ്ചന്തയുമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റണ്ടും സെക്‌സുമുള്ള സിനിമയായി പിണറായി സര്‍ക്കാര്‍ മാറിയെന്നും മന്ത്രി പുത്രനെതിരായ ആരോപണം അന്വേഷിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെടി ജലീല്‍ സ്വയം രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണണമെന്നും സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ചോദ്യം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ മന്ത്രിയാണ് ജലീലെന്നും കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു. ജലീലിനെ ഇഡി ചോദ്യം ചെയ്തത് കാലാവസ്ഥാ മാറ്റത്തെക്കുറിച്ചോ കാലം തെറ്റിപ്പെയ്ത മഴയെപ്പറ്റിയോ ആയിരുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം യുഡിഎഫ് കാലത്താണ് ഇത്തരമൊരു ചോദ്യം ചെയ്യല്‍ നടന്നതെങ്കില്‍ എന്തൊക്കെ കുഴപ്പങ്ങള്‍ ഉണ്ടാകുമായിരുന്നെന്നും ചോദിച്ചു.നേരത്തെ ആരോപണമുയര്‍ന്നപ്പോള്‍ ഇപി ജയരാജന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ രാജിവെച്ചകാര്യം ചൂണ്ടിക്കാട്ടിയ മുരളീധരന്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിനില്ലാത്ത എന്ത് പരിഗണനയാണ് ജലീലിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പറഞ്ഞു. ലൈഫ് മിഷനില്‍ മന്ത്രിപുത്രന് കമ്മീഷന്‍ കിട്ടിയെന്ന വാര്‍ത്ത വരുന്നു. സ്വപ്‌നയ്ക്ക് മന്ത്രിമാരുമായും മന്ത്രി പുത്രന്‍മാരുമായും ലിങ്കുണ്ടെന്ന് വ്യക്തമാവുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കള്ളക്കടത്ത് കേസില്‍ മന്ത്രി പ്രതിസ്ഥാനത്താവുമ്പോള്‍ പ്രതിപക്ഷത്തിന് തെരുവില്‍ സമരം ചെയ്യാതിരിക്കാനാകില്ല. സമരം ചെയ്താല്‍ ചത്തു പോവുമെന്ന് പറഞ്ഞ മന്ത്രിക്ക് തന്നെ കൊവിഡ് വന്നു. അതൊന്നും പ്രതിപക്ഷം സമരം ചെയ്തതു കൊണ്ടല്ലെന്നും മുരളീധരന്‍ പറഞ്ഞതായും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.മുരളീധരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമോയെന്ന ചോദ്യത്തോട് സംസ്ഥാനരാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് സജീവമാവേണ്ട കാര്യമില്ലെന്നും താനിവിടെത്തന്നെയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. എംപി മാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ശക്തമായ സമരമാണ് നടക്കുന്നത്. എന്നിട്ടും കെ.ടി ജലീലിനെ പിന്തുണക്കുന്ന നിലപാടാണ് സി.പി.എം പോളിറ്റ് ബ്യുറോ മുതല്‍ മന്ത്രിമാര്‍ വരെ സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha
























