ആത്മഹത്യയിൽ നടുങ്ങി കേരളം; കഴിഞ്ഞ ആറ് മാസത്തിനിടെ പതിമൂന്ന് മുതല്‍ പതിനെട്ട് വയസ് വരെ പ്രായമുള്ള 140 കൗമാരക്കാര്‍ ആത്മഹത്യ ചെയ്തു, ആശങ്കപ്പെടുത്തി പുതിയ പഠനം, കേരളം എങ്ങോട്ട് ?

കൊറോണ വ്യാപനത്തിന് പിന്നാലെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായ ഒരു വര്‍ഷമാണ് 2020 എന്നത് ശ്രദ്ധേയമാണ്. ഇതേതുടർന്ന് വര്‍ധിച്ചുവരുന്ന ആത്മഹത്യകളെ കുറിച്ച് കാര്യമായ അവലോകനങ്ങളും വിലയിരുത്തലുകളുമെല്ലാം പോയ മാസങ്ങളില്‍ പല സാഹചര്യങ്ങളിലായി നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതാണ്. തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളും വളരെ ഏറെപ്പേരെ വലിയ രീതിയിൽ ബാധിക്കുകയുണ്ടായി.
എന്നാൽ ഇതിന്റെ തുടര്‍ച്ചയെന്നോണം കണക്കാക്കാവുന്നൊരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 140 കൗമാരക്കാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് സന്നദ്ധ സംഘടനയായ 'ദിശ'യുടെ പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ ആശങ്കപ്പെടുത്തുന്ന ഈ കണക്കിനെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന സാമൂഹ്യനീതി വകുപ്പിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷന്‍.
'പതിമൂന്ന് മുതല്‍ പതിനെട്ട് വയസ് വരെ പ്രായമുള്ള 140 പേരാണ് 2020 ജനുവരിക്കും ജൂണിനുമിടക്ക് കേരളത്തില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്. 22 കൗമാരക്കാരാണ് ഇവിടെ മാത്രം ഇക്കാലയളവിനുള്ളില്‍ ആത്മഹത്യ ചെയ്തത്. തൊട്ട് പിന്നാലെ 20 കേസുമായി മലപ്പുറവും ഉണ്ട്...'- എന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആന്റണി ഡൊമിനിക് പറയുകയാണ്.
അതേസമയം കുടുംബ പ്രശ്നങ്ങള്‍, പ്രണയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍, പരീക്ഷയിലെ പരാജയം, മൊബൈല്‍ ഫോണുമായും ടൂ വീലറുമായും ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ എന്നിവയാണ് പ്രധാനമായും കൗമാരക്കാരുടെ ആത്മഹത്യക്ക് പിന്നിലെ കാരണമായി വന്നിട്ടുള്ളതെന്ന് 'ദിശ' വെളിപ്പെടുത്തുകയാണ്.
https://www.facebook.com/Malayalivartha