ഡല്‍ഹിയും കാതോര്‍ത്ത്... മന്ത്രി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നതോടെ നെഞ്ചിടിക്കുന്നത് കേരളത്തിന്; നയതന്ത്ര ഖുറാന്‍ കടത്തിന് പിന്നില്‍ നടന്നത് എന്‍ഐഎ ചോദിച്ചറിയും; ഇഡിക്ക് നല്‍കിയ മന്ത്രി ജലീലിന്റെ മൊഴികളില്‍ അവ്യക്തതയാണ് എന്‍ഐഎ ഇടപെടാന്‍ കാരണം; ആഞ്ഞടിച്ച് പ്രതിപക്ഷവും ബിജെപിയും

കേരളത്തെ മുള്‍മുനയിലാക്കി മന്ത്രി കെ.ടി.ജലീല്‍ എന്‍ഐഎ ഓഫിസില്‍ ഹാജരായി. സ്വകാര്യ വാഹനത്തിലാണ് ഇത്തവണയും എത്തിയത്. അന്വേഷണസംഘം വിളിപ്പിച്ചതിനെത്തുടര്‍ന്നാണ് ആറുമണിയോടെ ചോദ്യം ചെയ്യലിന് എത്തിയത്. യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ചു മന്ത്രി കെ.ടി. ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നല്‍കിയ മൊഴിയുടെ പരിശോധന എന്‍ഐഎ ആരംഭിച്ചിരുന്നു.
ജലീലിനെ ചോദ്യം ചെയ്യുന്നെന്നറിഞ്ഞ് ചാനലുകാരും ജനങ്ങളും എന്‍ഐഎ ഓഫീസില്‍ തമ്പടിക്കുകയാണ്. വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഒരു മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നതിനാല്‍ അങ്ങ് ഡല്‍ഹിയും കാതോര്‍ക്കുകയാണ്.
അതേസമയം അന്വേഷണ സംഘം നയതന്ത്ര പാഴ്‌സല്‍ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് യുഎഇയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കോണ്‍സുലേറ്റില്‍ പരിശോധന നടത്തി. കഴിഞ്ഞദിവസം മുന്‍കൂട്ടി അറിയിക്കാതെയെത്തിയ ഇവര്‍ സാമ്പത്തിക ഇടപാടുരേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചെന്നാണു വിവരം. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഉന്നതതലസംഘം അടുത്ത മാസമെത്തും.
അതേസമംയ എന്‍ഐഎ സംഘം ഇന്നലെ ഇഡിയുടെ കൊച്ചി ഓഫിസിലെത്തിയിരുന്നു. പരിശോധനയ്ക്കു ശേഷം ജലീലിന്റെ മൊഴി എന്‍ഐഎയും രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. നയതന്ത്ര പാഴ്‌സല്‍ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും. ആരും അറിയാതെ എത്താനാണ് അതിരാവിലെ മന്ത്രി കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിയത്. ഇതോടെ തന്നെ ചോദ്യം ചെയ്യല്‍ തുടങ്ങി. മന്ത്രിയെ വിശദമായി തന്നെ എന്‍ഐഎ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ ഡല്‍ഹിയിലും തല്‍സമയം നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന. കേസില്‍ ജലീലിനെതിരെ എന്ത് നടപടി എടുക്കണമെന്ന് ഇന്ന് തീരുമാനിക്കും. ഇതോടെ സര്‍ക്കാരും കൂടുതല്‍ പ്രതിരോധത്തിലാകും. പ്രതിഷേധങ്ങളും ശക്തമാകും.
ജലീലിന്റെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. മൊഴികളും രേഖകളുമായി ഒത്തുനോക്കുകയും, സ്വപ്നയും സരിത്തുമടക്കമുള്ള പ്രതികളില്‍ നിന്ന് വ്യക്തത തേടിയ ശേഷമാവും ജലീലിനെതിരായ ഇഡിയുടെ അടുത്ത നടപടി. വിദേശയാത്രകള്‍, കോണ്‍സുലേറ്റ് ബന്ധം, കോണ്‍സുല്‍ ജനറലുമായും സ്വപ്നയുമായുമുള്ള ബന്ധം എന്നിവയിലെല്ലാം ഇ.ഡി വിശദമായ മൊഴിയെടുത്തിട്ടുണ്ട്. പല മറുപടികളും തൃപ്തികരമല്ലാത്തതിനാലാണ് ക്ലീന്‍ചിറ്റ് നല്‍കാത്തത്. നെഞ്ചുവേദനയ്ക്കുള്ള ചികിത്സ കഴിഞ്ഞ സ്വപ്നാ സുരേഷ് ആശുപത്രി വിട്ടാലുടന്‍ എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.
250 പായ്ക്കറ്റുകളിലായി 4479കിലോ കാര്‍ഗോയാണ് മാര്‍ച്ച് നാലിനെത്തിച്ചത്. സിആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തെത്തിച്ചത് 32പായ്ക്കറ്റുകള്‍. ബാക്കി 218 പായ്ക്കറ്റുകള്‍ കണ്ടെത്തേണ്ടതുണ്ട്. ഇവയില്‍ സ്വര്‍ണമോ വിദേശ കറന്‍സിയോ കടത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. സിആപ്റ്റില്‍ നിന്ന് പിടിച്ചെടുത്ത മതഗ്രന്ഥം സാമ്പിളാക്കിയുള്ള ഭാരപരിശോധനയില്‍ യു.എ.ഇയില്‍ നിന്നെത്തിച്ച കാര്‍ഗോയില്‍ വ്യത്യാസം കണ്ടെത്തിയിരുന്നു. എയര്‍വേബില്ലിലെ തൂക്കവും സാമ്പിള്‍ പരിശോധനയിലെ തൂക്കവും തമ്മില്‍ 14കിലോഗ്രാമിന്റെ വ്യത്യാസമുണ്ടെന്ന് അന്വേഷണഏജന്‍സികള്‍ വെളിപ്പെടുത്തിയതോടെ പുതിയ തന്ത്രവുമായി ജലീല്‍ രംഗത്തെത്തി.സിആപ്റ്റിലെത്തിച്ച പായ്ക്കറ്റുകളിലൊന്ന് പൊട്ടിച്ച് ജീവനക്കാര്‍ മതഗ്രന്ഥമെടുത്തെന്നാണ് വിശദീകരണം.
അതിനിടെ നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥത്തെക്കുറിച്ചും ഈന്തപ്പഴത്തെക്കുറിച്ചും വെവ്വേറെ കേസെടുക്കാന്‍ കസ്റ്റംസ് തീരുമാനം. അന്വേഷണത്തിനായി 2 സംഘത്തെ നിയോഗിക്കും. ഇവ വിതരണം നടത്തിയതു വിദേശ സഹായ നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) ത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്നാണു കസ്റ്റംസ് ആരോപിക്കുന്നത്. രണ്ടിലും കസ്റ്റംസ് ആക്ടിന്റെ ലംഘനമുണ്ട്. സംസ്ഥാനത്ത് ഒരു മന്ത്രിയെ ആദ്യമായാണ് എന്‍ഐഎ ചോദ്യം ചെയ്യുന്നത്. അതിനാല്‍ തന്നെ പ്രതിപക്ഷവും ബിജെപിയും പ്രതിഷേധം കടുപ്പിക്കുകയാണ്.
https://www.facebook.com/Malayalivartha

























