മൊഴിയെടുക്കല്‍ പൂര്‍ത്തിയായി! പിന്നിട്ടത് ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ! എന്‍ ഐ എ വലയത്തില്‍ വെള്ളം കുടിച്ച് ജലീൽ.. രാജിക്കായി സമ്മര്‍ദ്ദം, പ്രക്ഷോഭം

മന്ത്രി കെടി ജലീലിന്റെ എന്‍ഐഎക്ക് മുന്‍പാകെയുള്ള ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നയതന്ത്ര പാഴ്സലായി എത്തിയ ഖുറാന്‍ ഏറ്റുവാങ്ങിയ സംഭവത്തില്‍ ചില വ്യക്തതകള്‍ക്ക് വേണ്ടിയാണ് മന്ത്രിയോട് എന്‍ഐഎ വിവരങ്ങള്‍ തേടിയത്.മന്ത്രിയുടെ മറുപടി ഹൈദരാബാദിലും ഡല്‍ഹിയിലും ഉദ്യോഗസ്ഥര്‍ വിലയിരുത്തി.
ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാലുടന്‍ ജലീല്‍ പുറത്തിറങ്ങും. തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരു ആവലാതിയും ആശങ്കയും വേണ്ടെന്ന് ജലീല്‍ പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകൂ.
കോണ്‍ഗ്രസ് ബിജെപി ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവര്‍ ധരിക്കരുതെന്നും ജലീല്‍ വ്യക്തമാക്കി. വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യാനുള്ള തന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ലീഗ് തയ്യാറുണ്ടോയെന്നും ജലീല്‍ ചോദിച്ചു.
രാവിലെ ആറുമണിയോടെയാണ് കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ സ്വകാര്യ വാഹനത്തില്‍ ജലീല്‍ എത്തിയത്. മാദ്ധ്യമങ്ങള്‍ അറിയാതിരിക്കാനാണ് പുലര്‍ച്ചെതന്നെ ജലീല്‍ എന്‍.ഐ.എ ഓഫീസിലെത്തിയതെങ്കിലും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ വിജയിച്ചില്ല. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാത്രി കൊച്ചിയിലേക്ക് ഔദ്യോഗികവാഹനത്തില്‍ പുറപ്പെട്ട മന്ത്രി കെ.ടി ജലീല്‍,
പുലര്‍ച്ചെ ഒന്നരയോടെയാണ് സുഹൃത്തും മുന്‍ സി.പി.എം എം.എല്‍.എയുമായ എ.എം യൂസഫിനെ ഒരു വണ്ടി വേണമെന്നാവശ്യപ്പെട്ട് വിളിക്കുന്നത്. പുലര്‍ച്ചെയോടെ കളമശേരിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ വണ്ടി എത്തിക്കാനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് പുലര്‍ച്ചെ നാലരയോടെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ വണ്ടി കൊണ്ടു വന്നു. ഈ വണ്ടിയില്‍ കയറി മന്ത്രി പുലര്‍ച്ചെ അഞ്ചരയോടെ എന്‍.ഐ.എ ഓഫീസിലെത്തി.
എന്‍.ഐ.എ ഓഫീസിലുണ്ടായിരുന്ന സാധാരണ സുരക്ഷാ ഉദ്യോഗസ്ഥര്‍ അമ്ബരന്നു. മന്ത്രി ഇത്ര നേരത്തേ വരുമെന്ന് അവര്‍ കരുതിയിരുന്നില്ല. തുടര്‍ന്ന് എല്ലാവരും ഉണര്‍ന്ന് ഗേറ്റൊക്കെ തുറന്ന് മന്ത്രിയെ അകത്തേയ്ക്ക് വിളിക്കുന്നത് വരെ അദ്ദേഹം വണ്ടിയില്‍ത്തന്നെ ഇരുന്നു.
എന്‍.ഐ.എ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ എന്‍.ഐ.എ ഓഫീസില്‍ ആരെങ്കിലും എത്തുന്നതിന് മുമ്ബ് തന്നെ എത്തി അവിടെ ഉദ്യോഗസ്ഥരെ കാത്തിരിക്കുകയായിരുന്നു ജലീല്‍. മന്ത്രി നേരത്തേ എത്തിയതറിഞ്ഞ് എട്ടേകാലോടെത്തന്നെ എന്‍.ഐ.എ ഉദ്യോഗസ്ഥരുമെത്തി. അവിടെ നിന്ന് പുലര്‍ച്ചെ എട്ടരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി.
ചോദ്യം ചെയ്യല്‍ ഓണ്‍ലൈനിലാക്കാന്‍ കഴിയുമോ എന്നും, അര്‍ദ്ധ രാത്രിയാക്കാമോ എന്നും, ചോദിച്ചെങ്കിലും കഴിയില്ലെന്ന മറുപടി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ നല്‍കിയെന്നാണ് സൂചന. അതേത്തുടര്‍ന്നാണ് മന്ത്രി ചോദ്യം ചെയ്യലിന് നേരിട്ടെത്തിയത്. പകല്‍ ചോദ്യം ചെയ്യലിനെത്തിയാല്‍ മാദ്ധ്യമങ്ങളുണ്ടാകുമെന്ന് കരുതിയാണ് ജലീല്‍ അതിരാവിലെ എത്തിയത്.
ജലീലിനെ എന്‍.ഐ.എ ചോദ്യംചെയ്യാന്‍ വിളിച്ചതായുള്ള വിവരം പുറത്തുവന്നതോടെ പ്രതിപക്ഷവും ബി.ജെ.പിയും ജലീലിന്റെ രാജി എന്ന ആവശ്യം ശക്തമായുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ നല്‍കുന്ന സൂചന. ഇനിയും കൂടുതല്‍ നാണം കെടാന്‍ നില്‍ക്കാതെ മന്ത്രി രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്രത്തിലെ രണ്ട് ഏജന്‍സികള്‍ക്കും ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ബോദ്ധ്യമായിട്ടുണ്ടെന്നും ഇതോടെ ജലീല്‍ സ്വര്‍ണം കടത്തിയെന്ന ബി.ജെ.പിയുടെ ആരോപണം സ്ഥിരീകരിച്ചിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം ജലീല്‍ രാജിവയ്‌ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീല്‍ ഒരു കേസിലും പ്രതിയല്ലെന്നും അദ്ദേഹം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലീം ലീഗ് പ്രതിഷേധം തുടരുകയാണ്.
https://www.facebook.com/Malayalivartha

























