ലഹരി സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ നെട്ടൂര്‍ സ്വദേശി മരിച്ച സംഭവത്തില്‍ 14 പേര്‍ പിടിയില്‍

ഇക്കഴിഞ്ഞ ജൂലൈ 24-ന് അറസ്റ്റിലായ കൊച്ചിയിലെ കഞ്ചാവ് കച്ചവടക്കാരി ജാമ്യത്തിലിറങ്ങിയതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ നെട്ടൂര്‍ സ്വദേശി ഫഹദ് ഹുസൈന്‍ (19) മരിച്ച സംഭവത്തില്‍ 14 പേര്‍ പിടിയില്‍. ഫഹദിനെ കൊലപ്പെടുത്തിയ സംഘത്തിലെ 12 പേരും പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കുന്നതിന് സൗകര്യമൊരുക്കിയ 2-പേരുമാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ആരോഗ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്.
ഫഹദിനെയും സംഘത്തെയും ലഹരി സംഘങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു പരിഹരിക്കുന്നതിന് എന്ന പേരില്‍ കഴിഞ്ഞ ഞായര്‍ വൈകിട്ടോടെ നെട്ടൂര്‍ ഐഎന്‍ടിയുസി ജംക്ഷനു സമീപം വിളിച്ചു വരുത്തിയ ശേഷം അപ്രതീക്ഷിതമായി എതിരാളികള്‍ ആക്രമിക്കുകയായിരുന്നു. നെഞ്ചിലേക്ക് കത്തി കുത്താനുള്ള ശ്രമം തടയുന്നതിനിടെ ഇടതു കയ്യില്‍ ആഴത്തില്‍ മുറിവേറ്റ ഫഹദ് ബൈപാസ് റോഡിലേക്ക് ഓടിയെങ്കിലും രക്തം വാര്‍ന്ന് താഴെ വീണു. അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിയ ഫഹദ് 20 മണിക്കൂര്‍ വെന്റിലേറ്ററില്‍ കിടന്ന ശേഷം മരിച്ചു.
ഉദയംപേരൂര്‍ കണ്ടനാട്ടുള്ള കാട്ടിലും കളമശേരി എച്ച്എംടി കോളനിയിലും മരടിലെ വിവിധ സ്ഥലങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. ഇതിനിടെ പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലങ്ങളെക്കുറിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാവരെയും പിടികുടാനായി.
ആലപ്പുഴ കലവൂര്‍ ലക്ഷ്മി നിവാസ് നിധിന്‍ രാജഗോപാല്‍ (24), ആലപ്പുഴ പാതിരപ്പിള്ളി കീഴത്ത് ജെയ്‌സണ്‍ സെബാസ്റ്റ്യന്‍ (25), നെട്ടൂര്‍ മുള്ളന്‍കുഴിയില്‍ റോഷന്‍ ചാര്‍ളി (30), മരട് തട്ടത്തില്‍ ജീവന്‍ ജയന്‍ (32), നെട്ടൂര്‍ ശാന്തിവനം റോഡ് മാമ്പ്രക്കേരി വിജിത് വിജയന്‍ (33), മരട് കൊറ്റേഴത്ത് വര്‍ഗീസ് ജോണ്‍ (24), കുമ്പളം കളപ്പുരയ്ക്കല്‍ ഫെബിന്‍ റാഫേല്‍ (34), കുണ്ടന്നൂര്‍ ത്രിപ്പടത്ത് നിഷാദ് ഷാജി (21), കുണ്ടന്നൂര്‍ പാറശ്ശേരി നിവിന്‍ ചന്ദ്രന്‍ (24), കുണ്ടന്നൂര്‍ പാടത്തറ രാഹുല്‍ കൃഷ്ണ (25), കുമ്പളം കാര്‍ത്തിക ശങ്കരനാരായണന്‍ (35), കുമ്പളം വള്ളക്കാട്ട് സുജിത് സുധാകരന്‍ (32) എന്നിവരും പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയതിന് സൗത്ത് പറവൂര്‍ ചിറ്റേഴത്ത് പ്രമോദ് കുട്ടന്‍ (28), മരട് തുരുത്തി ടെംപിള്‍ റോഡ് കല്ലറയ്ക്കല്‍ കെ.ജെ. ജെഫിന്‍ പീറ്റര്‍ (23) എന്നിവരുമാണ് അറസ്റ്റിലായത്.
കൊച്ചി സിറ്റി ഡിസിപി ജി. പൂങ്കുഴലിയുടെ നിര്‍ദേശത്തില്‍ തൃക്കാക്കര പൊലീസ് അസി. കമ്മിഷണര്‍ കെ.എം. ജിജിമോന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം. പനങ്ങാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ചുമതലയുള്ള എ. അനന്തലാല്‍, പനങ്ങാട് എസ്‌ഐ വി.ജെ. ജേക്കബും സ്റ്റേഷനിലെ പൊലീസുകാരും ഡാന്‍സാഫ് ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജനും അംഗങ്ങളും ഉള്‍പ്പെടുന്നതായിരുന്നു അന്വേഷണ സംഘം.
https://www.facebook.com/Malayalivartha

























