എല്‍ഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിന് തീയിട്ടെന്ന കേസ്: 519 ദിവസം ജയിലില്‍ കിടന്ന പ്രതി നിരപരാധിയെന്ന് കോടതി

519 ദിവസത്തെ ജയില്‍വാസം കഴിഞ്ഞ് ജോഷി മടങ്ങിയെത്തുന്നതിന്റെ ആശ്വാസത്തിലാണ് ഭാര്യ ഓമനയും സ്‌കൂള്‍ വിദ്യാര്‍ഥികളായ 3 മക്കളുമടങ്ങുന്ന കുടുംബം. എല്‍ഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു തീയിട്ടെന്ന കേസില്‍ ജാമ്യമെടുക്കാന്‍ ആളില്ലാത്തിനാല്‍ 519 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം കുറ്റക്കാരനല്ലെന്നു കണ്ടാണ് മണ്ണഞ്ചേരി ആറാംവാര്‍ഡില്‍ കണ്ടത്തില്‍ സുബ്രഹ്മണ്യന്റെ മകന്‍ ജോഷിയെ (58) കോടതി വിട്ടയച്ചത്.
2019 ഏപ്രില്‍ 7 ന്, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ മണ്ണഞ്ചേരി ഈസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കത്തി നശിച്ച കേസിലാണ് ജോഷിയെ (58) അറസ്റ്റ് ചെയ്തത്. ജോഷിയാണ് കുറ്റക്കാരനെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയാത്ത സാഹചര്യത്തില്‍ ഇന്നലെ കോടതി വിട്ടയയ്ക്കുമ്പോഴേക്കും ജോഷി വലിയൊരു ശിക്ഷാകാലം അനുഭവിച്ചുകഴിഞ്ഞിരുന്നു.
ലോക്‌സഭാ സ്ഥാനാര്‍ഥിയായിരുന്ന എ.എം.ആരിഫിനു വേണ്ടി മണ്ണഞ്ചേരിയില്‍ മന്ത്രി കെ.ടി.ജലീല്‍ പങ്കെടുക്കുന്ന തിരഞ്ഞടുപ്പ് സമ്മേളനം പിറ്റേന്നു നടക്കാനിരിക്കെയാണ് ഓഫിസ് കത്തിയത്. ജോഷിയാണ് കുറ്റക്കാരനെന്നതിനു തെളിവില്ലെന്നു പ്രതിക്കു വേണ്ടി ലീഗല്‍ സര്‍വീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകന്‍ പി.പി.ബൈജു വാദിച്ചു. സാക്ഷി മൊഴികളില്‍ അവിശ്വാസം രേഖപ്പെടുത്തിയാണ് കോടതി ജോഷിയെ വിട്ടയച്ചത്.
കേസ് നടത്താന്‍ സാമ്പത്തിക സാഹചര്യമില്ലാതിരുന്നതിനാല്‍ ജോഷിയെ ജാമ്യത്തിലിറക്കാന്‍ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ജയിലില്‍ പോയി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വാഹനം വിളിക്കാനും മറ്റു കാര്യങ്ങള്‍ക്കും ശേഷിയില്ലായിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ജോഷിയുടെ വലതുകാലിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അപകടത്തില്‍ പരുക്കേറ്റിരുന്നു. ഇപ്പോള്‍ കാലില്‍ കമ്പിയിട്ടിട്ടുണ്ട്. അപകടത്തിന് ശേഷം ഓര്‍മക്കുറവുണ്ടെന്നും ഓമന പറഞ്ഞു. 6 സെന്റ് ഭൂമിയില്‍ പണി തീരാത്ത വീട്ടിലാണ് ഓമനയും മക്കളും കഴിയുന്നത്. വീട്ടുചെലവ് പോലും അയല്‍വീട്ടുകാരുടെ സഹായത്തോടെയാണ് നടക്കുന്നതെന്ന് ഓമന പറഞ്ഞു.
ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ജോഷി പാര്‍ട്ടി ഓഫിസിന് തീയിട്ടെന്ന എല്‍ഡിഎഫ് മേഖലാ സെക്രട്ടറിയുടെ പരാതിയില്‍ മണ്ണഞ്ചേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സിപിഎം പ്രാദേശിക നേതാക്കളുള്‍പ്പെടെ 7 സാക്ഷികളുണ്ടായിരുന്നു. തീവയ്പ്, അതിക്രമിച്ചു കടക്കല്‍, ഓഫിസിനു 50,000 രൂപയുടെ നാശനഷ്ടം വരുത്തല്‍ എന്നീ കുറ്റങ്ങളും ചുമത്തി.
അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നില്‍ക്കാന്‍ ആളില്ലാത്തതിനാല്‍ ജോഷിയെ 2 മാസത്തിനു ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു. ഫെബ്രുവരിയില്‍ വിസ്താരം പൂര്‍ത്തിയായെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ കാരണം തുടര്‍ നടപടികള്‍ക്കായി ജോഷിയെ തിരുവനന്തപുരത്തു നിന്ന് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം അഭിഭാഷകന്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ജഡ്ജി ബി.മഞ്ജു ഓണ്‍ലൈനില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുകയായിരുന്നു. അതേസമയം ജോഷിക്ക് ഐഎന്‍ടിയുസിയുമായി ബന്ധമില്ലെന്ന് ജില്ലാ പ്രസിഡന്റ് ജി.ബൈജു പറഞ്ഞു.
https://www.facebook.com/Malayalivartha

























