കഥമാറി കാര്യത്തിലേക്ക്... അന്വേഷണം അനന്തമായി നീളാതെ കുരുക്കഴിക്കാന്‍ അജിത് ഡോവലിന്റെ നിര്‍ദേശം; പുലിയെ ഇറക്കി അന്വേഷണം ഏകോപിപ്പിച്ചു; ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വപ്നയെ പൊളിച്ചടുക്കാന്‍ അന്വേഷണ സംഘം; സ്വപ്നയുടെ ഇനിയുള്ള മൊഴികള്‍ മന്ത്രി ജലീലിനും നിര്‍ണായകം

സ്വര്‍ണക്കടത്ത് കേസ് അനന്തമായി നീളുന്നതില്‍ രാജ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നിരാശനാണ്. അഞ്ച് ദേശീയ അന്വേഷണ ഏജന്‍സികളാണ് സ്വപ്ന സുരേഷിന് പുറകിലുള്ളത്. സ്വപ്നയുടേയും കൂട്ടരുടേയും പല ചെയ്തികളാണ് ഈ ഓരോ അന്വേഷണ സംഘവും അന്വേഷിക്കുന്നത്. അതിനാല്‍ തന്നെ ഈ അന്വേഷണ സംഘത്തിന് ഏകോപനമുണ്ടാക്കാന്‍ അജിത് ഡോവല്‍ തീരുമാനിച്ചു. ഇതിന്റ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ സുശീല്‍ കുമാറിനെ കൊച്ചിയിലേക്ക് അയക്കുകയും ചെയ്തു. ഉന്നതരെ ഉള്‍പ്പെടെയുള്ളവരെ നൂലാമാലകളൊഴിവാക്കി ചോദ്യം ചെയ്യാന്‍ ഇഡി ഓഫീസര്‍ വഴിയൊരുക്കുകയും ചെയ്തു. മാത്രമല്ല സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചു.
സ്വപ്ന സുരേഷിന്റെ രണ്ടാംഘട്ട മൊഴി മന്ത്രി കെ.ടി.ജലീലിനും നിര്‍ണായകമാകും. സ്വപ്നയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവയില്‍ നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാകും സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുക.
ജൂലൈ 10നു ബെംഗളൂരുവില്‍ അറസ്റ്റിലായശേഷം തുടര്‍ച്ചയായി 12 ദിവസം എന്‍ഐഎ സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നെങ്കിലും കെ.ടി.ജലീലിനെതിരായ മൊഴികളോ തെളിവുകളോ ലഭിച്ചിരുന്നില്ല. എന്നാല്‍ സ്വപ്നയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവയുടെ സൈബര്‍ ഫൊറന്‍സിക് പരിശോധനാ ഫലം വന്നതോടെയാണു സ്വപ്ന പലതവണ ജലീലുമായി ആശയവിനിമയം നടത്തിയതായി എന്‍ഐഎ കണ്ടെത്തിയത്.
ഇതോടെയാണു സ്വപ്നയടക്കമുള്ള പ്രതികളെക്കുറിച്ചു കെ.ടി.ജലീലിന് അറിയാവുന്ന മുഴുവന്‍ വിവരങ്ങളും മൊഴിയായി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടു പരിചയപ്പെടുത്തിയതുകൊണ്ടു മാത്രമാണു സ്വപ്നയുമായി ബന്ധം നിലനിര്‍ത്തിയതെന്ന അദ്ദേഹത്തിന്റെ മൊഴി വസ്തുതാപരമാണെന്നാണ് അന്വേഷണ സംഘത്തിന്റെ ആദ്യ വിലയിരുത്തല്‍.
സ്വര്‍ണക്കടത്തില്‍ സ്വപ്നയുടെ പങ്കാളിത്തം പുറത്തു വരുന്നതുവരെ അവര്‍ക്കു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നു മനസിലാക്കിയില്ലെന്നാണു ജലീലിന്റെ മൊഴി. കോണ്‍സുലേറ്റില്‍ നിന്നു കൈമാറിയ മതഗ്രന്ഥങ്ങള്‍ അടക്കം ചെയ്ത നയതന്ത്ര പാഴ്‌സലിനുള്ളില്‍ മറ്റൊന്നുമില്ലെന്നാണ് ഉത്തമബോധ്യമെന്നും അതങ്ങനെ തന്നെയാകണമെന്നാണു പ്രാര്‍ഥനയെന്നും ജലീല്‍ അന്വേഷണ സംഘത്തോടു പറഞ്ഞു.
സ്വപ്നയെ കോണ്‍സുലേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഒരു മന്ത്രിക്കു പരിചയപ്പെടുത്തി നേരിട്ട് ആശയവിനിമയത്തിന് അവസരമുണ്ടാക്കിയതു മനഃപൂര്‍വമാണോ എന്നതും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. മന്ത്രി നല്‍കിയ മൊഴിയും 22ന് എന്‍ഐഎ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്ന സ്വപ്നയുടെ മൊഴിയും പൊരുത്തപ്പെട്ടാല്‍ മന്ത്രിയെ ഇനി എന്‍ഐഎ വിളിച്ചുവരുത്താന്‍ സാധ്യതയില്ല. കെ.ടി.ജലീലിന്റേതല്ലാത്ത ഒരു ഫോണ്‍ ഐഡിയില്‍ നിന്നും ജൂണ്‍ ആദ്യം സ്വപ്നയുടെ ഫോണിലെത്തിയ ഒരു ശബ്ദസന്ദേശത്തിനു ജലീലിന്റെ ശബ്ദവുമായുള്ള സാമ്യം അന്വേഷണ സംഘങ്ങളെ കുഴയ്ക്കുന്നുണ്ട്. ആവശ്യം വന്നാല്‍ മന്ത്രിയുടെ സമ്മതത്തോടെ അദ്ദേഹത്തിന്റെ ശബ്ദസാംപിള്‍ ശേഖരിച്ചു കോടതി ഉത്തരവോടെ എന്‍ഐഎ പരിശോധനയ്ക്ക് അയച്ചേക്കും.
അതേസമയം ഏത് അന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ലെന്നു മന്ത്രി ജലീലും വ്യക്തമാക്കുന്നു. എതിരാളികള്‍ക്ക് കൊല്ലാന്‍ കഴിഞ്ഞാലും തന്നെ തോല്‍പിക്കാന്‍ കഴിയില്ലെന്നും ജലീല്‍ പറഞ്ഞു. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളതു കൊണ്ടാണ് ആരെയും കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നത്. തന്നെ അപായപ്പെടുത്താന്‍ കലാപകാരികള്‍ക്കു യാത്രാവിവരങ്ങള്‍ തത്സമയം നല്‍കുന്ന മാധ്യമങ്ങളോടു സഹതാപമുണ്ടെന്നുമാണ് മന്ത്രി പറയുന്നത്. എന്തായാലും മന്ത്രി പറയുന്നതാണോ സത്യമെന്ന് സ്വപ്നയുടെ രണ്ടാംഘട്ട ചോദ്യം ചെയ്യലോടെ ഉടന്‍ വ്യക്തമാകും.
"
https://www.facebook.com/Malayalivartha

























