കോവിഡ് വാക്സിൻ ലഭിക്കാൻ ആരോഗ്യമുള്ള ചെറുപ്പക്കാർ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമുള്ള എല്ലാ ശാസ്ത്രജ്ഞരും കോവിഡ് വാക്സിൻ കണ്ടെത്താനുള്ള തിടുക്കത്തിലാണ്. വാക്സിൻ കണ്ടെത്താനുള്ള ഘട്ടങ്ങൾ പുരോഗമിക്കുകയാണ് എങ്കിലും പലയിടത്തും തടസ്സം വരുന്നുണ്ട്.. കോവിഡ് വാക്സിനെ സംബന്ധിച്ച് ലോകാരോഗ്യ സംഘടന പറയുന്ന കാര്യങ്ങൾ ലോകം സശ്രദ്ധം വീക്ഷിക്കാറുമുണ്ട്. ഇപ്പോൾ മറ്റൊരു നിർണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യസംഘടന രംഗത്തുവന്നിരിക്കുകയാണ്. കോവിഡ് വാക്സിൻ ലഭിക്കാൻ ആരോഗ്യമുള്ള ചെറുപ്പക്കാർ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന. ആരോഗ്യപ്രവർത്തകർ ശ്രദ്ധകേന്ദ്രീകരിക്കുന്നത് പ്രായമുള്ളവരെയും ദുർബല വിഭാഗങ്ങളെയുമാണെന്നും ഡബ്ല്യു.എച്ച്.ഒ. മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥൻ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകരിൽനിന്നുമാകും ഇത് ആരംഭിക്കുന്നത്. അവിടെപ്പോലും കൂടുതൽ അപകടസാധ്യതയുള്ളവരെ നിർണയിക്കേണ്ടതായുണ്ട്. അവർക്കുശേഷം പ്രായം ചെന്നവർക്കാകും വാക്സിൻ നൽകുകയെന്നും അവർ കൂട്ടിച്ചേർത്തു. ഒട്ടേറെ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും വളരെ പെട്ടെന്നുതന്നെ ഫലപ്രദമായൊരു വാക്സിൻ ലഭിക്കാൻ സാധ്യതയില്ലെന്നു തന്നെയാണ് വ്യക്തമാകുന്നത്. ആളുകൾ ആർജിത പ്രതിരോധ ശേഷിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, വാക്സിനെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടതെന്നും 70 ശതമാനം ആളുകൾക്കെങ്കിലും വാക്സിൻ നൽകാൻ കഴിഞ്ഞാലേ രോഗവ്യാപനം തടയാനാകൂവെന്നും അവർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























