സുരേന്ദ്രാ വേണ്ടട്ടോ... സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തി എം. ശിവശങ്കറും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ബിനീഷ് കോടിയേരിയും അകത്തായതോടെ പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത് മൂന്നാം വിക്കറ്റിന്; പാര്‍ട്ടിയേയും സര്‍ക്കാരിനേയും നേരിട്ട് തൊട്ടില്ല എന്ന് പറഞ്ഞ് കുതറി മാറുമ്പോള്‍ വരാനിരിക്കുന്നത് എന്താകും?

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും അകത്തായതോടെ അടുത്ത ഊഴം ആരെന്ന ചര്‍ച്ച സജീവമാകുകയാണ്. ഇതിനെ കൊഴുപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും രംഗത്തെത്തി. പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകളും പുറത്ത് വരുന്നുണ്ട്.
സര്‍ക്കാരിനും സി.പി.എമ്മിനും അലോസരം കൂട്ടുന്ന സംഭവങ്ങളാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലൂടെ ഇനി വരാനിരിക്കുന്നതെന്നാണ് യു.ഡി.എഫും ബി.ജെ.പി.യും കണക്കുകൂട്ടുന്നത്. ഇടതുപക്ഷ സര്‍ക്കാരുകളില്‍ സ്ഥിരം സാന്നിധ്യമായതും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗവുമായ ഒരാള്‍ കൂടി കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് എന്നതാണ് ഇതിനൊരു കാരണം. ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് രണ്ടാം വിക്കറ്റിനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കാത്തിരിപ്പ്. അതോടെ മൂന്നാം വിക്കറ്റുമാകും.
കരാറിലും കണ്‍സല്‍ട്ടന്‍സിയിലും ശിവശങ്കറിനൊപ്പം നിന്ന് അന്തര്‍ധാര സജീവമാക്കിയ ഉദ്യോഗസ്ഥന്‍ എന്നതാണ് ബി.ജെ.പി., കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഈ പേഴ്‌സണല്‍ സ്റ്റാഫിനെ വിശേഷിപ്പിക്കുന്നത്. സാമ്പത്തിക ഇടപാടുകളുടെ ഉള്ളറകള്‍ തേടുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇക്കാര്യത്തെകുറിച്ച് വിവരമുണ്ട്. ശിവശങ്കറിനോട് ഇക്കാര്യം അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അന്വേഷണ പരിധിയിലുള്ള വിഷയങ്ങളില്‍ ഈ ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമായി നിര്‍ണയിക്കാനാവാത്തതാണ് ഇദ്ദേഹത്തെ ഇതുവരെ ചോദ്യം ചെയ്യാത്തതിന് കാരണം.
യൂണിടാക് നല്‍കിയ ഐ ഫോണുകളില്‍ ഒന്നിന്റെ ഉടമയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരുലക്ഷത്തിലധികം വിലയുള്ള ഐഫോണ്‍ ആണിത്. ഇതിനെക്കാള്‍ വിലകുറഞ്ഞ ഐഫോണാണ് എം. ശിവശങ്കറിന് നല്‍കിയത്. ശിവശങ്കറിനെക്കാള്‍ പ്രധാനപ്പെട്ട ആ വി.ഐ.പി. പുറത്തുവരുന്നതോടെ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നെഞ്ചിടിപ്പ് കൂടുമെന്നാണ് ബി.ജെ.പി. യു.ഡി.എഫ്. നേതാക്കളുടെ വാദം.
ഇപ്പോള്‍ സിപിഎം മുഖ്യമായും പ്രതിരോധിക്കുന്നത് അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയം പറഞ്ഞാണ്. അന്വേഷണ ഏജന്‍സിയുടെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി മാത്രം മറികടക്കാനാവുന്ന പ്രതിസന്ധിയല്ല സര്‍ക്കാരിനുള്ളതെന്ന തിരിച്ചറിവ് എല്‍.ഡി.എഫിനുമുണ്ട്. അന്വേഷണറിപ്പോര്‍ട്ടുകളിലെ കുറ്റപ്പെടുത്തലുകളാണ് ഇതിനുകാരണം. ഇതുവരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കും സര്‍ക്കാരിന് രാഷ്ട്രീയകവചം തീര്‍ക്കാന്‍ സി.പി.എമ്മിനായി. പാര്‍ട്ടി സെക്രട്ടറിയുടെ മകനെയും കേന്ദ്ര ഏജന്‍സികള്‍ കുരുക്കിലാക്കിയതോടെ നേരത്തേയുള്ള ആത്മവീര്യം സി.പി.എമ്മിന് ചോര്‍ന്നു. അന്വേഷണം ഇനി എങ്ങോട്ടുനീങ്ങുമെന്നതില്‍ ഒരുവ്യക്തതയുമില്ലാത്തതിനാല്‍ ന്യായീകരണങ്ങള്‍ കരുലോടെയാണ്. ബിനീഷിനെയും ശിവശങ്കറിനെയും പരിധിക്ക് പുറത്തുനിര്‍ത്തിയുള്ള പ്രതിരോധം മാത്രമാണ് സി.പി.എം. ഇപ്പോള്‍ നടത്തുന്നത്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരാളെകൂടി കുടുക്കിയാല്‍ ഈ രാഷ്ട്രീയപ്രതിരോധവും ദുര്‍ബലമാകുമെന്നാണ് വിലയിരുത്തല്‍.
ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തുന്നുണ്ട്. സ്വര്‍ണക്കടത്തു കേസിനു പിന്നാലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ഇടപാടുകളുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് യു.വി ജോസ്, യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ എന്നിവരെ ഇന്നലെ വിളിച്ചുവരുത്തി ഇ.ഡി ചോദ്യംചെയ്തത്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച കേസില്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇന്നലെ ഇരുവരെയും വിളിച്ചുവരുത്തിയത്. ഇതു രണ്ടാംതവണയാണ് യു.വി. ജോസിനെ ഇ.ഡി ചോദ്യംചെയ്യുന്നത്. യുവി ജോസിനെതിരെ എന്തെങ്കിലും നടപടി വന്നാലും സര്‍ക്കാര്‍ വെട്ടിലാകും. കാരണം ഈ ലൈഫ് മിഷനിലാണ് സിബിഐയെ വിരട്ടി നിര്‍ത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha






















