തലസ്ഥാനം വിറയ്ക്കുന്നു... വയനാട്ടിനെ വിറപ്പിച്ച് തലസ്ഥാനത്ത് സുഖ ചികിത്സയ്ക്കായി കൊണ്ടു വന്ന കടുവ നാട്ടുകാരുടെ പേടിസ്വപ്നമാകുന്നു; കൂട് പൊളിച്ച് കടന്ന കടുവ നെയ്യാര്‍ ഡാമിലൂടെ നീന്തി ജനവാസ കേന്ദ്രത്തിലെത്തിയേക്കാമെന്ന് ആശങ്കയറിയിച്ച് ഉദ്യോഗസ്ഥര്‍; ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ ശേഷം കടുവ സഫാരി പാര്‍ക്ക് വിട്ടില്ലെന്നും ന്യായം

ഒരു കടുവ കാരണം തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുകാരുടെ പ്രത്യേകിച്ചും നെയ്യാര്‍ ഡാം പരിസര വാസികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. വയനാട്ടിലെ ജനങ്ങളുടെ പേടി സ്വപ്നമായ 9 വയസുകാരി കടുവയാണ് താരം. തലസ്ഥാനത്തെ നെയ്യാര്‍ ഡാമിലെ സഫാരി പാര്‍ക്കില്‍ സുഖ ചികിത്സയ്ക്കായാണ് കടുവയെ എത്തിച്ചത്. എന്നാല്‍ കരുത്തനായ കടുവ കൂട് പൊളിച്ച് ചാടിയതാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയത്.
കടുവ നെയ്യാര്‍ ഡാമിലേക്ക് ചാടി നീന്തി രക്ഷപ്പെട്ടെന്ന റിപ്പോര്‍ട്ടും ഇതിനിടെ ഉദ്യോഗസ്ഥര്‍ തന്നെ നല്‍കി. ചാനലുകാര്‍ ഇത് റിപ്പോര്‍ട്ട് ചെയ്തതോടെ പരിസര വാസികളും തലസ്ഥാന വാസികളും വിരണ്ടു. നെയ്യാര്‍ ഡാമിന് പുറത്ത് ജനവാസ കേന്ദ്രമാണ്. വെട്ടവും വെളിച്ചവുമില്ലാത്ത നിരവധി പ്രദേശങ്ങള്‍. മാത്രമല്ല ഈ നെയ്യാര്‍ നദി ഒഴുകി തലസ്ഥാനത്താണ് അവസാനിക്കുന്നത്. വെറും 30 കിലോമീറ്റര്‍ മാത്രം. കടുവയ്ക്കുണ്ടോ നെയ്യാറും തലസ്ഥാനവും. കടുവ ഒരു വാശിക്ക് ചുമ്മ കിടന്ന് കൊടുത്താല്‍ ഒഴിക്കില്‍ നേരെയെത്തുന്നത് തലസ്ഥാനത്താണ്. ഇങ്ങനെ പേടിച്ചരണ്ട നാട്ടുകാര്‍ പലരും കടുവയെ തപ്പി ഇന്നലെ രാത്രി ഉറക്കം കളഞ്ഞു. എവിടെ കിടന്ന കടുവയെ പിടിച്ച് വേണ്ടാത്തിടത്ത് വച്ചത് പോലെയായി.
നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍നിന്നു രക്ഷപ്പെട്ട പെണ്‍കടുവയെ ഇന്നലെ വൈകിട്ട് കണ്ടെത്തിയെങ്കിലും പിടികൂടാനാകാത്തതാണ് കാര്യങ്ങല്‍ കൈവിട്ടത്. പാര്‍ക്കിനുള്ളില്‍ തന്നെയാണ് കടുവയെ കണ്ടെത്തിയത്. വയനാട്ടില്‍നിന്ന് നെയ്യാര്‍ ഡാമിലെ പാര്‍ക്കിലെത്തിച്ച പെണ്‍കടുവയാണ് ഉച്ചയോടെ കൂട് തകര്‍ത്ത് പുറത്തു ചാടിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും സഫാരി പാര്‍ക്ക് ജീവനക്കാരും നടത്തിയ തിരച്ചിലിനൊടുവില്‍ കടുവയെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മയക്കുവെടിവച്ച് കടുവയെ പിടികൂടാന്‍ സംഘം എത്തിയെങ്കിലും കടുവയെ പിന്നീട് കണ്ടെത്താനായില്ല.
ഡോണ്‍ ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങളുമായാണ് കടുവയെ കണ്ടെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇറങ്ങിയത്. പാവങ്ങള്‍ അവരും മനുഷ്യരല്ലേ. ഇടയ്ക്ക് കടുവയെ കണ്ടതാണ് മയക്ക് വെടി വയ്ക്കാനായി ഡോക്ടറെ വിളിച്ച് വരുമ്പോള്‍ കടുവ വീണ്ടും മുങ്ങി. ഇതിനിടയ്ക്ക് ആടിനെ ഇരയാക്കി കടുവയെ പിടിക്കാനും നോക്കി. അതും രക്ഷയില്ല. രാത്രിയില്‍ വനം വകുപ്പ് അധികൃതരും മറ്റും തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്തിയില്ല.
ജനവാസ മേഖലയിലേക്ക് കടുവ ചാടിപ്പോകാനുള്ള സാധ്യത തള്ളിക്കളയാനാകാത്തതിനാല്‍ അവസാനം ജാഗ്രതാ നിര്‍ദേശം നല്‍കി. വെള്ളത്താല്‍ ചുറ്റപ്പെട്ട പാര്‍ക്കില്‍ 15 അടി ഉയരത്തില്‍ വേലിയുണ്ട്. അതു ചാടിക്കടക്കാന്‍ കഴിഞ്ഞാലേ ജനവാസ മേഖലയിലേക്കു ഇറങ്ങാന്‍ കഴിയൂ. അതേസമയം ആരോഗ്യവാനായ കടുവ ഈസിയായി ഈ മതില്‍ ചാടിക്കടക്കുമെന്നും ഈ ഉദ്യോഗസ്ഥര്‍ തന്നെയാണ് പറയുന്നത്.
വയനാട് ചീയമ്പം പ്രദേശത്ത് ഭീതി സൃഷ്ടിച്ചുവന്ന ഒന്‍പതു വയസ്സുള്ള കടുവയെ വയനാട് വന്യജീവി സങ്കേതത്തിലെ വനപാലകരുടെ നേതൃത്വത്തിലാണ് നെയ്യാറില്‍ എത്തിച്ചത്. രണ്ടു മാസത്തോളം ചീയമ്പത്ത് പതിനഞ്ചോളം വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ ഈ മാസം 25നാണ് വനപാലകരുടെ കൂട്ടില്‍ അകപ്പെട്ടത്. ചികിത്സ നല്‍കിയശേഷം വയനാട്ടില്‍ പുതിയതായി ആരംഭിക്കുന്ന കടുവ സങ്കേതത്തിലേക്കു മാറ്റുന്നതിനായാണ് നെയ്യാറില്‍ എത്തിച്ചത്.
പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ മാത്രമല്ല ഉദ്യോഗസ്ഥര്‍ പിന്നെയത് തിരുത്തി. മരക്കൊമ്പ് ഒടിഞ്ഞ് വീണ ശബ്ദമാണെന്നും കടുവയല്ലെന്നുമാണ് അവര്‍ തന്നെ പേടിപ്പെടുത്തിയ ശേഷം പറയുന്നത്.
നേരം വെളുത്തതോടെ ജനങ്ങള്‍ക്ക് ആശ്വാസമായി. കടുവ ഇപ്പോഴും സഫാരി പാര്‍ക്കില്‍ തന്നെ ഉണ്ടെന്നാണ് അവസാനം വരുന്ന വാര്‍ത്ത. അതിനിടെ വയനാട്ടില്‍ കടുവയെ മയക്കുവെടി വച്ച് വീഴ്ത്തിയ 'വാറുണ്ണി' ഡോക്ടറും എത്തിയിട്ടുണ്ട്. ഉടന്‍ കടുവയെ പിടികൂടിയില്ലെങ്കില്‍ പലരുടേയും തൊപ്പി പോകും. ഇത് തലസ്ഥാനമാ...
https://www.facebook.com/Malayalivartha






















