കയ്യോടെ പൊക്കിത്തുടങ്ങി... കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ സ്വര്‍ണം കടത്തുന്ന താവളമായി മാറിയതോടെ ഇതിന് ഒത്താശ ചെയ്യുന്നവരെ പൊക്കാനുറച്ച് അമിത് ഷാ; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര ഇന്റലിജന്‍സ് അന്വേഷണം; സ്വപ്ന അകത്തായെങ്കിലും സ്വര്‍ണക്കട്ടികള്‍ പുറത്തുതന്നെ

സംസ്ഥാനത്തെ വിമാനത്താവളം വഴി സ്വര്‍ണം പിടിക്കുന്നതിന് കയ്യും കണക്കുമില്ല. ഇത്രയും ഈസിയായി സ്വര്‍ണം കടത്തണമെങ്കില്‍ അതിന് തീര്‍ച്ചയായും ഉദ്യോഗസ്ഥരുടെ ഒരു കണ്ണടയ്ക്കല്‍ ഉണ്ടാകും. സ്വപ്ന മാത്രം 20ലധികം തവണയാണ് സ്വര്‍ണം കടത്തിയത്. ഇതില്‍ പലരും പങ്കു പറ്റിയിട്ടുമുണ്ടാകും. ആ പങ്കുപറ്റിയവരെ കണ്ടെത്താന്‍ അവസാനം സാക്ഷാല്‍ അമിത് ഷാ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനായി കേന്ദ്ര ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ഇതിന്റെ തുടര്‍ച്ചയായി ഒമ്പതുമാസത്തിനുള്ളില്‍ 80 കിലോ സ്വര്‍ണംപിടിച്ച കോഴിക്കോട്ടെ ഉദ്യോഗസ്ഥയ്ക്ക് ഡല്‍ഹിയിലേക്ക് ഡെപ്യൂട്ടേഷന്‍. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുള്ള ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കെതിരേ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി.ആര്‍.ഐ.) ഒരു ഉദ്യോഗസ്ഥനെതിരേ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കോഴിക്കോട് വിമാനത്താവളത്തിന്റെ ചുമതലയുണ്ടായിരുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. എന്‍.എസ്. രാജിയെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിന്റെ അണ്ടര്‍ സെക്രട്ടറിയായി മാറ്റിയത്. ഒന്നരവര്‍ഷം മുമ്പ് ഡോ. രാജി ഡല്‍ഹിയിലേക്ക് ഡെപ്യൂട്ടേഷന്‍ ചോദിച്ചിരുന്നു. ഇതുപരിഗണിച്ചാണ് മൂന്നുവര്‍ഷത്തേക്കുള്ള മാറ്റം.
കൊച്ചിയില്‍നിന്ന് ജനുവരി അവസാനമാണ് ഡോ. രാജി കോഴിക്കോട് വിമാനത്താവളത്തിന്റെ ചുമതലയേറ്റടുത്തത്. അന്നുമുതല്‍ ഒക്ടോബര്‍വരെ 80 കിലോഗ്രാം സ്വര്‍ണമാണ് രാജിയുടെ നേതൃത്വത്തില്‍ പിടിച്ചത്. ഡോ. രാജിയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍കാര്‍ഗോയില്‍ മിന്നല്‍പ്പരിശോധന നടത്തി അരകിലോഗ്രാം സ്വര്‍ണം പിടിച്ചിരുന്നു. ഇതോടെ ഇവരെ മാറ്റാന്‍ സ്വര്‍ണക്കടത്ത് ലോബി ശ്രമംതുടങ്ങി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് പിടിച്ചതും എയര്‍കാര്‍ഗോയില്‍നിന്നാണ്. കാര്യമായ പരിശോധനയില്ലാതെ എന്തും കടത്താവുന്ന സ്ഥിതിയാണ് വിമാനത്താവളങ്ങളിലെ എയര്‍കാര്‍ഗോ വിഭാഗം.
കോഴിക്കോട് വിമാനത്താവളത്തിലെ മൂന്ന് ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് കൊച്ചി പ്രിവന്റീവ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് ജൂലായില്‍ ഡോ. രാജി റിപ്പോര്‍ട്ട് അയച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി പ്രിവന്റീവ് ഉന്നത ഉദ്യോഗസ്ഥന്‍ 'കളങ്കിതരെ' മാറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിലേക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. അതിനിടെയാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഇതിലൊരു ഉദ്യോഗസ്ഥനെതിരേ അന്വേഷണം തുടങ്ങിയത്. മറ്റൊരു ഉദ്യോഗസ്ഥനെതിരേ മംഗലാപുരം ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി. കര്‍ണാടക ഭട്കല്‍ കേന്ദ്രീകരിച്ച് സ്വര്‍ണംകടത്തുന്ന സംഘങ്ങളെ സഹായിക്കുന്നു എന്നാണ് കണ്ടെത്തല്‍.
അതിനിടെ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ ജയിലില്‍ ചോദ്യംചെയ്യാന്‍ അനുമതിതേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ അപേക്ഷ നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മൂന്നുദിവസത്തേക്ക് ചോദ്യംചെയ്യാന്‍ അനുമതിതേടി അപേക്ഷ നല്‍കിയത്. തിങ്കളാഴ്ച പരിഗണിക്കും.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ നേരത്തെ ഏഴുദിവസത്തേക്ക് കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ ഇ.ഡിക്ക് വിട്ടുകൊടുത്തിരുന്നു. ശിവശങ്കറില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയടക്കമുള്ള പ്രതികളെ ചോദ്യംചെയ്യാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ഒരുങ്ങുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് ലഭിച്ച തുകയടക്കമുള്ള കാര്യങ്ങളില്‍ ശിവശങ്കര്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കാനും പ്രതികളും ശിവശങ്കറും തമ്മിലുള്ള മറ്റിടപാടുകള്‍ കണ്ടെത്തുന്നതിനുമാണ് ഇവരെ ജയിലില്‍ ചോദ്യംചെയ്യാന്‍ ഇ.ഡി തയ്യാറെടുക്കുന്നത്. ഇതിന് പുറകേയാണ് കേന്ദ്ര ഇന്റലിജന്‍സും രംഗത്തുള്ളത്.
https://www.facebook.com/Malayalivartha
























