നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ, കസ്റ്റംസിനു രഹസ്യ വിവരം നൽകിയ ആൾക്കുള്ള പ്രതിഫലം 45 ലക്ഷം രൂപ! ഇയാളുടെ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നത് കസ്റ്റംസ്; സ്വര്‍ണക്കടത്ത് കേസില്‍ നടപടികള്‍ കൂടുതല്‍ കര്‍ശ്ശനമാക്കി എന്‍ഫോഴ്‌സ്‌മെന്റ്....

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ, കസ്റ്റംസിനു രഹസ്യ വിവരം നൽകിയ ആൾക്കുള്ള പ്രതിഫലം 45 ലക്ഷം രൂപ. പകുതി തുക കൈമാറിയതായാണ് വിവരം. എന്നാൽ ഇയാളുടെ വിവരങ്ങൾ അതീവ രഹസ്യമായി കസ്റ്റംസ് സൂക്ഷിക്കും. ഗ്രാമിന് 150 രൂപ എന്ന കണക്കിലാണ് കസ്റ്റംസ് പ്രതിഫലം നൽകുക. ഇതുപ്രകാരം വ്യക്തിക്കു 22.50 ലക്ഷം രൂപ കൈമാറിയെന്നാണു സൂചന. കസ്റ്റംസ് കമ്മിഷണർക്കു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ ഗ്രാം സ്വർണം പിടിച്ചെടുത്തത്. പ്രതിഫലമായി നൽകുന്ന ഈ തുകയ്ക്കു നികുതിയും ബാധകമല്ല. ബാക്കി തുക കേസ് നടപടി പൂർത്തിയായ ശേഷമായിരിക്കും കൈമാറുക.
എന്നാൽ സ്വര്‍ണക്കടത്ത് കേസില്‍ നടപടികള്‍ കൂടുതല്‍ കര്‍ശ്ശനമാക്കി എന്‍ഫോഴ്‌സ്‌മെന്റ്. കേസിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി സ്വപ്‌ന സുരേഷിനേയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം. നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലാണ് സ്വപ്‌ന. അതിനാല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ സമീപിച്ചു. ഇതോടൊപ്പം കേസിലെ മറ്റ് പ്രതികളായ സരിത്തിനേയും സന്ദീപിനേയും കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടും. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തിങ്കളാഴ്ചയാകും പരിഗണിക്കുക. അതേസമയം ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നുണ്ട്.
രണ്ട് ദിവസമായി ശിവശങ്കര്‍ എന്‍ഐഎ കസ്റ്റഡിയില്‍ ആണ്. എന്നാല്‍ ഇയാള്‍ ഭക്ഷണം കഴിക്കാതേയും ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതേയും പ്രതിഷേധിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതോടെ ഡോക്ടറെ വരുത്തി ആരോഗ്യനില പരിശോധിപ്പിച്ചു. ശിവശങ്കര്‍ അന്വേഷണ സംഘത്തോട് പൂര്‍ണമായി സഹകരിക്കാത്തതിനാല്‍ ചോദ്യംചെയ്യലിനായി വിദഗ്ധരായ കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം എന്‍ഫോഴ്‌സ്‌മെന്റ് തേടും. നവംബര്‍ 5 വരെയാണ് ശിവശങ്കറിന്റെ കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ ആരോഗ്യ നില പരിഗണിക്കണമെന്ന ശിവശങ്കറിന്റെ അപേക്ഷയില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയുള്ള സമയത്തേ ചോദ്യം ചെയ്യാവൂ എന്നു കോടതി എന്‍ഫോഴ്‌സ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇനിയും ശിവശങ്കര്‍ നിസ്സഹകരണം തുടര്‍ന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) അഞ്ചാം വകുപ്പു പ്രകാരം സ്വത്തു മരവിപ്പിക്കല്‍ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങും. ശിവശങ്കറിന്റെ ബിനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഏതു സ്വത്തും അന്വേഷണം തീരുംവരെ മരവിപ്പിക്കാനും എന്‍ഫോഴ്‌സ്‌മെന്റിന് സാധിക്കും.
അതേസമയം സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വിവാദ ഉദ്യോഗസ്ഥ നിയമനത്തിന് ചരടുവലിച്ചത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ.ശിവശങ്കറെന്നാണ് പുറത്ത് വരുന്ന സൂചനകൾ. വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഇവരെ കൗൺസിലിലെ സുപ്രധാന പദവിയിൽ നിയമിച്ചതിനെപ്പറ്റി നേരത്തേ പരാതി ഉയർന്നപ്പോൾ സംരക്ഷിച്ചതും ശിവശങ്കർ ആണെന്നാണ് ആരോപണം. കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്റെ നടത്തിപ്പിന് രൂപീകരിച്ച ഗെയിംസ് സെക്രട്ടേറിയറ്റിൽ താത്കാലിക ജീവനക്കാരിയായി ഇവർ നിയമിക്കപ്പെടുമ്പോൾ ശിവശങ്കറായിരുന്നു സ്പോർട്സ് സെക്രട്ടറി. ഗെയിംസ് സെക്രട്ടേറിയറ്റ് പ്രവർത്തനം അവസാനിപ്പിച്ച ശേഷമാണ് കൗൺസിലിൽ താത്കാലിക ജീവനക്കാരിയാക്കിയത്. ഇടക്കാലത്ത് പുതിയ പ്രസിഡന്റ് എത്തിയപ്പോൾ ഒരു സുപ്രധാന പദവിയിലേക്ക് ഉയർത്തപ്പെട്ടു.
ഇതിന് പിന്നിൽ ശക്തമായ ശുപാർശയുണ്ടായിരുന്നു. കൗൺസിലിൽ പത്തു കൊല്ലം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഇവരുടെ പേര് ഉൾപ്പെടുത്താനും സമ്മർദ്ദമുണ്ടായിരുന്നു. മുൻകാല സേവനങ്ങൾ കൂടി കണക്കിലെടുത്ത് സ്ഥിരനിയമനം നൽകണമെന്ന് ആവശ്യമുയർന്നത് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ തർക്കത്തിനിടയാക്കി. അതേസമയം, ആരോപണവിധേയരായ ഉദ്യോഗസ്ഥരെക്കുറിച്ച് ഇന്റർലിജൻസ് വിഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടിൽ ഇവരുടെ പേരുള്ളതായും അറിയുന്നു.
https://www.facebook.com/Malayalivartha
























