ചോദ്യംചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം...ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ എന്‍ഫോഴ്സ്‌മെന്റിന് ലഭിച്ചതായി റിപ്പോർട്ട്

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം. തുടർച്ചയായ നാലാം ദിവസവും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബിനീഷ് കോടിയേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത നടുവേദനയെ തുടർന്നാണ് ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. തുടർച്ചയായി നടക്കുന്ന ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇന്ന് ഇഡി ഓഫീസില്‍ എത്തിച്ചപ്പോള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയര്‍ത്തിരുന്നു. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്ബനികളെക്കുറിച്ചും ഇ ഡി അന്വേഷിക്കുന്നു. ബി കാപിറ്റല്‍ ഫോറക്സ്, ബി കാപിറ്റല്‍ സര്‍വീസ് എന്നീ കമ്ബനികളെക്കുറിച്ചാണ് അന്വേഷണം. ഈ കമ്പിനികളില്‍ സാധാരണ ഇടപാടുകള്‍ നടന്നിട്ടില്ലെന്നതാണ് കാരണം. അതിനിടെ ബിനീഷിന്റെ മയക്കുമരുന്ന് ബന്ധം കണ്ടെത്താനുളള നടപടികളുമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നീക്കം തുടങ്ങിയിട്ടുണ്ട്.
ബിനീഷിനെതിരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്‌ത കേസിന്റെ വിവരങ്ങൾ എൻ.സി.ബി സോണൽ ഡയറക്‌ടർ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചിരുന്നു. എന്‍ഫോഴ്സ്‌മെന്റ് കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻ.സി.ബി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ കേസിൽ അന്വേഷണത്തിനായി എൻ.ഐ എയും എത്തുമെന്ന വിവരങ്ങളും ഇന്ന് പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha






















