ആടുകളെ വാങ്ങാനെത്തും, വിലചേരാതെ കച്ചവടം ഒഴിവാകുന്ന ആടുകളെ പിന്നീട് മോഷ്ടിക്കുന്ന സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിച്ചു

വീടുകളില്‍ നിന്നും ആടുകളെ വാങ്ങാനെത്തിയ ശേഷം വിലപറഞ്ഞ് ചേരാത്തതിനെ മോഷ്ടിച്ചുകൊണ്ടുപോകുന്ന സംഘത്തെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റു ചെയ്തു.
പഴയരിക്കണ്ടത്തുനിന്നും വീട്ടുകാര്‍ തൊഴിലുറപ്പിനു പോയിരുന്ന നേരത്ത് ശനിയാഴ്ച ഉച്ചയോടെ ആട്ടിന്‍കൂട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെ മോഷ്ടിച്ച സംഘാംഗങ്ങളായ, എറണാകുളം ഏറാനല്ലൂര്‍ വില്ലേജില്‍ കാലാംപൂര് ചിറപ്പടി കണ്ടത്തില്‍ മുഹമ്മദ് കൊന്താലം(50), സുഹൃത്തുക്കളായ വലിയപറമ്പില്‍ അനസ് അലിയാര്‍(36), മുളവൂര്‍ വില്ലേജില്‍ വാഴപ്പിള്ളി നിരപ്പ് വട്ടാളയില്‍ ഷൈജന്‍ ഹസ്സന്‍(34) എന്നിവരെയാണ് കഞ്ഞിക്കുഴി പോലീസ് സാഹസികമായി പിടികൂടിയത്.
വീടുകളില്‍ നിന്നും ആടുകളെ വിലപറഞ്ഞ് വാങ്ങാന്‍ ബൈക്കിലെത്തുന്നത് ഒന്നാംപ്രതിയായ മുഹമ്മദ് ആണ്. രണ്ട് ആടുകളെ ഇവര്‍ പഴയരിക്കണ്ടത്തുനിന്നും അമ്പതിനായിരം രൂപ വിലയ്ക്ക് വാങ്ങി. ഇതേ വലുപ്പമുള്ള രണ്ട് ആടുകളെയാണ് ഇവര്‍ മോഷ്ടിച്ചത്. ആടുകളെ കടത്തിക്കൊണ്ടുപോകാന്‍ സുഹൃത്തുക്കള്‍ വാനുമായി എത്തും.
ഇങ്ങനെ വാനില്‍ കയറ്റിക്കൊണ്ടുപോയ ആടുകളെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വൈകുന്നേരത്തോടെ മുള്ളരിങ്ങാട് ചാത്തമറ്റത്തുനിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വണ്ണപ്പുറം ഭാഗത്തു താമസിക്കുന്ന കഞ്ഞിക്കുഴി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനില്‍നിന്നും വിളിച്ചറിയിച്ചു. ഇദ്ദേഹം നാട്ടുകാരെ കൂട്ടി പ്രതികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. സ്റ്റേഷനില്‍നിന്നും പോലീസെത്തിയപ്പോള്‍ ഒന്നാം പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് മല്‍പിടുത്തത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.
പ്രതികളെയും ആടുകളെയും വാനും ബൈക്കും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കഞ്ഞിക്കുഴി സി.ഐ. മാത്യു ജോര്‍ജിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. കെ.ജി. തങ്കച്ചന്‍, പോലീസ് ഉദ്യോഗസ്ഥരായ എ.ജെ. ജയന്‍, എം.ജോബി,രമണന്‍, പി.കെ. ജനില്‍, ബിനു സെബാസ്റ്റിയന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha























