വരുമ്പോള്‍ മലപോലെ... മാതൃകാ പുരുഷോത്തമനായ ബിനീഷ് കോടിയേരിയുടെ ഹിസ്റ്ററിയും ജോഗ്രഫിയും മാന്തിയെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്; ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി വിമാനക്കമ്പനി ജീവനക്കാരന്‍ ഇഡിക്ക് മൊഴി നല്‍കിയതോടെ രക്ത പരിശോധന നിര്‍ണായകം; വഴിവിട്ട കൂട്ടുകെട്ട് ഊരാക്കുടുക്കാകുമ്പോള്‍

വരുമ്പോള്‍ മലപോലെ എന്ന് കേട്ടിട്ടില്ലേ അതാണ് ബിനീഷ് കോടിയേരിക്കും സംഭവിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തതോടെ ബിനീഷ് കോടിയേരിയുടെ ചരിത്രവും ഭൂമിശാസ്ത്രവും മാന്തിയെടുക്കുകയാണ് ഇഡി. സിനിമ, ക്രിക്കറ്റ്, ദുബായ്, ബെംഗളരു ഇങ്ങനെ നീണ്ട് കിടക്കുന്ന വെറൈറ്റി മേഖലയിലെ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ ബിനീഷിനെ കുടുക്കുന്ന മൊഴികളാണ് പലരും നല്‍കിയത്. ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി കല്യാണ്‍ നഗറിലെ റോയല്‍ സ്വീറ്റ് അപ്പാര്‍ട്‌മെന്റ്‌സില്‍ അനൂപ് മുഹമ്മദിനൊപ്പം താമസിച്ചിരുന്ന വിമാനക്കമ്പനി ജീവനക്കാരന്‍ സോണറ്റ് ലോബോ ഇഡിക്കു മൊഴി നല്‍കി. ഇവിടെ 205, 206 മുറികളിലാണ് അനൂപും സോണറ്റ് ലോബോയും താമസിച്ചിരുന്നത്. ബിനീഷ് ഇവിടം സന്ദര്‍ശിച്ചിരുന്നതായും അനൂപുമൊത്ത് ലഹരി ഉപയോഗിച്ചിരുന്നതായുമാണ് മൊഴി.
അതേസമയം ബിനീഷ് കോടിയേരിക്കെതിരായ കേസിന്റെ അന്വേഷണം തലസ്ഥാനത്തേക്കും വരുന്നു. 4 പേര്‍ കൂടി കേരളത്തില്‍നിന്നു പ്രതികളാകുമെന്നാണു സൂചന. ഇവര്‍ ബിനീഷുമായി വന്‍കിട പണമിടപാടുകള്‍ നടത്തിയിരുന്നു. കരിങ്കല്‍ ക്വാറികളിലും ഈ സംഘത്തിനു വലിയ ഇടപാടുകളുണ്ടെന്നു കണ്ടെത്തിയിരുന്നു.
ബെംഗളൂരുവില്‍ നിന്നുള്ള സംഘം തലസ്ഥാനത്തെത്തിയെന്ന പ്രചാരണം ഇന്നലെ ഉച്ചയ്ക്കു ശേഷമുണ്ടായി. 8 കേന്ദ്രങ്ങളില്‍ ഇഡി പരിശോധനയുണ്ടാകുമെന്നും പ്രചരിച്ചു. മരുതന്‍കുഴിയിലെ ബിനീഷിന്റെ വീട്ടിലാണു പിതാവ് കോടിയേരി ബാലകൃഷ്ണനും താമസിക്കുന്നതെന്ന കണക്കുകൂട്ടലില്‍ മാധ്യമശ്രദ്ധ അങ്ങോട്ടായി. എന്നാല്‍ കോടിയേരിയും ഭാര്യയും ഇപ്പോള്‍ എകെജി സെന്ററിലെ ഫ്‌ലാറ്റിലാണെന്ന വിവരമാണു കാത്തുനിന്നവര്‍ക്കു ലഭിച്ചത്. ബിനീഷിന്റെ ബിസിനസ് പങ്കാളി അബ്ദുല്‍ ലത്തീഫിന്റെ ഫര്‍ണിച്ചര്‍, ഇലക്ട്രിക്കല്‍ സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുമെന്ന വിവരവും പുറത്തുവന്നു. ഇഡി ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലും അബ്ദുല്‍ ലത്തീഫ് ഉണ്ട്.
ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളി അബ്ദുല്‍ ലത്തീഫിനു യുഎഇ കോണ്‍സുലേറ്റുമായും സ്വപ്ന സുരേഷുമായും ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിങ് സെന്ററിന്റെ കരാര്‍ ലഭിച്ച യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ് അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെ 4 പേരുടെ ഉടമസ്ഥതയിലാണ്.
കരാര്‍ ലഭിച്ചതിനു യുഎഎഫ്എക്‌സ് തനിക്കു 24.50 ലക്ഷം രൂപ കമ്മിഷന്‍ ലഭിച്ചതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. അബ്ദുല്‍ ലത്തീഫിന്റെ പേരിലുള്ള കാര്‍ പാലസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്നു വേറെ 49 ലക്ഷവും സ്വപ്നയ്ക്കു ലഭിച്ചു.
ഇഡി കസ്റ്റഡിയില്‍ 6 ദിവസം പിന്നിട്ടതോടെ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനു വിധേയനായത് ഏകദേശം 47.5 മണിക്കൂറാണ്. പണമിടപാടുകളുടെ ഉറവിടം, ബെനാമി ഇടപാടുകള്‍ തുടങ്ങിയവയെ കുറിച്ചുള്ള ചോദ്യങ്ങളോടു നിസഹകരണം തുടരുകയാണ്.
ബിനീഷിന്റെതെന്നു ഇഡി സംശയിക്കുന്ന ബെനാമി കമ്പനികളുടെ ഇടപാടുകളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണത്തിനൊരുങ്ങുന്നുവെന്നാണ് വിവരം. പുതുതായി പ്രാബല്യത്തിലായ ബെനാമി നിയമപ്രകാരമാകും അന്വേഷണം.
2012 മുതലുള്ള ഇടപാടുകളാണ് ഇഡി പരിശോധിച്ചത്. അതിനു മുന്‍പ് 2008 മുതല്‍ ബിനീഷ് ദുബായിലായിരുന്ന കാലത്തെ ഇടപാടുകളും സംശയ നിഴലിലാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ആഡംബര കാറുകളെക്കുറിച്ചും പരാമര്‍ശമുണ്ട്. ബിനീഷിന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ 2നു ഹാജരാകാന്‍ ബിസിനസ് പങ്കാളി അബ്ദുല്‍ ലത്തീഫിന് സമന്‍സ് അയച്ചിരുന്നു. ക്വാറന്റീനിലാണെന്നാണ് ചൂണ്ടിക്കാട്ടി ഇതുവരെ ഹാജരായില്ല. എന്തായാലും ഇഡി അന്വേഷണം വ്യാപിപ്പിച്ചതോടെ ബിനീഷിന്റെ പല മേഖലയിലെ കൂട്ടുകാര്‍ അങ്കലാപ്പിലാണ്.
"
https://www.facebook.com/Malayalivartha


























