ദേശീയപാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍

കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍. വാഹനം ഇറങ്ങി വരുന്ന സമയത്താണ് റോഡില്‍ പെട്ടെന്ന് വിള്ളല്‍ വീഴുന്നത്. വേഗം ബസ് സൈഡില്‍ ഒതുക്കി കുട്ടികളെ സുരക്ഷിതമായി തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഷാജി പറഞ്ഞു. 36 ഓളം കുട്ടികളാണ് ബേസില്‍ ഉണ്ടായിരുന്നത്. സമീപത്തായി വയല്‍ ഉള്ളതിനാല്‍ വാഹനം കൂടുതല്‍ ഒതുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഷാജി പറഞ്ഞു. ഭൂകമ്പത്തിന് സമാനമായ അപകടമാണ് കൊട്ടിയം മൈലക്കാട് ഉണ്ടായിരിക്കുന്നത്.ദേശീയപാതയുടെ ഭൂമി ആഴത്തില്‍ വിള്ളല്‍ വന്ന സാഹചര്യത്തിലാണ് ഉള്ളത്.
വയലുകളാല്‍ ചുറ്റപ്പെട്ട ഭാഗമായതിനാല്‍ അപകടസാധ്യത ഉണ്ടാകുമെന്ന് നേരത്തെ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും നിവേദനം അടക്കം നല്‍കിയിരുന്നുവെന്നും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രതികരിച്ചു. പൊതുപ്രവര്‍ത്തകര്‍ പോലും ഡിപിആര്‍ കണ്ടിട്ടില്ലെന്നാണ് പരാതി. ചെളിയും മണ്ണും ഉപയോഗിച്ച് ഫില്‍ചെയ്യുകയാണെന്നും വയല്‍ ഭാഗമായത് കൊണ്ട്, മണ്ണ് ഇട്ടിട്ടുള്ള പണി നടക്കില്ലെന്നും പില്ലര്‍ വച്ചാല്‍ മാത്രമെ ശരിയാകുകയുള്ളൂ എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
അപകടത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് സ്ഥലം എംഎല്‍എ ജയലാലിന്റെ പ്രതികരണം. അതേസമയം, ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒരു വാഹനവും ഈ പ്രദേശത്ത് കൂടെ കടത്തി വിടില്ല. ദേശീയപാതയുടെ ഇരുവശത്തുകൂടിയുള്ള ഗതാഗതവും നിര്‍ത്തിവെച്ചു.
https://www.facebook.com/Malayalivartha


























