സ്വന്തം വിവാഹസല്‍ക്കാരത്തിന് വീഡിയോ കോളിലൂടെ പങ്കെടുത്ത് നവദമ്പതികള്‍

വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രതടസപ്പെട്ട നവദമ്പതികള്‍ സ്വന്തം വിവാഹസല്‍ക്കാരത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. നവംബര്‍ 23 നാണ് ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ മേധ ക്ഷീരസാഗറും സംഗമദാസും വിവാഹിതരായത്. ഹുബിള്ളി സ്വദേശിയാണ് വധുവായ മേധ ക്ഷീരസാഗര്‍. വരന്റെ സ്വദേശമായ ഒഡീഷയിലെ ഭുവനേശ്വറിലാണ് വിവാഹം നടന്നത്.
ഇവരുടെ വിവാഹസല്‍ക്കാരം വധുവിന്റെ നാടായ ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനില്‍ ഡിസംബര്‍ മൂന്നിന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 2 ന് ഭുവനേശ്വറില്‍ നിന്ന് ബംഗളൂരുവിലേക്കും തുടര്‍ന്ന് ഹുബ്ബള്ളിയിലേക്കുമാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വിവാഹസല്‍ക്കാരത്തിന് മുന്‍പ് വേദിയില്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നവദമ്പതികള്‍. അതിനാല്‍ സല്‍ക്കാരത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും അവിടെ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. പക്ഷേ, അപ്രതീക്ഷിതമായി ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയത് ഇവര്‍ക്ക് തിരിച്ചടിയായി.
നവദമ്പതികള്‍ക്കും ഒപ്പം ചില ബന്ധുക്കള്‍ക്കും വിവാഹസല്‍ക്കാരം നടക്കുന്ന സ്ഥലത്ത് കൃത്യസമയത്ത് എത്താന്‍ കഴിയില്ലെന്ന അവസ്ഥയായി. ഇതറിയാതെ അതിഥികള്‍ വേദിയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. തുടര്‍ന്ന് വധുവിന്റെ മാതാപിതാക്കള്‍ ഇടപെട്ട് ചടങ്ങുകള്‍ നടത്തി. പൂര്‍ണ്ണമായും വിവാഹവസ്ത്രം ധരിച്ച വധൂവരന്മാര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സല്‍ക്കാരത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























