പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് രാഷ്ട്രപതി നല്‍കുന്ന ഔദ്യോഗിക അത്താഴവിരുന്നില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ക്ഷണമില്ല. രാജ്യം സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്‍മാര്‍ക്ക് രാഷ്ട്രപതി ഔദ്യോഗിക വിരുന്ന് നടത്തി ആദരിക്കുന്നത് ദീര്‍ഘകാലമായുള്ള പാരമ്പര്യമാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് പുടിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു വിരുന്ന് നല്‍കുന്നത്.
രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ക്ഷണിച്ചിട്ടില്ല. അതേസമയം കോണ്‍ഗ്രസ് എം.പി ശശി തരൂരിന് വിരുന്നിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്ക് ക്ഷണം ലഭിച്ചതായും പങ്കെടുക്കുമെന്നും തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ ക്ഷണിക്കാത്തതിനെ കുറിച്ച് തനിക്കറിയില്ലെന്നും തരൂര്‍ പറഞ്ഞു.
റഷ്യയുടെ നയതന്ത്ര വിഭാഗവുമായുള്ള ശശി തരൂരിന്റെ ദീര്‍ഘകാലബന്ധമാണ് അദ്ദേഹത്തിന്റെ ലഭിച്ച ക്ഷണമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം നേതാക്കളെ തഴഞ്ഞു കൊണ്ട് ഞങ്ങളെ ക്ഷണിച്ചിരുന്നെങ്കില്‍ ആരും അതില്‍ പങ്കെടുക്കില്ലായിരുന്നുവെന്ന് തരൂരിനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെ മനസാക്ഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























