വേലയ്ക്ക് മറുവേലൈ... ദേശീയ അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ പിടി മുറുക്കുമ്പോള്‍ അതിന് കൈയ്യടിച്ച പ്രതിപക്ഷത്തിന് ഒന്നൊന്നായി വിക്കറ്റുകള്‍ നഷ്ടമാകുന്നു; എം.സി. കമറുദ്ദീന് പിന്നാലെ ഇബ്രാഹിം കുഞ്ഞും വീണതോടെ യുഡിഎഫ് അമ്പരപ്പില്‍; ഒരു ഡസണ്‍ പേരോളം ലിസ്റ്റിലുണ്ടെന്ന് തുറന്ന് പറഞ്ഞ് സഖാക്കള്‍

ഇന്ത്യയും പാകിസ്ഥാനും പോലെയുള്ള ഏകദിന ക്രിക്കറ്റ് ഫൈനല്‍ പോലെയാണ് കേരളത്തില്‍ കാര്യങ്ങള്‍ പോകുന്ന പോക്ക്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ പൊരിഞ്ഞ പോരാണ് നടക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ പിടി മുറുക്കിയതോടെ സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായി. പിന്നാലെ ബംഗളുരുവില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായി. അതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്‍ ലീവിലായി. ഇങ്ങനെ വിക്കറ്റുകള്‍ വീഴുന്നത് കണ്ട് പ്രതിപക്ഷം ആഘോഷിച്ചു.
എന്നാല്‍ സഖാക്കള്‍ കളി തുടങ്ങിയതോടെ എംസി കമറുദ്ദീന്‍ വീണു. അടുത്തത് ഒട്ടും പ്രതീക്ഷിക്കാതെ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വിക്കറ്റും സഖാക്കള്‍ എടുത്ത് ആഘോഷിച്ചു. ഇനിയും ഡസണ്‍ പേരെ വീഴ്ത്തുമെന്നാണ് പറയുന്നത്. ലീഗിനാണ് പരക്കെ ക്ഷീണം വന്നത്. സോളാറും ബാറും കൂടി വന്നാല്‍ കോണ്‍ഗ്രസ് പെട്ടു. സകല വിക്കറ്റും പോകാനാണ് സാധ്യത.
തദ്ദേശ തിരഞ്ഞെടുപ്പ് രാഷ്ട്രീയപ്പോരില്‍ യു. ഡി. എഫിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി, മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയെ പാലാരിവട്ടം ഫ്‌ളൈ ഓവര്‍ അഴിമതിക്കേസില്‍ ആശുപത്രി കിടക്കയില്‍ നിന്ന് വിജിലന്‍സ് നാടകീയമായി ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ്. നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ജോബിന്‍ സെബാസ്റ്റിയന്‍ ലേക്‌ഷോര്‍ ആശുപത്രിയില്‍ എത്തി ഇബ്രാഹിം കുഞ്ഞിനെ കണ്ട് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആശുപത്രിയില്‍ തന്നെ തുടരും. വിജിലന്‍സിന്റെ നാലു ദിവസത്തെ കസ്റ്റഡി അപേക്ഷയും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
കരാര്‍ കമ്പനിക്ക് 8.25 കോടി രൂപ പലിശയില്ലാതെ മുന്‍കൂര്‍ നല്‍കാന്‍ ഇബ്രാഹികുഞ്ഞ് ഉത്തരവിട്ടെന്ന പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. സ്വര്‍ണക്കടത്ത്, ലൈഫ് കേസുകളില്‍ ആരോപണ മുള്‍മുനയില്‍ നില്‍ക്കുന്ന ഇടതുമുന്നണിയും സര്‍ക്കാരും തിരിച്ചടിച്ച് യു.ഡി.എഫിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കാനാണ് കേസില്‍ പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് (മാര്‍ച്ച 7ന്) ഒമ്പതു മാസം പിന്നിടുമ്പോഴുള്ള അറസ്‌റ്റെന്ന് വ്യക്തം.
ജുവലറി നിക്ഷേപത്തട്ടിപ്പു കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം. സി ഖമറുദ്ദീന്‍ അറസ്റ്റിലായതിനു പിറകേ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായത് മുസ്‌ളിം ലീഗിന് കനത്ത പ്രഹരമാവുകയും ചെയ്തു. അതേസമയം, അറസ്റ്റ് വിവരം ചോര്‍ന്നു കിട്ടിയതോടെ ഇബ്രാഹിംകുഞ്ഞ് ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നെന്നും സൂചനയുണ്ട്. അര്‍ബുദത്തിന് ഇവിടെ ചികിത്സയിലാണ് അദ്ദേഹം.
രാവിലെ 8 മണിക്കാണ് വിജിലന്‍സ് നീക്കം തുടങ്ങിയത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി ശ്യാംകുമാറിന്റെ സംഘം ആലുവ മണപ്പുറം റോഡിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ വസതിയില്‍. ആശുപത്രിയിലാണെന്ന് ഭാര്യ അറിയിച്ചതോടെ വനിതാ പൊലീസിനെ വിളിച്ചുവരുത്തി വീട്ടില്‍ പരിശോധന നടത്തി.
പിന്നീട് ആശുപത്രിയിലെത്തിയ അന്വേഷണസംഘം മുറിയില്‍ കഴിഞ്ഞിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചികിത്സ തുടരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ നിയമോപദേശം തേടിയശേഷമായിരുന്നു വിജിലന്‍സിന്റെ തുടര്‍നീക്കങ്ങള്‍.
ഉച്ചയോടെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് പരിശോധിച്ച ജഡ്ജി ജോബിന്‍ സെബാസ്റ്റിയന്‍ ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു. ഇതോടെ രണ്ട് വിക്കറ്റുകളാണ് വീണത്. മൂന്നാമത്തെ ഊഴം കാത്തിരിക്കുകയാണ് സഖാക്കള്‍.
https://www.facebook.com/Malayalivartha