എംഎല്‍എ ബോര്‍ഡ് മാറ്റി... അതീവ രഹസ്യമായി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി ചാനലുകാരേയും കൂട്ടി വീട്ടിലെത്തിയ വിജിലന്‍സ് സംഘത്തിന് കുഞ്ഞിന്റെ പൂട പോലും കിട്ടിയില്ല; ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് വാശി തീര്‍ക്കുമ്പോള്‍ കേന്ദ്ര അന്വേഷണ സംഘത്തിന്റെ സൂക്ഷ്മതയും മാന്യതയും ചര്‍ച്ചയാകുന്നു

കേരളത്തില്‍ ഇപ്പോള്‍ രണ്ട് അറസ്റ്റുകളാണ് ചര്‍ച്ച ചെയ്യുന്നത്. സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറിന്റേയും മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റേതും. കേന്ദ്ര ഏജന്‍സിയും സംസ്ഥാന ഏജന്‍സിയും എങ്ങനെ ഇടപെട്ടു എന്നതാണ് പ്രധാനം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യാന്‍ പൂജപ്പുര വീട്ടില്‍ എത്തിയപ്പോള്‍ ഒരു മീന്‍ കുഞ്ഞുങ്ങളും അറിഞ്ഞില്ല. നെഞ്ച് വേദന അനുഭവപ്പെട്ട ശിവശങ്കറിനെ ഇഷ്ടമുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവം പൊളിയാണെന്നറിഞ്ഞെങ്കിലും കാത്തുനിന്നു. കോടതി വിധി വന്നതിന് ശേഷമാണ് മാന്യമായി അറസ്റ്റ് ചെയ്തത്.
അതേസമയം കസ്റ്റംസ് ഒരു മീന്‍ കുഞ്ഞുങ്ങളും അറിയാതെ ചെയ്തത് എല്ലാ മീന്‍കുഞ്ഞുങ്ങളും അറിഞ്ഞാണ് വിജിലന്‍സ് ചെയ്തത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് ഉപദേശം നല്‍കുന്നത് ദേശീയ ഉപദേഷ്ടാവായ അജിത് ഡോവലാണ്. കൊച്ചുവെളുപ്പാന്‍ കാലത്ത് ആരും അറിയാതെ എത്തിയ വിജിലന്‍സ് ഇളഭ്യരായി മടങ്ങി. അതിന് മുമ്പേ രഹസ്യം ചോര്‍ന്ന് കിട്ടി കുഞ്ഞ് ആശുപത്രിയിലായി. അതോടെ വനിത പോലീസിനെ വിളിച്ച് ചാനലുകാരുടെ മുമ്പില്‍ ആളായി ആശുപത്രിയില്‍ പോയി അറസ്റ്റ് ചെയ്തു. ആശുപത്രി കിടക്കയില്‍ വച്ച് ഒരു മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി.
ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് 3 ദിവസത്തിലേറെ നടത്തിയ അതീവരഹസ്യനീക്കം ചോര്‍ന്നുവെന്നാണ് സംശയം. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാര്‍ ചൊവ്വാഴ്ച ഉച്ചയോടെ എറണാകുളത്ത് എത്തിയിരുന്നു. തിരുവനന്തപുരം, കൊച്ചി റേഞ്ചിലെ വിജിലന്‍സ് ഉദ്യോഗസ്ഥരില്‍ തിരഞ്ഞെടുത്തവരെ മാത്രമാണു വിവരമറിയിച്ചത്. അവരും തയാറായി നിന്നു. ഇബ്രാഹിംകുഞ്ഞിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിനു ചൊവ്വാഴ്ച തന്നെ നിര്‍ദേശവും നല്‍കി.
ഇന്നലെ രാവിലെ 8.15ന് വിജിലന്‍സ് സംഘം ആലുവ തോട്ടയ്ക്കാട്ടുകരയില്‍ ഇബ്രാഹിംകുഞ്ഞിന്റെ പെരിയാര്‍ ക്രസന്റ് വസതിയിലെത്തി. ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഭാര്യ അറിയിച്ചു. തുടര്‍ന്ന്, വനിതാ പൊലീസിന്റെ സഹായത്തോടെ വിജിലന്‍സ് സംഘം വീടിനകം പരിശോധിച്ചു.
വിജിലന്‍സ് നീക്കം കൃത്യമായി അറിഞ്ഞ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിലേക്കു മാറിയെന്നാണു സംശയം. എംഎല്‍എ ബോര്‍ഡുള്ള കാര്‍ ഒഴിവാക്കി സ്വകാര്യ കാറില്‍ അദ്ദേഹം ചൊവ്വാഴ്ച രാത്രി 8 മണിയോടെ ആശുപത്രിയിലേക്കു തിരിച്ചു. പരിശോധനയ്ക്ക് എത്തേണ്ടിയിരുന്നത് മറ്റൊരു ദിവസമായിരുന്നുവെന്നു വിവരം ലഭിച്ചതോടെ വിജിലന്‍സ് സംഘം ആശുപത്രിയിലേക്കു തിരിച്ചു. ആരോഗ്യസ്ഥിതിയും അഡ്മിറ്റ് ആയ ശേഷം നല്‍കിയ ചികിത്സയുടെ വിവരങ്ങളും വിശകലനം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാന്‍ ഉന്നത ഓഫിസറില്‍ നിന്ന് വിജിലന്‍സിനു നിര്‍ദേശം ലഭിച്ചു.
പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസിലെ അഞ്ചാം പ്രതിയും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ കളമശേരി എംഎല്‍എ വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഇന്നലെ രാവിലെ 10.30ന് അദ്ദേഹം ചികിത്സയില്‍ കഴിയുന്ന വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
വൈകിട്ട് 6ന് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ ആശുപത്രിയിലെത്തി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ചികിത്സയ്ക്കായി ആശുപത്രിയില്‍ തുടരാന്‍ അനുവദിച്ചു. ചൊവ്വാഴ്ച വൈകിട്ട് എട്ടിനാണ് ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതി അംഗവും നിയമസഭാകക്ഷി ഉപനേതാവുമായ ഇബ്രാഹിംകുഞ്ഞിനെ പലതവണ ചോദ്യം ചെയ്ത ശേഷം ഇക്കൊല്ലം മാര്‍ച്ചിലാണ് കേസില്‍ പ്രതി ചേര്‍ത്തത്. റിമാന്‍ഡിലെ 14 ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്താലേ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിനു കഴിയൂ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹര്‍ജിയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ഇന്നു കോടതി പരിഗണിക്കും.
അത്സമയം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നു വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി അധികൃതര്‍. വിളര്‍ച്ചയുണ്ട്. രക്താണുക്കളുടെ എണ്ണം കുറവാണ്. കാന്‍സര്‍ ബാധിച്ച അദ്ദേഹം ഒരു വര്‍ഷമായി ഡോ. വി.പി. ഗംഗാധരന്റെ ചികിത്സയിലാണ്. ഇബ്രാഹിംകുഞ്ഞിന് എല്ലാ മാസവും പരിശോധന നടത്താറുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha