നീതു വധം: പ്രതി കുറ്റക്കാരന്‍, വിവാഹാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് കത്തിച്ചു, ശിക്ഷ 23-ന് പ്രഖ്യാപിക്കും.

എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയായ ചിയ്യാരം വല്‍സാലയത്തില്‍ നീതുവിനെ (21) വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. കേസില്‍ വടക്കേക്കാട് കല്ലൂര്‍കാട്ടയില്‍ വീട്ടില്‍ നിധീഷ് (27) ആണ് പ്രതി. തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ 23-ന്് ശിക്ഷ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിനു രാവിലെ 6.45-നായിരുന്നു സംഭവം.
നീതു ചിയ്യാരത്തുള്ള അമ്മാവന്റെ വീട്ടില്‍ താമസിച്ചാണു പഠിച്ചിരുന്നത്. നീതുവിന്റെ മാതാവ് മരിച്ചതിനെത്തുടര്‍ന്നു പിതാവ് പുനര്‍വിവാഹിതനായി വേറെയായിരുന്നു താമസം. കാക്കനാട്ട് ഐ.ടി. കമ്പനി ജീവനക്കാരനായ നിധീഷ് കളമശേരിയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു.
നിധീഷ് പുറകിലെ വാതിലിലൂടെയാണ് നീതുവിന്റെ വീട്ടിലേക്കു കടന്നത്. കുളിമുറിയില്‍ അതിക്രമിച്ചു കയറി നീതുവിനെ കഴുത്തിലും നെഞ്ചിലും വയറിലും മാരകമായി കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. കളമശേരിയില്‍നിന്നു കത്തിയും വിഷവും നായരങ്ങാടിയിലെ പമ്പില്‍നിന്നു പെട്രോളും വാങ്ങിയാണ് പ്രതി നീതുവിന്റെ വീട്ടിലെത്തിയത്.
ബഹളം കേട്ട് ഓടിയെത്തിയ നീതുവിന്റെ അമ്മാവന്മാരും അയല്‍വാസികളും നിധീഷിനെ പിടികൂടി നെടുപുഴ പോലീസില്‍ ഏല്‍പ്പിച്ചു. നെടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.വി. ബിജു രജിസ്റ്റര്‍ ചെയ്ത കേസില്‍ സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണറായ സി.ഡി. ശ്രീനിവാസനാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.
https://www.facebook.com/Malayalivartha