വീടിന്റെ കരം അടച്ചില്ലെങ്കില്‍ പോലും പത്രിക തള്ളും, പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ

തദ്ദേശതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെയാണ്. വീടിന്റെ കരം അടച്ചില്ലെങ്കില്‍ പോലും പത്രിക തള്ളുമെന്നാണ് ചട്ടം. സ്ഥാനാര്‍ഥികള്‍ക്കു സര്‍ക്കാരുമായോ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായോ ഒരു രൂപ പോലും കുടിശിക പാടില്ല. സ്ഥാനാര്‍ഥിയുടെ പേരില്‍ സ്ഥലവും കെട്ടിടവുമുണ്ടെങ്കില്‍ തദ്ദേശ സ്ഥാപനത്തിലും വില്ലേജ് ഓഫിസിലും കരം അടച്ചിരിക്കണം.
കേസുകള്‍, സ്വത്ത്, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പത്രികയോടൊപ്പം നല്‍കുന്ന സത്യപ്രസ്താവനകളില്‍ തെറ്റുണ്ടെങ്കിലും അസാധുവാകും. സര്‍ക്കാരിനു 50 ശതമാനത്തില്‍ കൂടുതല്‍ പങ്കാളിത്തമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ കുടിശികയുണ്ടെങ്കിലും പത്രിക നിരസിക്കും. 18 തികഞ്ഞാല്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെങ്കിലും സ്ഥാനാര്‍ഥിയും നാമനിര്‍ദേശകനും 21 തികയാത്തവരാണെങ്കില്‍ പത്രിക തള്ളും. തിരഞ്ഞെടുപ്പു കമ്മിഷനോ കോടതികളോ അയോഗ്യത കല്‍പ്പിച്ചവരുടെ പത്രികകളും നിരസിക്കും.
വോട്ടര്‍ക്ക് തദ്ദേശ സ്ഥാപന പരിധിയിലെ ഏതു വാര്‍ഡിലേക്കും മത്സരിക്കാമെങ്കിലും നിര്‍ദേശകന്‍ അതേ വാര്‍ഡിലെ വോട്ടറല്ലെങ്കില്‍ പത്രിക തള്ളും. ഇതൊന്നും വരണാധികാരി സ്വന്തം നിലയില്‍ അന്വേഷിച്ചു കണ്ടെത്തുമെന്ന ആശങ്ക വേണ്ട. സൂക്ഷ്മ പരിശോധനാ വേളയില്‍ എതിരാളികള്‍ ഇത്തരം പരാതികള്‍ ഉയര്‍ത്തിക്കൊണ്ടു വരുമ്പോഴാണു സ്ഥാനാര്‍ഥികള്‍ വെട്ടിലാകുന്നത്. പരാതി ഉന്നയിക്കുന്നവര്‍ തന്നെ തെളിവും ഹാജരാക്കണം. ആക്ഷേപമുന്നയിക്കുന്നവര്‍ തെളിവു ഹാജരാക്കിയാല്‍ അതിനെ മറികടക്കാനുള്ള തെളിവുണ്ടെങ്കില്‍ സ്ഥാനാര്‍ഥിക്കും ഹാജരാക്കാം.
https://www.facebook.com/Malayalivartha