തലശ്ശേരി-മാഹി ബൈപാസിലെ പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്ന സംഭവത്തില്‍ കമ്പനിക്ക് വിലക്ക്; നിലവിലെ ജോലികള്‍ തുടരും

തലശ്ശേരി-മാഹി ബൈപാസിലെ പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിക്ക് എതിരെ കര്‍ശന നടപടികളുമായി കേന്ദ്രം.
ഇനി ദേശീയപാത അതോറിറ്റിയുടെ മറ്റു കരാറുകള്‍ നേരിട്ടോ അല്ലാതെയോ ഏറ്റെടുക്കാന്‍ കരാര്‍ കമ്പനിയെ അനുവദിക്കണമെങ്കില്‍, പൊളിഞ്ഞ പാലത്തിന്റെ പണി മതിയായ മാനദണ്ഡങ്ങളനുസരിച്ച് പൂര്‍ത്തിയാക്കണം എന്ന നിലപാടിലാണ് കേന്ദ്രം.
നിലവിലെ കരാര്‍ അടുത്ത വര്‍ഷം മേയ് വരെയാണ്. ബൈപാസിന്റെ ഭാഗമായി നിര്‍മിക്കുന്ന ഏറ്റവും വലിയ പാലമാണിത്. പാലം തകര്‍ന്നത് രാഷ്ട്രീയ ആയുധമാക്കാന്‍ യുഡിഎഫ് ശക്തമായി ശ്രമിച്ചിരുന്നു. പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി വിമര്‍ശനമുന്നയിച്ചു. സ്ഥലം എംപി കെ.മുരളീധരന്റെ പരാതിയിലാണ് നടപടിയെന്നതില്‍ യുഡിഎഫിന് ആശ്വസിക്കാം.
മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തലശ്ശേരി-മാഹി ബൈപാസ് നിലവില്‍ വരുന്നത്. 900 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തിന്റെ നാവിഗേഷന്‍ സ്പാനിന്റെ ഭാഗമായ ഗര്‍ഡറുകളാണ് ഓഗസ്റ്റ് 26-ന് തകര്‍ന്നത്. ആകെ 5 ബീമുകള്‍ സ്ഥാപിക്കേണ്ടതില്‍, അഞ്ചരക്കണ്ടി പുഴയുടെ കൈവഴിയായ ധര്‍മടം പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ 4 ഗര്‍ഡറുകളാണ് പുഴയിലേക്ക് വീണത്. ബീമുകള്‍ താങ്ങി നിര്‍ത്താന്‍ പുഴയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പുതൂണുകള്‍ ഇളകി വീഴുകയായിരുന്നു. ധര്‍മടം പഞ്ചായത്തിലെ കിഴക്കേ പാലയാട് മുതല്‍ തലശ്ശേരി നഗരസഭയിലെ ബാലം വരെയാണ് പാലം.
ഗര്‍ഡര്‍ തകര്‍ന്നത് മൂലം ബൈപാസ് പൂര്‍ത്തിയാകാനുള്ള കാത്തിരിപ്പ് നീളാന്‍ കാരണമാകുമെന്ന് ആശങ്കകളുണ്ടായി. എന്നാല്‍ ദേശീയപാതാ അതോറിറ്റി നാവിഗേഷന്‍ സ്പാന്‍ ഭാഗത്ത് മാത്രം സ്റ്റോപ്പ് മെമോ നല്‍കി ബാക്കി ഭാഗങ്ങളില്‍ ജോലി തുടരാന്‍ കരാര്‍ കമ്പനിയെ അനുവദിച്ചു. എന്നാല്‍ കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം പദ്ധതിയുടെ ടീം ലീഡര്‍, അതോറിറ്റി എന്‍ജിനീയറിങ് സ്ഥാപനത്തിന്റെ ബ്രിജ്‌സ്ട്രക്ടചറല്‍ എന്‍ജിനീയര്‍ എന്നിവരെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്. കരാറുകാരുടെ പ്രോജക്ട് മാനേജരെ മാറ്റാനും നിര്‍ദേശിച്ചു. നിര്‍മാണത്തിനിടെ പാലം തകര്‍ന്നതിനെക്കുറിച്ച് കോഴിക്കോട് എന്‍ഐടി പഠനം നടത്തിയിരുന്നു.
തകര്‍ന്നു വീണ ഗര്‍ഡറിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പുഴയില്‍ നിന്നു നീക്കാന്‍ ദേശീയപാതാ അതോറിറ്റി അനുമതി നല്‍കിയെന്നും കരാര്‍ കമ്പനി ജീവനക്കാര്‍ പറഞ്ഞു. 42 മീറ്റര്‍ നീളമുള്ള ഒരു ബീമിന്റെ ഭാരം 150 ടണ്ണോളമുണ്ട്. പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നു വീണ ഭാഗത്തെ ജോലികള്‍ തുടരുമെന്നാണ് കമ്പനി അധികൃതര്‍ പറഞ്ഞത്.
സാധാരണ ഒരു ബീമാണ് ഉണ്ടാക്കിയിരുന്നതെന്നും ഇനി അതിന്റെ സ്ഥാനത്ത് രണ്ടു ബീം ഉണ്ടാക്കി സമയനഷ്ടം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ദേശീയ പാത അതോറിറ്റി അധികൃതര്‍ പറഞ്ഞിരുന്നു. പുഴയില്‍ വീണ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഉയര്‍ത്തി മാറ്റാന്‍ സാധിക്കില്ല. അതിനാല്‍ പുഴയില്‍ വച്ചു മുറിച്ചു ചെറുതാക്കിയ ശേഷമാകും നീക്കം ചെയ്യുക. ഇതിനാവശ്യമായ യന്ത്രങ്ങള്‍ ഉടന്‍ സ്ഥലത്തെത്തിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു
കോണ്‍ക്രീറ്റ് നിലത്തു തുളച്ചു കയറ്റുമ്പോള്‍ നിലത്തു നിന്നുള്ള ചെളിമണ്ണു തളളി വരുന്നതു കാരണമുളള പ്രശ്‌നം പരിഹരിക്കാന്‍ അടിത്തറ ഇനിയും ഉറപ്പുള്ളതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ നിര്‍മല്‍ സാഥെ ആ സമയത്ത് ഉറപ്പു നല്‍കിയിരുന്നു.ഇനി മെച്ചപ്പെട്ട ഗുണനിലവാര പരിശോധനകള്‍ക്കു വിധേയമായി പദ്ധതി പൂര്‍ത്തിയാക്കുക എന്നത് കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ക്കും നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha