മലപ്പുറം കോട്ടക്കലില്‍ അപകടത്തില്‍ മരിച്ച യുവ സൈനികന് നാടിന്റെ അന്ത്യാഞ്ജലി, ജോലിസ്ഥലത്തേക്ക് തിരിച്ചു പോകാനുള്ള തയാറെടുപ്പിനിടെ അപകടം

തിങ്കളാഴ്ച പുലര്‍ച്ചെ 6-ന് മലപ്പുറം കോട്ടക്കലില്‍ നടന്ന വാഹന അപകടത്തില്‍ മരിച്ച യുവ സൈനികന്‍ വെസ്റ്റ് എളേരി പറമ്പയിലെ വരകില്‍ വര്‍ഗീസ്-ആന്‍സി ദമ്പതികളുടെ മകന്‍ വിപിന്‍ വര്‍ഗീസിന് നാടിന്റെ അന്ത്യാഞ്ജലി.
കോഴിക്കോടുള്ള സഹപ്രവര്‍ത്തകന്റെ വീട്ടിലേക്ക് ബന്ധുവായ ആല്‍ബിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും വിപിന്‍ ഉച്ചയോടെ മരണപ്പെട്ടു. ആല്‍ബിന്റെ പരുക്ക് സാരമുള്ളതല്ല.
ഏക സഹോദരി ദിവ്യയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. മാലോത്ത് കസബ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പഠനത്തിന് ശേഷം 3 വര്‍ഷം മുന്‍പാണ് വിപിന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നത്. സൈനിക പരിശീലനത്തിന് ശേഷം ജാര്‍ഖണ്ഡില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
ജോലിസ്ഥലത്തേക്ക് 25-ന് തിരിച്ചു പോകാനുള്ള തയാറെടുപ്പിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയ പ്രിയപ്പെട്ട മകന്റെ ചേതനയറ്റ ശരീരം ചൊവ്വാഴ്ച വിട്ടിലെത്തിയപ്പോള്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും ദു:ഖം താങ്ങാനാവാതെ വിങ്ങിപ്പൊട്ടി.
അന്തിമോപചാരമര്‍പ്പിക്കാന്‍ ഒട്ടേറെ പേര്‍ എത്തി. മാലോം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തി. പറമ്പ സെന്റ് മേരീസ് പള്ളി വികാരി ഫാ.ജോബിന്‍ കാഞ്ഞിരത്തിങ്കല്‍ കാര്‍മികത്വം വഹിച്ചു.
https://www.facebook.com/Malayalivartha