തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായില്ല; സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്....

സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. പരിശോധിച്ച സാമ്പിളുകളില്‍നിന്ന് തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. തീപ്പിടിത്തത്തെ കുറിച്ച് കെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റും ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റും രണ്ടു തരത്തിലുള്ള പരിശോധന നടത്തിയിരുന്നു. ഇതില്‍ കെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റ് നാല്‍പ്പത്തഞ്ചോളം സാമ്പിളുകളാണ് പരിശോധിച്ചത്. ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റ് പതിനാറ് സാമ്പിളുകളും പരിശോധിച്ചു. സര്‍ക്കാരിന്റെയും പോലീസിന്റെയും വാദങ്ങളെ പൂര്‍ണമായും തള്ളുന്നതാണ് ഫോറന്‍സിക് പരിശോധനാഫലം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നായിരുന്നു പോലീസിന്റെയും സര്‍ക്കാരിന്റെയും ആദ്യവാദം.
നേരത്തെ ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റ് നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല തീപ്പിടിത്തത്തിനു കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പുതിയ വാദവുമായി പോലീസ് രംഗത്തെത്തി. പ്രോട്ടോക്കോള്‍ ഓഫീസിലെ ഫാനില്‍നിന്നുണ്ടായ തീ ഫയലിലേക്കും മറ്റും പടര്‍ന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നായിരുന്നു പോലീസ് പിന്നീട് വ്യക്തമാക്കിയത്. അതിനെ സാധൂകരിക്കാന്‍ ഗ്രാഫിക് ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫാനില്‍നിന്ന് തീപ്പിടിത്തം ഉണ്ടായതിന് യാതൊരു തെളിവും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താനായില്ല എന്നതാണ് ഈ റിപ്പോര്‍ട്ടിലെ കാതലായ ഭാഗം. ഫോറന്‍സിക് ഓഫീസിലെ മൂന്ന് വാള്‍ ഫാനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഈ ഫാനുകളുടെ വയറുകള്‍ പരിശോധിച്ചു. ഇവയ്ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടോ അഗ്നിബാധയുണ്ടാകാന്‍ കാരണമായുള്ള എന്തെങ്കിലും കേടുപാടുകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫോറന്‍സിക് പരിശോധനാഫലം വ്യക്തമാക്കുന്നു. മാത്രമല്ല, ഇതിലൊരു ഫാന്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമം ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതു കൂടാതെ ഒരു ഫാനിന്റെ മോട്ടറിന് സാങ്കേതിക തകരാര്‍ ഉണ്ടോയെന്ന് പറയാന്‍ കഴിയില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിൽ വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.
തീപ്പിടിത്തത്തിനു ശേഷം ശേഖരിച്ച സാമ്പിളുകളില്‍ രണ്ട് മദ്യക്കുപ്പികളും ഉള്‍പ്പെടുന്നുണ്ട്. ഇവ സംബന്ധിച്ച് കെമിക്കല്‍ അനാലിസിസും നടത്തിയിരുന്നു. മദ്യം നിറച്ച അവസ്ഥയിലായിരുന്നു ഈ രണ്ടു കുപ്പികളുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ കുപ്പികളും കാനുകളും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയിലൊന്നും തീപ്പിടിത്തത്തിന് കാരണമായേക്കാവുന്ന എണ്ണയോ മറ്റ് ഇന്ധനങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോട്ടോക്കോള്‍ ഓഫീസില്‍നിന്ന് ശേഖരിച്ച ഒരു സാമ്പിളിൽ പോലും തീപ്പിടിത്തത്തിന് കാരണമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. മൂന്ന് ഘട്ടമായാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ആദ്യ ഘട്ടത്തില്‍ ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചത്.
തീപ്പിടിത്തം ഉണ്ടായതിനു പിന്നാലെ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും തീപ്പിടത്തമുണ്ടാകാന്‍ സാധ്യതയുള്ള സാമ്പിളുകളും തെളിവുകളും ശേഖരിച്ചു. അതിനു ശേഷം രണ്ടുഘട്ടമായി സാമ്പിളുകള്‍ ഹാജരാക്കിയത് പോലീസാണ്.
തീപ്പിടിത്തം സംബന്ധിച്ച അന്വേഷണത്തിന്റെ ചുമതലയുള്ള എസ്.പി. ഒപ്പിട്ട സാമ്പിളുകളുടെ പാക്കറ്റുകളും ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റിന് പോലീസ് കൈമാറിയിട്ടുണ്ട്. പല ദിവസങ്ങളിലായാണ് ഇവ കൈമാറിയിരിക്കുന്നത്. ഫാനിന്റെ സാമ്പിളുകള്‍ കൈമാറിയിരിക്കുന്നത് രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടത്തിലാണ്. അതായത് ആദ്യ ഘട്ടത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുമ്പോള്‍ ഈ ഫാനുകളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടില്ലെന്നു വേണം കണക്കാക്കാന്‍. പിന്നീട് പോലീസാണ് ഈ ഫാനുകളുടെ സാമ്പിളുകള്‍ കൂടി പരിശോധിക്കണം എന്നാവശ്യപ്പെട്ട് ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റിന് കൈമാറിയത്. ഈ ഫാനുകളുടെ മുഴുവന്‍ ഭാഗവും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍നിന്ന് തീപ്പിടിത്തമുണ്ടായതിന്റെ യാതൊരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha