ശബ്ദം സ്വപ്നയുടേത് തന്നെ... മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പു സാക്ഷിയാക്കാമെന്ന തരത്തില്‍ പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്‌ന സുരേഷിന്റേതു തന്നെയാണെന്ന് ദക്ഷിണമേഖലാ ഡി.ഐ.ജി അജയകുമാര്‍! പുറത്തുപോയത് ജയിലില്‍ നിന്നല്ലെന്നും വിശദീകരണം....

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പു സാക്ഷിയാക്കാമെന്ന തരത്തില്‍ പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്‌ന സുരേഷിന്റേതു തന്നെയാണെന്ന് ദക്ഷിണമേഖലാ ഡി.ഐ.ജി അജയകുമാര്‍ വ്യക്തമാക്കി. അട്ടക്കുളങ്ങര ജയിലിലെത്തി ശബ്ദ സന്ദേശം പുറത്തുവന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ ശബ്ദസന്ദേശം പുറത്തുപോയത് ജയിലില്‍ നിന്നല്ലെന്നു വ്യക്തമായതായും പുറത്തുപോയ സമയത്താകാം ഇതെന്നും ഡി.ഐ.ജി വ്യക്തമാക്കി. ഉയര്‍ന്ന ആരോപണത്തില്‍ ജയില്‍ വകുപ്പ് പ്രതിക്കൂട്ടിലായതോടെയാണ് ഋഷിരാജ് സിംഗ് അന്വേഷണത്തിനുത്തരവിട്ടത്.
ശബ്ദ സന്ദേശത്തിന്റെ ഉറവിടം തെളിയിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായവും ജയില്‍ വകുപ്പ് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. ഇതു സംബന്ധിച്ച് ജയില്‍ ഡി.ജി.പിക്ക് ദക്ഷിണമേഖലാ ഡി.ഐ.ജി അജയകുമാര്‍ റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ ദിവസം ജയില്‍ വകുപ്പിനെതിരേ ഗുരുതരമായ ആരോപണം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ജയിലില്‍ നിരവധിപേര്‍ സ്വപ്നയെ സന്ദര്‍ശിച്ചുവെന്നും അതിന് ഡി.ജി.പി കൂട്ടുനിന്നുവെന്നുമായിരുന്നു ആരോപണം. ഇതിനെതിരേ കെ. സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുനല്‍കിയിരിക്കുകയാണ് ഋഷിരാജ് സിംഗ്.
അതേസമയം സ്വപ്ന സുരേഷിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയെ കുറിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റും അന്വേഷണം തുടങ്ങി. ഇന്നലെ വൈകിട്ടോടെ പുറത്തിറങ്ങിയ ശബ്ദ രേഖയിൽ രാത്രി തന്നെ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്ക് നീങ്ങുന്ന അന്വേഷണം വഴി തെറ്റിക്കാൻ ബോധപൂർവ്വം റെക്കോർഡ് ചെയ്തതെന്നാണ് എൻഫോഴ്സ്മെന്റിന്റെ സംശയം. മൊഴിയെടുത്തതെന്ന് സന്ദേശത്തിൽ പറയുന്ന തിയ്യതികളിൽ വ്യത്യാസമുണ്ട്. ആറിന് മൊഴിയെടുത്തെന്നാണ് സ്വപ്നയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്.
എന്നാല്‍ സ്വപ്നയുടെ മൊഴിയെടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പങ്കിനെകുറിച്ച് സ്വപ്ന വെളിപ്പെടുത്തിയതും പത്താം തീയതിയാണെന്നാണ് ഇഡി വാദം. ആ ദിവസമാണ് ശിവശങ്കറിന്റെ സ്വർണ്ണക്കടത്തിലെ ബന്ധത്തെക്കുറിച്ചും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പങ്കിനെക്കുറിച്ചും പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്ക് അന്വേഷണം നീങ്ങുന്നതിനിടെ അത് വഴിതെറ്റിക്കാനാണ് ഇത്തരത്തിലൊരു സന്ദശം പുറത്തുവിട്ടതെന്നുമാണ് ഇഡി പ്രതികരിക്കുന്നത്.
https://www.facebook.com/Malayalivartha