നൂലില്‍ പൊതിഞ്ഞ 'പന്ത്' എടുത്ത് കളിച്ച ആറുവയസ്സുകാരന് അദ്ഭുത രക്ഷപ്പെടല്‍, കയ്യിലിരുന്നു പൊട്ടിയത് പന്നിപ്പടക്കം!

അഞ്ചല്‍ ഏരൂര്‍ പാണയം കാഞ്ഞിരംവിള വീട്ടില്‍ രേവതിയുടെ മകന്‍ ആറുവയസ്സുകാരന്‍ ആരോണ്‍ വീടിന്റെ പിന്‍വശത്തെ മുറ്റത്തു കളിക്കുകയായിരുന്നു. രേവതി രണ്ടുമാസം പ്രായമുള്ള ഇളയ കുട്ടിക്കൊപ്പമായിരുന്നു.
പെട്ടെന്നാണ് ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദം കേട്ടത്. രേവതി ഓടിച്ചെല്ലുമ്പോള്‍ കാണുന്നതു മുറിവേറ്റ കൈകളുമായി നിലവിളിക്കുന്ന ആരോണിനെയാണ്. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ചുറ്റും കരിമരുന്നിന്റെ ഗന്ധം, ചിതറിയ കുപ്പിച്ചില്ലുകള്‍. രേവതിയുടെ അച്ഛന്‍ രാജന്‍കുട്ടിയും അമ്മ ശോഭനകുമാരിയും എത്തി കുഞ്ഞിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നൂലില്‍ പൊതിഞ്ഞ 'പന്ത്' എടുത്തു കളിച്ചതാണെന്നാണ് ആരോണ്‍ പറയുന്നത്.
ഇവിടം വനത്തോടു ചേര്‍ന്ന പ്രദേശമാണ്. കാട്ടുപന്നികളെ വകവരുത്താന്‍ ആരെങ്കിലും പന്നിപ്പടക്കം എത്തിച്ചതാകാമെന്നാണ് സംശയം. കയ്യിലിരുന്നു പൊട്ടിയ പന്നിപ്പടക്കത്തില്‍നിന്ന് നിസ്സാരപരുക്കുകളോടെ ആരോണ്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഉറ്റവര്‍.
കയ്യിലിരുന്നു പൊട്ടിയ പന്നിപ്പടക്കം കുതിച്ചുയര്‍ന്നു മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് തകര്‍ത്തു ചിതറി. പടക്കത്തിന്റെ പ്രഹരശേഷി കൂട്ടാന്‍ ഉപയോഗിക്കുന്ന കുപ്പിച്ചില്ലുകളും മറ്റും ഭാഗ്യത്തിനു കുട്ടിയുടെ ദേഹത്തു തുളച്ചു കയറിയില്ല. കൈകള്‍ക്കു പൊള്ളലുണ്ട്. ഏരൂര്‍ പൊലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha