ഡോള്‍ഫിന്‍ രതീഷിന് ഗിന്നസ് റെക്കോര്‍ഡ്, ബന്ധിച്ച കൈകാലുമായി നീന്തിയത് 10 കിലോമീറ്റര്‍!

കൈകാല്‍ ബന്ധിച്ചുള്ള നീന്തലില്‍ ഒഡിഷക്കാരനായ ഗോപാല്‍ ഖാര്‍വിങ് 2013-ല്‍ നേടിയ റെക്കോര്‍ഡ് ഡോള്‍ഫിന്‍ രതീഷ് തകര്‍ത്തു. ടിഎസ് കനാലില്‍ 10 കിലോമീറ്റര്‍ നീന്തിയ രതീഷ് (38) ഗോപാല്‍ ഖാര്‍വിങിന്റെ 3.071 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് ആണ് തകര്‍ത്തത്. ഇംഗ്ലിഷ് ചാനല്‍ 35 കിലോമീറ്റര്‍ നീന്തിക്കയറുക എന്നതാണ് രതീഷിന്റെ അടുത്ത ലക്ഷ്യം.
കരുനാഗപ്പള്ളിയില്‍ ഗിന്നസ് റെക്കോര്‍ഡ്‌സ് പ്രതിനിധികളുടേയും നീന്തലില്‍ ദേശീയ റെക്കോര്‍ഡ് ഉടമകളായ ലിജു, അനുജ എന്നിവരുടേയും ജനപ്രതിനിധികളുടേയും സാന്നിദ്ധ്യത്തില്‍ ഇന്നലെ രാവിലെ 8.50-ന് പണിക്കര്‍ കടവ് പാലത്തിനു സമീപത്തു നിന്നാണ് നീന്തല്‍ ആരംഭിച്ചത്.
5 മണിക്കൂറും 11 മിനിട്ടും എടുത്താണ് രതീഷ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. പരിശീലന സമയത്ത് രണ്ടേ മുക്കാല്‍ മണിക്കൂര്‍ എടുത്തായിരുന്നു രതീഷ് ലക്ഷ്യ സ്ഥാനം കണ്ടിരുന്നത്. എന്നാല്‍ വേലിയേറ്റത്തെത്തുടര്‍ന്നു കായലില്‍ ഉണ്ടായ മാറ്റങ്ങള്‍ പ്രതികൂലമായി ബാധിച്ചു. ഇതെല്ലാം അതിജീവിച്ചാണു രതീഷ് നീന്തിക്കയറിയത്.
ഒന്‍പതര കിലോമീറ്റര്‍ നീന്താന്‍ 4 മണിക്കൂര്‍ എടുത്ത രതീഷ്, അവസാനത്തെ അര കിലോമീറ്റര്‍ നീന്തിക്കയറാന്‍ ഒരു മണിക്കൂറിലധികം എടുത്തു. 20 സെന്റീമീറ്റര്‍ നീളമുള്ള കൈയ്യാമവും 50 സെന്റീമീറ്റര്‍ നീളമുള്ള ആമവും കാലില്‍ ബന്ധിച്ചായിരുന്നു നീന്തല്‍.
കൊല്ലം ബീച്ചില്‍ ലൈഫ് ഗാര്‍ഡ് ആയി സേവനം അനുഷ്ഠിക്കുകയാണ് ആലപ്പാട് പഞ്ചായത്തിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമായ രതീഷ്. അതിസാഹസിക നീന്തല്‍ ഇനത്തില്‍ നേരത്തെ ലിംക റെക്കോര്‍ഡ്‌സിലും രതീഷ് സ്ഥാനം നേടിയിരുന്നു. ചെറിയഴീക്കല്‍ കോവശ്ശേരില്‍ രാധാകൃഷ്ണന്റെയും കുസുമജയുടെയും മകനാണ്. ഭാര്യ: നിജ.
https://www.facebook.com/Malayalivartha