വിശ്വാസം രക്ഷിച്ചില്ല... കേന്ദ്ര അന്വേഷണ ഏജന്‍സികളെ നാണം കെടുത്താന്‍ അനുവദിക്കില്ലെന്നുറച്ച് അജിത് ഡോവല്‍; എത്രയും വേഗം സ്വപ്നയുടെ ഓഡിയോയുടെ നിജസ്ഥിതിയറിയാന്‍ നിര്‍ദേശം; കാര്യങ്ങള്‍ കൈവിട്ടതോടെ തത്തിക്കളിച്ച് സ്വപ്നയും കൂട്ടരും

ഒരു ശബ്ദത്തില്‍ എന്തിരിക്കുന്നു എന്നാണ് പലരും ചോദിച്ചത്. എന്നാല്‍ ശബ്ദത്തില്‍ പലതും ഇരിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര അന്വേഷണ സംഘങ്ങളെല്ലാം രാജ്യ സുരക്ഷ ഉപദേഷാടാവ് അജിത് ഡോവലാണ് നിരീക്ഷിക്കുന്നത്. എന്നാല്‍ ആ അന്വേഷണ ഏജന്‍സികളുടെമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി അരങ്ങേറിയത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ ഓഡിയോ പുറത്ത് വിട്ടതിന്റെ പിന്നില്‍ വലിയ ഗൂഢാലോചന നടന്നുവെന്നാണ് കേന്ദ്ര ഏജന്‍സികള്‍ കരുതുന്നത്. അതിനാല്‍ തന്നെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം തുടങ്ങി.
പുറത്തുവന്നിരിക്കുന്ന ശബ്ദസന്ദേശം തന്റേതുപോലെ തോന്നുന്നെങ്കിലും പൂര്‍ണമായി ഉറപ്പില്ലെന്നു സ്വപ്ന സുരേഷ് ജയില്‍ ഡിഐജി അജയകുമാറിനു മൊഴി നല്‍കിയത്. അന്നത്തെ മാനസിക, ശാരീരിക സ്ഥിതി അത്രയും പ്രയാസകരമായിരുന്നതിനാലാണ് ഓര്‍മ വരാത്തതെന്നും പറഞ്ഞു. ശബ്ദസന്ദേശം കൃത്രിമമാണോയെന്നു വിശദ അന്വേഷണം വേണമെന്നു ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ വിദഗ്ധാന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തു നല്‍കി. ശബ്ദരേഖ എവിടെ വച്ച്, ആരു പകര്‍ത്തിയെന്നു കണ്ടെത്തണമെന്നാണ് ആവശ്യം.
ശബ്ദസന്ദേശം തന്റേതെന്നു പൂര്‍ണമായി ഉറപ്പില്ലെന്നു പറയാന്‍ സ്വപ്ന ചൂണ്ടിക്കാട്ടിയ കാരണങ്ങളിങ്ങനെയാണ്. സന്ദേശത്തില്‍ കൂടുതലും കൃത്യമായ മലയാളത്തിലാണു സംസാരം. രണ്ടോ മൂന്നോ വാക്കേ ഇംഗ്ലിഷിലുള്ളൂ. എന്നാല്‍ താന്‍ മലയാളം പഠിച്ചിട്ടില്ലാത്തതിനാല്‍ കൂടുതലും ഇംഗ്ലിഷിലാണു സംസാരിക്കുന്നത്. മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ലിഷ് വാക്കുകളാകും കൂടുതലും കടന്നുവരിക. ഇക്കാര്യങ്ങള്‍ ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം ജയില്‍ വകുപ്പിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ പ്രത്യേക അന്വേഷണം വേണമെന്നാണ് ഋഷിരാജ് സിങ്ങിന്റെ നിലപാട്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ നടന്ന സംഭാഷണമല്ലെന്നാണു ജയില്‍ വകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ മാസം 14നു ജയിലില്‍ വന്ന േശഷം ബുധനാഴ്ച തോറുമാണു സ്വപ്നയ്ക്കു സന്ദര്‍ശകരെ അനുവദിച്ചിട്ടുള്ളത്. അമ്മ, ഭര്‍ത്താവ്, 2 മക്കള്‍, സഹോദരന്‍ എന്നിവരെ കാണാനേ അനുമതിയുള്ളൂ. ഇവിടെവച്ച് ഒരിക്കല്‍ അമ്മയോടു മാത്രമേ സംസാരിച്ചിട്ടുള്ളൂ. എന്നാണ് ജയില്‍ വകുപ്പ് നല്‍കുന്ന വിശദീകരണം.
അതേസമയം കേന്ദ്ര ഏജന്‍സികളും സ്വപ്നയുടെ ശബ്ദത്തിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ട്. കസ്റ്റംസ്, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയില്‍ ഏത് ഏജന്‍സിയാണ് ആവശ്യപ്പെട്ടതെന്നോ ആരോടാണു സ്വപ്ന ഇതു പറയുന്നതെന്നോ സന്ദേശത്തില്‍ വ്യക്തമല്ല. ഇക്കാര്യങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. സംസാര രീതിയനുസരിച്ച് വളരെ അടുപ്പവും വിശ്വാസവുമുള്ള ഒരാളോടാണു പറയുന്നതെന്ന നിഗമനത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍. സ്വപ്ന സംസാരിക്കുമ്പോള്‍ ഇടയ്ക്കു മൂളുന്ന പുരുഷ ശബ്ദം വ്യക്തമായി കേള്‍ക്കാം. നേരിട്ടു സംസാരിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തതാണെന്നാണു നിഗമനം.
ജയില്‍ രേഖകള്‍ പ്രകാരം അടുത്ത ബന്ധുക്കള്‍ക്കു പുറമേ കസ്റ്റംസ്, ഇഡി, ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന സംസ്ഥാന വിജിലന്‍സ്, വ്യാജബിരുദക്കേസ് അന്വേഷിക്കുന്ന ലോക്കല്‍ പൊലീസ് എന്നിവര്‍ മാത്രമാണു സ്വപ്നയോടു നേരില്‍ സംസാരിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തണം എന്ന് തന്നെയാണ് ജയില്‍ വകുപ്പും പറയുന്നത്. എന്തായാലും ഇതിന്റെ സത്യം ഉടനറിയാം.
https://www.facebook.com/Malayalivartha