കോവിഡ് കാലത്ത്... ഇക്കൊല്ലത്തെ മണ്ഡലകാലത്തും തീര്‍ത്ഥാടകരുടെ വരവില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് തവണകള്‍ സ്ത്രീ പ്രവേശനത്തിന്റെ പേരിലും ഇക്കുറി കോവിഡിന്റെ പേരിലുമാണ് മണ്ഡലകാലം പോയത്

സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഓഫീസുകളിലും പോകുമ്പോള്‍ കോവിഡില്ലെന്ന സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധിതമാക്കാത്ത സര്‍ക്കാര്‍ ശബരിമലയില്‍ കോവിഡ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയതോടെയാണ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടായതെന്നാണ് ആരോപണം.
ശരീരോഷ്മാവ് പരിശോധനയാണ് കോവിഡ് ഉണ്ടോ ഇല്ലെയോ എന്നറിയാന്‍ സംസ്ഥാനത്ത് എല്ലായിടത്തും നടത്തുന്നത്. തിരുവിതാംകൂര്‍ ഉള്‍പ്പെടെയുള്ള എല്ലാ ദേവസ്വം ബോര്‍ഡുകളിലും ഇതേ കീഴ വഴക്കമാണ് പിന്തുടരുന്നത്. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലൊന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെടുന്നില്ല. മഹാക്ഷേത്രമായ ഗുരുവായൂരിലും ഇതു തന്നെയാണ് അവസ്ഥ. എന്നിട്ടും ശബരിമലയില്‍ മാത്രം ഇത് നിര്‍ബന്ധമാക്കിയത് തീര്‍ത്ഥാടകര്‍ വരരുത് എന്ന ആഗ്രഹം കൊണ്ടുമാത്രമാണെന്ന് ചിലര്‍ പറയുന്നു. പമ്പാ സ്‌നാനം പോലും കോവിഡ് കാരണത്താല്‍ ഇല്ല.
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കുറഞ്ഞതോടെ ദേവസ്വം ബോര്‍ഡിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അടുത്ത മാസം ക്ഷേത്രങ്ങളിലെ ശമ്പളം കൊടുക്കാന്‍ പോലും നിവ്യത്തിയില്ലാത്ത അവസ്ഥയാണ്. ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ആയിരം പേര്‍ക്കാണ് ശബരി മലയില്‍ പ്രവേശനം നല്‍കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കാണ് ദര്‍ശനാനുമതി. എന്നാല്‍ കഴിഞ്ഞ ദിവസം 500 പേര്‍ പോലും ദര്‍ശനത്തിനെത്തിയിരുന്നില്ല. കഴിഞ്ഞമണ്ഡലകാലത്ത് ആദ്യ ദിവസത്തെ നടവരുമാനം 3. 32 കോടിയും രണ്ടാം ദിവസം 3.63 കോടിയുമായിരുന്നു. ഇത്തവണ ഇത് യഥാക്രമം 10 ലക്ഷവും 8 ലക്ഷവുമായി കുറഞ്ഞു. ഉദയാസ്തമന പൂജയും പടി പൂജയും പുനരാരംഭിച്ചതോടെയാണ് ഇത്തവണ വരുമാനം ഇത്രയെങ്കിലും ലഭിച്ചത്.
പടിപൂജയ്ക്ക് 75,000 വും ഉദയാസ്തമന പൂജയ്ക്ക് 40,000 രൂപയുമാണ് വഴിപാട് തുക. സോപാനവും പരിസരവും ഇപ്പോള്‍ തീര്‍ത്തും വിജനമാണ്. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനാകാതെ ബുദ്ധിമുട്ടുന്ന ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലാണ്. തീര്‍ത്ഥാടകരുടെ എണ്ണം ഏറ്റവും കുറഞ്ഞത് 5000 ആയെങ്കിലും ഉയര്‍ത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതിയില്‍ തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം 20,000ത്തില്‍ നിന്ന് 40,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ ഇന്നലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച ചെയ്‌തെങ്കിലും ഭക്തര്‍ക്കെതിരായ നിലപാട് തന്നെയാണ് ബോര്‍ഡും മന്ത്രിയും പിന്തുടരുന്നത്.
തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രിയെ ബോര്‍ഡ് ധരിപ്പിച്ചു. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കാന്‍ ഹൈക്കോടതി ദേവസ്വം ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സൗകര്യങ്ങള്‍ പരിഗണിച്ച് എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ അപാകതയില്ലെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ജി. മനോജ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വിഷയം ഹൈക്കോടതി തിങ്കളാഴ്ച പരിഗണനയ്ക്ക് എടുക്കുന്നതോടെ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.
സബ് കണ്‍ട്രോളിംഗ് ഓഫീസുകളും പ്രവര്‍ത്തനം പുണ്യമായി പടിപൂജയും ഉദയാസ്തമന പൂജയും സാധാരണ മലയാള മാസപൂജകള്‍ക്കായി നട തുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ മാത്രം നടത്തിയിരുന്ന പടിപൂജയും ഉദയാസ്തമന പൂജയും തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 15 വരെ ദിവസവും നടക്കും. മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഡിസംബര്‍ 31 മുതല്‍ ജനുവരി 10 വരെയും ശേഷം ജനുവരി 15 മുതല്‍ 19 വരെയും പടി പൂജയും ഉദയാസ്തമന പൂജയും നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മീനമാസ (മാര്‍ച്ച്) പൂജകള്‍ മുതല്‍ മുടങ്ങിയ മലയാളമാസത്തിലെ പടി പൂജയും ഉദയാസ്തമന പൂജയുമാണ് നടന്നുവരുന്നത്. പടി പൂജയും ഉദയാസ്തമന പൂജയും മുടങ്ങിപ്പോയവരെ അറിയിക്കുകയും എത്താന്‍ കഴിയാത്തവര്‍ക്ക് പകരമായി ലിസ്റ്റില്‍ നിന്ന് ശേഷം ഉള്ളവരെ പരിഗണിക്കുകയും അവര്‍ക്കും എത്താന്‍ കഴിയാത്ത പക്ഷം പുതിയതായി ബുക്ക് ചെയ്യുന്നവരെ പരിഗണിക്കുകയും ചെയ്യും.
അതേ സമയം ശബരിമലയില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഇക്കുറി സൗജന്യ ഭക്ഷണമില്ല. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ജോലി ചെയ്യുന്ന പൊലീസുകാരില്‍ നിന്നും പണം വാങ്ങി മെസ്സു നടത്താന്‍ ഉത്തരവിറങ്ങി. ഇത് പോലീസുകാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളിലാണ് പൊലീസ് മെസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്. മണ്ഡലമകര വിളക്ക് കാലത്ത് ഇവിടെ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് മൂന്നു നേരവും മെസ്സില്‍ നിന്നും സൗജന്യമായാണ് ഭക്ഷണം നല്‍കുന്നത്. ഇതിനായി സര്‍ക്കാര്‍ മണ്ഡലകാലത്തിന് മുമ്പേ ഡിജിപിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറാറുണ്ട്. 2011 മുതലാണ് സര്‍ക്കാര്‍ തന്നെ പൊലീസുകാരുടെ ഭക്ഷണത്തിന് പണം നല്‍കി തുടങ്ങിയത്. അന്ന് നല്‍കിയത് 75 ലക്ഷം രൂപയാണ്. ഓരോ വര്‍ഷവും വര്‍ദ്ധിപ്പിച്ചു.
ഇക്കുറി കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ 350 പൊലീസുകാരെ മാത്രമാണ് വിന്യസിച്ചത്. ഇവര്‍ക്കാവശ്യമായ പണം പോലും അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് മെസ്സ് നടത്തിപ്പിന് പൊലീസുകാര്‍ തന്നെ പണം നല്‍കണമെന്ന് മെസ്സിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമാണ്ടന്റ് ഉത്തരവിരക്കിയത്. ഉത്തരവിലും പിഴവ് കടന്നു കൂടി. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിന് ദേവസ്വം ബോര്‍ഡ് പണം അനുവദിച്ചില്ലെന്നാണ് ഉത്തരവില്‍ ചൂണ്ടികാട്ടുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി മെസ്സ് നടത്തുന്നതില്‍ സേനയില്‍ വന്‍ അമര്‍ഷമുണ്ട്.
ബറ്റാലിയന് സര്‍ക്കാര്‍ അനുവദിച്ച് പണം കൊണ്ട് നിലവില്‍ മെസ്സ് തുടങ്ങിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സഹായം ലഭിക്കാത്തിനാല്‍ പൊലീസുകാരില്‍ നിന്നും പണം വാങ്ങാതെ മെസ്സ് നടത്തികൊണ്ടുപോകാനാവില്ലെന്ന് ബറ്റാലിയന്‍ എഡിജിപി കെ പത്മകുമാര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് മണ്ഡല കാലങ്ങളില്‍ സന്നിധാനത്ത് നടന്നത് എന്താണെന്നു ഇന്നും അയ്യപ്പ ഭക്തര്‍ ഓര്‍ക്കുന്നുണ്ടാവും.
രണ്ടു എഡിജി പി , 8 ഐ.ജി , 14 ഡിവൈ എസ് പി , 30 വനിത എസ് ഐ പിന്നെ ആയുധം ഏന്തിയ അസംഖ്യം വരുന്ന പോലീസ് പട, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ജലപീരങ്കികള്‍ മുതല്‍ സ്‌പെഷ്യല്‍ വെപ്പന്‍സ് ഒക്കെ ഉള്ള കമാന്‍ഡോകളെയാണ് അന്ന് ശബരിമല സന്നിധാനത്ത് സര്‍ക്കാര്‍ വാരിവിതറിയത്. നിലക്കല്‍ മുതല്‍ സന്നിധാനം വരെ കേരള പോലീസിന്റെ കനത്ത ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തി. എങ്ങും ജാഗ്രതാ നിര്‍ദേശം. സ്വാമിമാര്‍ സഞ്ചരിച്ച വാഹനങ്ങള്‍ ഉള്ളില്‍ കയറി വരെ പരിശോധിക്കുന്നു.
വൃശ്ചികം ഒന്നിന് മല കയറി ശബരീശ സന്നിധിയില്‍ എത്തിയ ഭക്തരായ സ്വാമിമാരെ എതിരേറ്റത് സര്‍ക്കാര്‍ പ്രഖ്യാപിച്ച 144 ആയിരുന്നു.
ഭക്തര്‍ വിരി വെക്കുകയും നാമജപ ഘോഷം നടത്തുകയും കര്‍പ്പൂരാഴി തീര്‍ക്കുകയും ചെയ്യുന്ന വലിയ നടപ്പന്തല്‍ പൂട്ടി പോലീസ് സീല്‍ വച്ചു. അവിടെ ഇരിക്കാതെയും, കിടക്കാതെയും, വിരി വെക്കാതിരിക്കാതയുമിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ഹോസ് വച്ചു വെള്ളം പമ്പ് ചെയ്തു ചെളി കയറ്റി . സ്വാമിമാര്‍ നിശബ്ദം കരഞ്ഞു.
വലിയ നടപ്പന്തലില്‍ ഒരു കുഞ്ഞു പോലും ഇല്ലാത്ത ആദ്യ മണ്ഡല കാലം ആയിരുന്നു അത്. ശരണം വിളിക്കാന്‍ പാടില്ല, കെട്ടിറക്കി വിരി വെക്കാന്‍ പാടില്ല, സാന്നിധാനത്തു തങ്ങാന്‍ അനുവാദമില്ല .
ഒടുവില്‍ ഭക്തര്‍ കൂട്ടത്തോടെയെത്തി നാമജപം തുടങ്ങി. ആദ്യം പകച്ചു പോയ പോലീസ് സേന നാമജപം നിയന്ത്രിക്കുന്ന സംഘത്തെ വളഞ്ഞു. ഉടനടി വടവും മറ്റും കൊണ്ടു വന്നു ഭക്തജന കൂട്ടത്തില്‍ നിന്നു 'നാമജപം സംഘത്തെ', ഏകദേശം 75, 80 പേരുടെ കൂട്ടത്തെ വേര്‍തിരിച്ചു കൊണ്ടു വന്നു അറസ്റ്റ് ചെയ്തു തുടങ്ങി. ശരണം വിളിക്കുന്ന നാമജപ സംഘത്തെ പോലീസ് ശാരീരികമായി കൈകാര്യം ചെയ്യുന്നത് കണ്ട കൂട്ടം കൂടി നിന്ന ഭക്തജനങ്ങള്‍ നാമജപം തുടര്‍ന്ന് ഏറ്റെടുത്തു. നിശ്ശബ്ദമാക്കപ്പെട്ട സന്നിധാനം അത്യുച്ചത്തില്‍ ഉള്ള നാമജപം കൊണ്ട് മുഖരിതമായി. അന്ന് നട അടക്കും വരെ അതു തുടര്‍ന്നു.
അറസ്റ്റ് ചെയ്യപ്പെട്ട 69 പേരെ പൊലീസ് വലിച്ചിഴച്ചു പമ്പയിലേക്ക് കൊണ്ട് പോയി. അവിടെ നിന്നു മണിയാര്‍ പോലീസ് ക്യാമ്പിലേക്കു മാറ്റി. നാമം ജപിച്ചതിന് 50000 പേര്‍ക്കെതിരെ കേസ് എടുത്തു.
ആസുരിക ഭരണത്തില്‍ കീഴില്‍ നാമം ജപിച്ചതിന് ശിക്ഷ ഏറ്റു വാങ്ങിയ പ്രഹ്ലാദനെ കാത്തു രക്ഷിക്കാന്‍ തൂണു പിളര്‍ന്നു ആണ് ഭഗവാന്‍ അവതരിച്ചത്. തൂണിലും തുരുമ്പിലും അവന്‍ ഉണ്ടല്ലോ എന്നാണ് സമരത്തില്‍ നേതൃത്വം നല്‍കിയ ഒരു ഭക്തന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.
അന്ന് ആ സ്വാമിമാര്‍ നയിച്ച നാമജപ സംഘം കൊളുത്തിയ തിരി ആണ് പിന്നീട് 41 വരെയും ദീപരാധനക്ക് ശേഷം തിരുനട അടക്കും വരെ സന്നിധാനത്തെ ഭക്തി നിര്‍ഭരമാക്കി ആളിക്കത്തിച്ചത്. വൃശ്ചികം ഒന്നിനും അത് തുടര്‍ന്നു. ഇന്നും അതു തുടരും.
"
https://www.facebook.com/Malayalivartha