മുഖ്യനെ തകർക്കാനുള്ള രാഷ്ട്രീയ കളി? സർക്കാരിനെ ലക്ഷ്യംവെച്ചുള്ള തിരക്കഥക്കയ്ക്കനുസരിച്ച് നടത്തുന്ന അന്വേഷണപ്രഹസനമാണോ കേന്ദ്ര ഏജൻസികൾക്ക് പിന്നിൽ... അന്വേഷണ ഏജൻസികളുടെ ലക്ഷ്യം മുൻകൂട്ടി തിരിച്ചറിഞ്ഞ് അതിനു കവചമൊരുക്കാൻ തയ്യാറായി സി.പി.എം.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ ഉറവിടം കണ്ടെത്താന്‍ കേസെടുത്ത് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസില്‍ ആശയക്കുഴപ്പം.ശബ്ദരേഖ തന്റേതാണെന്ന് നേരത്തെ സ്വപ്ന സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെ കേസെടുക്കുമെന്നാണ് പൊലീസ് സംശയിക്കുന്നത്. ശബ്ദരേഖയുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ഇന്ന് നിയമോപദേശം ലഭിക്കും.ഇതിന്റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടികള്‍. ശബ്ദ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം വേണമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു ശബ്ദ സന്ദേശം.സ്വര്‍ണക്കടത്ത് പ്രതികളും മുഖ്യമന്ത്രിയുമായുള്ള ഗാഢബന്ധത്തിനു തെളിവാണ് ശബ്ദരേഖയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എഡിറ്റ് ചെയ്തതെന്നു കരുതപ്പെടുന്ന സ്വപ്നയുടെ ശബ്ദസന്ദേശം ബുധനാഴ്ച രാത്രിയാണ് സ്വകാര്യ വാര്‍ത്താ പോര്‍ട്ടല്‍ പുറത്തുവിട്ടത്.ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജി അജയകുമാര്‍ സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലെത്തി ഇന്നലെ നടത്തിയ അന്വേഷണത്തില്‍ ശബ്ദം സ്വപ്നയുടേതു തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം സ്വപ്ന സമ്മതിച്ചതായി ഡി.ഐ.ജി വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍, സന്ദേശം റെക്കാര്‍ഡ് ചെയ്തത് എന്നാണെന്നോ, ആരാണെന്നോ അറിയില്ലെന്നാണ് സ്വപ്നയുടെ മൊഴി.
അതേസമയം കേന്ദ്ര ഏജൻസികളുടെ, പ്രത്യേകിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം മുഖ്യമന്ത്രിയിലേക്കു നീങ്ങുന്നെന്ന അപകടമാണ് സി.പി.എം. തിരിച്ചറിയുന്നത്. അന്വേഷണത്തിന്റെ ‘രാഷ്ട്രീയം’ ആദ്യം പാർട്ടിയും പിന്നീട് സർക്കാരും വെളിപ്പെടുത്തുകയും മുന്നണിയാകെ സമരത്തിനിറങ്ങുകയും ചെയ്തപ്പോഴും മുഖ്യമന്ത്രിയാണ് ലക്ഷ്യം എന്നൊരു ആരോപണത്തിലേക്ക് സി.പി.എം. എത്തിയിരുന്നില്ല.
സർക്കാരിനെ അട്ടിമറിക്കാനും വികസനപദ്ധതികൾ മരവിപ്പിക്കാനുമുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ നടത്തുന്നതെന്ന വിമർശനമായിരുന്നു നേരത്തേ സി.പി.എം. ഉയർത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യംചെയ്യാൻ ഇ.ഡി. ഒരുങ്ങിയതോടെ അന്വേഷണം മുഖ്യമന്ത്രിയിലേക്കാണെന്ന സംശയത്തിലേക്ക് സി.പി.എം. എത്തിയിരുന്നു. ഇപ്പോൾ സ്വപ്നയുടേതായി വന്ന ശബ്ദസന്ദേശവും ശിവശങ്കറിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങളും ഇ.ഡി.യുടെ ലക്ഷ്യം മുഖ്യമന്ത്രിയാണെന്ന വാദം ഉറപ്പിക്കുന്നതാണ്. സ്വപ്നയുടെയും ശിവശങ്കറിന്റെയും വെളിപ്പെടുത്തൽ ആയുധമാക്കിത്തന്നെ ഇതിനെതിരേ രാഷ്ട്രീയപ്രതിരോധം തീർക്കാനാണ് സി.പി.എം. തീരുമാനം. അന്വേഷണത്തിന്റെ വിശ്വാസ്യത തകർക്കുകയും അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയം സ്ഥാപിക്കുകയുമാണ് അവർ ലക്ഷ്യമിടുന്നത്.
സർക്കാരിന്റെ പ്രധാന പദ്ധതികളിൽ കരാറും ഉപകരാറും നൽകിയതിൽ കൂട്ടുകച്ചവടം നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. ആരോപിക്കുന്നത്. നാലു പദ്ധതികളുടെ വിവരങ്ങൾ തേടിയത് അതുകൊണ്ടാണ്. കരാർ ഏറ്റെടുത്ത കമ്പനികളുമായി സ്വർണക്കടത്ത് കേസിലെ പ്രതികൾക്കടക്കം ബന്ധമുണ്ടായിരുന്നെന്നാണ് ഇ.ഡി.യുടെ സംശയം. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു ‘ടീം’ ഇതിനുപിന്നിൽ പ്രവർത്തിച്ചെന്ന് ഇ.ഡി. കോടതിക്കു നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുകയും ചെയ്തു.
രവീന്ദ്രനിൽനിന്ന് ഈ രഹസ്യം ചോർത്തുകയെന്നതാണ് ചോദ്യംചെയ്യലിന്റെ ലക്ഷ്യം. രവീന്ദ്രനുമായും സർക്കാരുമായും അടുപ്പമുള്ള ചിലർ കമ്പനി രൂപവത്കരിച്ചും അല്ലാതെയും കോടികളുടെ കരാർ ഏറ്റെടുത്തിട്ടുണ്ട്. ടെൻഡർപോലുമില്ലാതെ ചില കമ്പനികൾക്ക് ആവർത്തിച്ച് കരാർ ലഭിക്കുന്നതിലും ഇ.ഡി. ദുരൂഹത കാണുന്നുണ്ട്. ഇ.ഡി.യുടെ അന്വേഷണരീതി മുഖ്യമന്ത്രിയെ എങ്ങനെയെങ്കിലും കേസിന്റെ ഭാഗമാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടിയാണെന്നാണ് സി.പി.എം. കണക്കുകൂട്ടുന്നത്.
വരുന്നതിനെ നേരിടുക എന്നതിനപ്പുറം വരാനിരിക്കുന്നതിനെ കടന്നാക്രമിക്കുക എന്ന രീതിയിലേക്ക് സി.പി.എം. മാറി. കിഫ്ബിക്കെതിരായ സി.എ.ജി. നീക്കം പ്രതിരോധിച്ചത് ഇങ്ങനെയാണ്. അന്വേഷണ ഏജൻസികളുടെ ലക്ഷ്യം മുൻകൂട്ടി തിരിച്ചറിഞ്ഞ് അതിനു കവചമൊരുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പരസ്പരവിരുദ്ധമെന്നു കോടതിതന്നെ നിരീക്ഷിച്ച ഇ.ഡി. റിപ്പോർട്ട്, മുഖ്യമന്ത്രിയെയും സർക്കാരിനെയും ലക്ഷ്യംവെച്ചുള്ള തിരക്കഥക്കയ്ക്കനുസരിച്ച് നടത്തുന്ന അന്വേഷണപ്രഹസനമാണെന്ന് സി.പി.എം. ആരോപിക്കുന്നത് ഇതുകൊണ്ടാണ്.
https://www.facebook.com/Malayalivartha