മഹിളാമാള്‍ പ്രശ്‌നം: കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഫസ്‌ന സമരം അവസാനിപ്പിച്ചു

കോഴിക്കോട് മഹിളാമാളില്‍ സമരം നടത്തിവന്ന ഫസ്‌ന അഷ്‌റഫ് ബന്ധുവീട്ടിലേക്കു താമസം മാറി. പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
സംരംഭകയായ ഫസ്‌ന അഷ്‌റഫിനോട് വാടകവീട്ടില്‍നിന്ന് മാറണമെന്നു വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മാളില്‍ മകള്‍ക്കൊപ്പം താമസിച്ച് സമരം തുടങ്ങിയത്. സമരം നടത്തിയ 3 ദിവസവും കലക്ടറെയും ജില്ലാ അധികാരികളെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇന്നലെ കലക്ടര്‍ സമയം അനുവദിച്ചതിനെ തുടര്‍ന്ന് ഫസ്‌ന അഷ്‌റഫ് കലക്ടറെക്കാണാന്‍ ചേംബറിലെത്തുകയായിരുന്നു. കടയിലെ വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിക്കാനും മറ്റു സൗകര്യങ്ങളൊരുക്കാനും മഹിളാമാള്‍ നടത്തിപ്പുകാരോട് കലക്ടര്‍ നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കകം കുടുംബശ്രീ അധികൃതരെയും മഹിളാമാള്‍ മാനേജ്‌മെന്റിനെയും ഉള്‍പ്പെടുത്തി പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്താമെന്നും കലക്ടര്‍ ഉറപ്പു നല്‍കി.
തല്‍ക്കാലം മഹിളാമാളില്‍നിന്നും താമസം മാറണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഫസ്‌ന അഷ്‌റഫ് മഹിളാമാളില്‍ തിരിച്ചെത്തി. അപ്പോഴേക്കും മഹിളാമാള്‍ അധികൃതര്‍ വൈദ്യുതി പ്രശ്‌നം പരിഹരിച്ചു നല്‍കിയിരുന്നു. തുടര്‍ന്ന് ആറരയോടെ ഫസ്‌നയും മകളും ബന്ധുവീട്ടിലേക്ക് താമസം മാറി.
https://www.facebook.com/Malayalivartha