സിഎജി ഭൂതം കൊണ്ടേ പോകൂ... പലവട്ടം അവസരം വന്നിട്ടും ചെന്നിത്തലയും കൂട്ടരും പാറപോലെ ഉറച്ചതിനാല്‍ മാത്രമാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ തൊടാത്തത്; ചെന്നിത്തലയെ കൂടി വെറുപ്പിച്ചതോടെ കാര്യങ്ങള്‍ കൈവിടുന്നു; സര്‍ക്കാരിനെ പിരിച്ചു വിടാനായി ആദ്യത്തെ വെടി പൊട്ടിച്ച് സുരേന്ദ്രന്‍; എല്ലാം നിരീക്ഷിച്ച് ഗവര്‍ണറും അമിത്ഷായും

സയാമീസ് ഇരട്ടകളെ പോലെ പ്രതിപക്ഷമേത് ഭരണപക്ഷമേത് എന്ന് മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ കഴിയാത്ത വിധമാണ് രമേശ് ചെന്നിത്തല ഭരണപക്ഷവുമായി ചേര്‍ന്ന് നിന്നത്. ഇങ്ങനെ പല കോണ്‍ഗ്രസ് നേതാക്കളേയും വെറുപ്പിച്ച് മുഖ്യമന്ത്രിയോടൊപ്പം സമരത്തിന് ഇറങ്ങിയ ചെന്നിത്തലയെ പലരും ഉപദേശിച്ചതാണ് പണി കിട്ടുമെന്ന്. ആ ഉപദേശം ഇപ്പോഴാണ് ഏറ്റത്. മുഖ്യമന്ത്രി കുപ്പായം തച്ച് ഇടാന്‍ തക്കം പാര്‍ത്തിരുന്ന ചെന്നിത്തലയെ കിട്ടിയ അവസരത്തില്‍ ബാറില്‍ കുടുക്കിയിരിക്കുകയാണ്. ഇതോടെ എങ്ങനെയും സര്‍ക്കാരിനെ തകര്‍ക്കാനായി തക്കം പാര്‍ത്തിരിക്കുകയാണ് ചെന്നിത്തല.
സി.എ.ജി. റിപ്പോര്‍ട്ട് ചോര്‍ത്തിയ സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്നാണ് ചെന്നിത്തലയും ബിജെപി പ്രസിഡന്റ് കെ. സുരേന്ദ്രനും പറയുന്നത്. സി.എ.ജിയ്‌ക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചതിനെതിരെ ആരോപണങ്ങളുമായാണ് കെ.സുരേന്ദ്രന്‍ രംഗത്തെത്തിയത്. കിഫ്ബി ഓഡിറ്റിംഗ് നടത്താറുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ മുഖ്യമന്ത്രി ഇപ്പോള്‍ സി.എ.ജിക്കെതിരെ ഉറഞ്ഞുതുളളുന്നതിന്റെ കാര്യമെന്താണ്. കിഫ്ബി ഇടപാടില്‍ വലിയ അഴിമതി നടന്നിരിക്കുന്നു. അത് കണ്ടെത്തും എന്ന വേവലാതിയാണ് മുഖ്യമന്ത്രിയ്‌ക്കെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
ധനമന്ത്രിയും മുഖ്യമന്ത്രിയും സി.എ.ജി റിപ്പോര്‍ട്ട് വായിച്ചതായി പറഞ്ഞു. അങ്ങനെ ചെയ്‌തെങ്കില്‍ ഭരണഘടനാ വിരുദ്ധമാണ്. അത് മാത്രം മതി സര്‍ക്കാരിനെ പിരിച്ചുവിടാനെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തെ ഭരണഘടനയെ സംബന്ധിച്ചോ ഭരണസംവിധാനത്തെ കുറിച്ചോ സാമാന്യ അറിവുളളവര്‍ പോലും സി.എ.ജിക്കെതിരെ ബാലിശമായ ആരോപണം ഉന്നയിക്കില്ലെന്ന് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഇവിടെ ഭരണഘടന അനുസരിച്ചുളള കാര്യങ്ങളല്ല നടക്കുന്നത്. ധനമന്ത്രി പറയുന്നത് കിഫ്ബിയ്ക്ക് എല്ലാത്തരത്തിലുമുളള അനുമതിയുണ്ടെന്നാണ്. സി.എ.ജി ഭരണഘടനാ വിരുദ്ധമായി കാര്യങ്ങള്‍ പറയുമോ? ഇടപെടാത്തിടത്ത് ഇടപെട്ടാല്‍ ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ടല്ലോയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊലക്കേസ് പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കേസ് നടത്തുന്നത് നമ്മുടെ നികുതി പണം കൊണ്ടാണ്. കിഫ്ബി, മസാലബോണ്ട് എന്നീ സര്‍ക്കാര്‍ കാര്യങ്ങളില്‍ വേണ്ട അനുമതി തേടിയിട്ടില്ല. മസാലബോണ്ടിന് അനുമതി ലഭിച്ചിട്ടില്ല. അത് നിയമവിരുദ്ധമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നേരത്തെയൊക്കെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച ചെന്നിത്തല വെറുപ്പിച്ചതിനാല്‍ ഇപ്പോള്‍ അതിന് തയ്യാറല്ല. ധനമന്ത്രി തോമസ് ഐസക്കിന്റേയും മുഖ്യമന്ത്രിയുടേയും വാര്‍ത്താ സമ്മേളനത്തിനെതിരെ ചെന്നിത്തല ശക്തമായാണ് രംഗത്ത് വന്നത്. ധനകാര്യമന്ത്രി ഗുരുതരമായ ചട്ടലംഘനവും നിയമലംഘനവുമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രി തന്റെ വകുപ്പിനെപ്പറ്റിയുളള സി എ ജി റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
രാജ്യത്തെ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലയിലാണ് കേരളത്തിലെ മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ധനമനന്ത്രിയുടെ അമ്പരപ്പിക്കുന്ന നടപടി. മന്ത്രിയുടെ പത്ര സമ്മേളനത്തില്‍ കരട് സി എ ജി റിപ്പോര്‍ട്ട് എന്നാണ് പറഞ്ഞത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയ്ക്ക് ഫൈനലൈസ് ചെയ്യാത്ത, നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാത്ത റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അത് മാത്രം മതി സര്‍ക്കാരിനെ പിരിച്ചുവിടാനെന്ന് സുരേന്ദ്രന്‍ പറഞ്ഞത് വെറുതേയല്ല. കേരളത്തിലെ സംഭവങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ആഭ്യന്തര മന്ത്രികൂടിയായ അമിത് ഷാ. ഗവര്‍ണറുടെ തീരുമാനമാണ് നിര്‍ണായകം. ഭരണഘടന ലംഘനം കണ്ടാല്‍ നോക്കിയിരിക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കൂടാതെ ചെന്നിത്തലയും അതിന് പിന്തുണയ്ക്കും. എന്തായാലും ചെന്നിത്തലയെ കൂടി വെറുപ്പിച്ചതിനാല്‍ കാര്യങ്ങള്‍ കൈവിടുകയാണ്.
"
https://www.facebook.com/Malayalivartha