മുന്നോട്ട് വച്ച കാല്‍ ആദ്യമായി... ഇനി ഭൂമി കുലുങ്ങിയാലും മാറ്റില്ലെന്ന് പറഞ്ഞ മാധ്യമ മാരണ നിയമം ഇല്ലാതായി; അവസാനം കൊത്തിയ പാമ്പിനെ കൊണ്ട് വിഷമിറക്കിയ ശേഷം പോലീസ് നിയമ ഭേദഗതി പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടു; മാധ്യമങ്ങള്‍ക്കും പോലീസിനും ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനും സന്തോഷം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് കളിക്കരുതെന്ന് പലരും പലവട്ടം പറഞ്ഞതാണ് കേട്ടില്ല. പൗരത്വ നിയമത്തെ ചൊല്ലി ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ പോയവെരെല്ലാം പണി മേടിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്തിന് ഗവര്‍ണറെ തിരിച്ചു വിളിക്കാനായി കത്ത് നല്‍കിയ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പോലും ഇപ്പോള്‍ ഗവര്‍ണറുടെ കരുണ കാത്ത് കഴിയുകയാണ്. ഗവര്‍ണര്‍ ഒന്ന് ഒപ്പു വച്ചാല്‍ വിജിലന്‍സ് ചെന്നിത്തലയെ പൊക്കും.
വിവാദമായ പോലീസ് ഭേദഗതി ബില്‍ മന്ത്രിസഭ പാസാക്കി ഗവര്‍ണറുടെ അടുത്ത് എത്തിച്ചപ്പോള്‍ തന്നെ നിമയമത്തിലെ സങ്കീര്‍ണതകള്‍ ബോധ്യമായി. നിയമ വിദഗ്ധരുമായി ആലോചിച്ച് അതിന്റെ പൊല്ലാപ്പുകള്‍ മനസിലാക്കി. എങ്കിലും കൊത്തിയ പാമ്പിനെ കൊണ്ട് വിഷമിറക്കിക്കാനായി ഒന്നും നോക്കിയില്ല, ഒപ്പിട്ട് നിയമമാക്കി. നിയമം വന്ന് 24 മണിക്കൂര്‍ കഴിയും മുമ്പേ കൊത്തിയ പാമ്പിനെല്ലാം വിഷമിറക്കേണ്ട സ്ഥിതിയായി. അവസാനം സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി കൂടി നിയമത്തെ തള്ളി പറഞ്ഞതോടെ അതിന് അന്ത്യം കുറിച്ചു. അങ്ങനെ ആദ്യമായി മുന്നോട്ട് വച്ച കാല്‍ പിന്നോട്ടെടുത്തു.
വിവാദമായ പൊലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ് ഒടുവില്‍ റദ്ദായിരിക്കുകയാണ്. ഭേദഗതി പിന്‍വലിക്കാനുള്ള റിപ്പീലിങ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ വൈകുന്നേരം ഒപ്പിട്ടു. ഒരു ഓര്‍ഡിനന്‍സ് റദ്ദാക്കാനായി റിപ്പീലിങ് ഓര്‍ഡിനന്‍സ് ഇറക്കുന്നത് സംസ്ഥാനചരിത്രത്തില്‍ ആദ്യമാണ്. 5 ദിവസം മാത്രം ആയുസ്സുള്ള നിയമഭേദഗതിയായി ഇനിയിത് അറിയപ്പെടും.
പ്രത്യേക ദൂതന്‍ വഴി ഉച്ചയോടെയാണ് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് കൈമാറിയത്. പാര്‍ട്ടിയിലും ഇടതുമുന്നണിയിലും സംസ്ഥാനത്താകെയും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തര നടപടിയിലേക്കു നീങ്ങിയത്. നവംബര്‍ 21നാണ് ഗവര്‍ണറുടെ അംഗീകാരത്തോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നത്.
അതേസമയം പോലീസ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജികളില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
നിയമം ദുരുപയോഗം ചെയ്യുമെന്ന ആശങ്ക കണക്കിലെടുത്തു ഭേദഗതി പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ 24നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമഭേദഗതിക്കെതിരെ ആര്‍എസ്പി നേതാക്കളായ ഷിബു ബേബി ജോണ്‍, എ.എ. അസീസ്, എന്‍.കെ. പ്രേമചന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണു ഹൈക്കോടതി പരിഗണിക്കുന്നത്.
പുറത്തിറക്കി 2 ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യുന്നത് സംസ്ഥാനത്ത് ആദ്യ സംഭവമായിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും ആയുസ്സ് കുറഞ്ഞ നിയമമായി കേരള പൊലീസ് ഭേദഗതി മാറി. നിയമസഭ കൂടാത്തപ്പോള്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന നിയമങ്ങളാണ് ഓര്‍ഡിനന്‍സ്. അസാധാരണ സാഹചര്യം ഗവര്‍ണറെ ബോധ്യപ്പെടുത്തിയാണ് ഓര്‍ഡിനന്‍സ് ഇറക്കുക. ഭരണഘടനയുടെ 123, 213 വകുപ്പുകളാണു യഥാക്രമം രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ അധികാരം നല്‍കുന്നത്. നിയമസഭാ സമ്മേളനം തുടങ്ങി 6 ആഴ്ചയ്ക്കുള്ളില്‍ ഓര്‍ഡിനന്‍സിനു പകരം ബില്‍ കൊണ്ടുവന്നില്ലെങ്കില്‍ അസാധുവാകും. പല കാരണങ്ങളാല്‍ ചില ഓര്‍ഡിനന്‍സുകള്‍ കാലഹരണപ്പെട്ടു പോകാന്‍ സര്‍ക്കാര്‍ വിട്ടുകൊടുക്കാറുണ്ട്. എന്നാല്‍ പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നത് കേരളത്തില്‍ ആദ്യമാണ്. ഗവര്‍ണര്‍ ഒപ്പിടുമോയെന്ന് പലരും പേടിച്ചതാണ്. എന്നാല്‍ കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിയ ശേഷം ഒപ്പിടുകയായിരുന്നു. സര്‍ക്കാരിന്റെ തോറ്റ മുഖം കണ്ടതോടെ മാധ്യമങ്ങള്‍ക്കും പോലീസിനും ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനും സന്തോഷം
"
https://www.facebook.com/Malayalivartha