കടം നല്കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയതും ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്... തടവിലായതുകൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല... ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ അനുവാദം നല്‍കണമെന്ന വിചിത്രമായ അപേക്ഷയുമായി അഭിഭാഷകന് ആളൂര്‍
കൂടത്തായി കൊലപാതക പരമ്പര കേസില്‍ വിചിത്ര അപേക്ഷയുമായി ജോളിയുടെ അഭിഭാഷകന് അഡ്വ.ബി.എ.ആളൂര്‍. ജോളി ജയിലില്‍ ആയതിനാല്‍ അവര്‍ക്കായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്കി. വിവിധയാളുകളില്‍ നിന്നായി ജോളിക്ക് മുപ്പത് ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും ആളൂര്‍ കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നു.
കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് ആളൂര്‍ വിചിത്രമായ അപേക്ഷ നല്‍കിയത്. കടം നല്കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയതും ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്. തടവിലായതുകൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. അതിനാല്‍ അവരുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ അഭിഭാഷകന് അനുവാദം നല്‍കണമെന്നാണ് ആളൂരിന്റെ ആവശ്യം.
ജോളിയുടെ സാമ്പത്തിക കാര്യങ്ങളിലുള്ള ആളൂരിന്റെ ഇടപെടലിനെ പ്രോസിക്യൂഷനും പൊലീസും പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. ജോളി കൊലപാതകങ്ങള്‍ നടത്തിയത് സാമ്പത്തിക നേട്ടത്തിനായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ജോളിക്ക് 30 ലക്ഷം രൂപയോളം പലരില്‍ നിന്നുമായി കിട്ടാനുണ്ടെന്ന അഭിഭാഷകന് ആളൂരിന്റെ വെളിപ്പെടുത്തല്‍ പൊലീസിന്റെ നേരത്തെയുള്ള കണ്ടെത്തലുകള്‍ക്ക് ബലം നല്‍കുന്നതാണ്. ജയിലിന് പുറത്ത് ആളൂരുമായി സംസാരിക്കാന്‍ അനുവാദം നല്‍കണമെന്ന് ജോളി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടത്തായി കൂട്ടക്കൊല കേസിലെ ആറ് കേസുകളുടേയും വിചാരണ അടുത്തമാസം 18-ലേക്ക് കോടതി മാറ്റി വച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha