'ഞങ്ങള്‍ അനാവശ്യം പറയും, ഭീഷണിപ്പെടുത്തും'; പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തില്‍ അധിക്ഷേപിച്ച പൊലീസുകാരനെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റി

തിരുവനന്തപുരം നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ചു. കള്ളിക്കാട് സ്വദേശി സുദേവനോടാണ് പൊലീസ് മോശമായി പെരുമാറിയത്. അധിക്ഷേപ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പരാതിക്കാരനോട് മോശമായി പെരുമാറിയ പൊലീസുകാരനെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റി.
ഞായറാഴ്ചയാണ് സുദേവന്‍ ആദ്യം പരാതി നല്‍കിയത്. അന്ന് പൊലീസ് വിവരങ്ങള്‍ തേടി. എന്നാല്‍ കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍് പിറ്റേന്ന് വീണ്ടും സുദേവന്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് നെയ്യാര്‍ ഡാം പൊലീസിന്റെ ധാര്‍ഷ്ട്യം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഗ്രേഡ് എസ്എഐ ഗോപകുമാര്‍ സുദേവനോട് തട്ടിക്കയറി.
പൊലീസ് അധിക്ഷേപിച്ചെന്നും താന്‍ മദ്യലഹരിയിലാണെന്ന് ആരോപിച്ചുവെന്നും സുദേവന്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പൊലീസ് മേധാവി തന്നെ ഇടപെട്ടത്. സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെ അടിയന്തരമായി സ്ഥലം മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഐജിയെ ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha