അതീവ സുരക്ഷയോടെ എറണാകുളം കലക്ടറേറ്റിനു സമീപത്തെ ഗവ.പ്രസില്‍ രാത്രിയും പകലും തുടര്‍ച്ചയായി അച്ചടി, ബ്ലോക്ക് പഞ്ചായത്ത് ബാലറ്റിനു പിങ്ക്, ജില്ലാ പഞ്ചായത്ത് ബാലറ്റിനു നീല

കാക്കനാട് കലക്ടറേറ്റിനു സമീപത്തെ ഗവ.പ്രസില്‍ രാത്രിയും പകലും തുടര്‍ച്ചയായി ബാലറ്റ് അച്ചടി നടക്കുകയാണ്. വോട്ടിങ് യന്ത്രത്തില്‍ പതിക്കാനും തപാല്‍ വോട്ടിനുമാണു ബാലറ്റ് അച്ചടിക്കുന്നത്. 170 ജീവനക്കാര്‍ അധിക ജോലി ചെയ്താണു ബാലറ്റ് തയാറാക്കുന്നത്. ഗവ.പ്രസില്‍ സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇന്നലത്തെ പൊതു പണിമുടക്കു ഗവ.പ്രസിനെ ബാധിച്ചില്ല.
ഓണ്‍ലൈനിലൂടെ വരണാധികാരിമാര്‍ അച്ചടി ഓര്‍ഡര്‍ നല്‍കിയത് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപമായ 23-ന് രാത്രിയാണ്. വരണാധികാരിമാര്‍ പ്രൂഫ് നോക്കിയ ശേഷമാണ് ബാലറ്റ് അച്ചടിക്കുന്നത്. എറണാകുളം, തൃശൂര്‍ ജില്ലകളിലെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ബാലറ്റുകളാണ് ഇവിടെ തയാറാക്കുന്നത്.
ഗ്രാമ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമുള്ള ബാലറ്റ് പേപ്പര്‍ വെളുത്ത നിറത്തിലാണ്. ബ്ലോക്ക് പഞ്ചായത്ത് ബാലറ്റിനു പിങ്ക് നിറവും ജില്ലാ പഞ്ചായത്ത് ബാലറ്റിനു നീല നിറവുമാണ്. നഗരസഭ ബൂത്തുകളിലേക്ക് 70 ബാലറ്റും ഗ്രാമ പഞ്ചായത്ത് ബൂത്തുകളിലേക്ക് 50 ബാലറ്റുകളുമാണ് അച്ചടിക്കുന്നത്. ഡിസംബര്‍ 2-ന് അച്ചടി പൂര്‍ത്തിയാകുമെന്നു ഗവ.പ്രസ് ഡപ്യൂട്ടി സൂപ്രണ്ട് ആര്‍.രശ്മി പറഞ്ഞു.
അച്ചടിച്ച ബാലറ്റുകള്‍ വരണാധികാരിമാരാണ് ഏറ്റുവാങ്ങുന്നത്. വോട്ടിങ് യന്ത്രത്തില്‍ ബാലറ്റുകള്‍ പതിക്കുന്ന നടപടി ഡിസംബര്‍ ആദ്യമാണ്. സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സാന്നിധ്യത്തിലാകും യന്ത്രത്തില്‍ ബാലറ്റ് പതിക്കുക.
ബാലറ്റു പതിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലെ വിദഗ്ധരെത്തും. വോട്ടെണ്ണാന്‍ നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിലാണു യന്ത്രങ്ങളില്‍ ബാലറ്റ് പതിക്കുന്നത്. അവിടെ തന്നെ സുരക്ഷാ മുറിയില്‍ സൂക്ഷിക്കുന്ന യന്ത്രങ്ങള്‍ വോട്ടെടുപ്പിനു തലേന്നാള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കു കൈമാറും. ഓരോ ബൂത്തിലേക്കും രണ്ടു വീതം യന്ത്രങ്ങള്‍ സജ്ജമാക്കും. ഒന്നു തകരാറിലായാല്‍ പകരം ഉപയോഗിക്കാനാണ് രണ്ടാമത്തെ യന്ത്രം.
https://www.facebook.com/Malayalivartha