വോട്ടഭ്യര്‍ഥിച്ചെത്തിയ വനിതാ സ്ഥാനാര്‍ഥിയെ അസഭ്യം പറഞ്ഞ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

വോട്ടഭ്യര്‍ഥിച്ചെത്തിയ വനിതാ സ്ഥാനാര്‍ഥിയെ അസഭ്യം പറയുകയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന് ഇരവിപുരം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട മുള്ളുവിള ഹരിശ്രീ നഗര്‍ വാറുതുണ്ടില്‍ വീട്ടില്‍ ബൈജു (42) അറസ്റ്റിലായി. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാളെ ഇരവിപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.
സ്ഥാനാര്‍ഥിക്കൊപ്പം രണ്ടു വനിതാ പ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 22 നു രാവിലെ 11-നാണു സംഭവം. സ്ഥാനാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന് ഇരവിപുരം ഇന്‍സ്‌പെക്ടര്‍ കെ.വിനോദിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഇയാള്‍ കൊച്ചു കൂനമ്പായിക്കുളത്തുള്ളതായി വിവരം ലഭിച്ചു. പൊലീസ് പ്രദേശം വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡിറ്റന്‍ഷന്‍ സെന്ററില്‍ പ്രതിയെ എത്തിച്ചപ്പോള്‍ അവിടെയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിന്റെ പേരിലും പൊലീസ് കേസെടുത്തു. ഏതാനും ദിവസം മുന്‍പു ജയിലില്‍നിന്നു പുറത്തിറങ്ങിയ ബൈജു കൂനമ്പായിക്കുളം ഭാഗത്ത് ആയുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ഇരവിപുരം എസ്‌ഐമാരായ എ.പി.അനീഷ്, ബിനോദ് കുമാര്‍, നിത്യാ സത്യന്‍, അഭിജിത്ത്, എഎസ്‌ഐമാരായ ജയപ്രകാശ്, ഷാജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
സാധാരണയായി ഇയാളുടെ ഭീഷണി മൂലം ആരും പരാതി നല്‍കിയിരുന്നില്ല. പാലത്തറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കഴിഞ്ഞ 20-ന് എത്തി ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്‌തെന്ന കേസും കൂനമ്പായിക്കുളത്ത്് റിട്ട.ഇഎസ്‌ഐ ജീവനക്കാരന്റെ പണം തട്ടിയെടുക്കുകയും അടുത്തുള്ള കടക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസും ഇയാള്‍ക്കെതിരെയുണ്ട്.
https://www.facebook.com/Malayalivartha